Kerala
കോട്ടയം മെഡിക്കല്‍ കോളജില്‍ വെള്ളമില്ല: മൂന്നാം ദിവസവും ശസ്ത്രക്രിയകൾ മുടങ്ങി
ശസ്ത്രക്രിയക്കു ശേഷം കൈകഴുകാന്‍ പോലും വെള്ളമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ഗാന്ധിനഗര്‍| കോട്ടയം മെഡിക്കല്‍ കോളജില്‍ വെള്ളം ഇല്ലാത്തതിനെ തുടര്‍ന്ന് തുടര്‍ച്ചയായി മൂന്നാം ദിവസവും ശസ്ത്രക്രിയകള്‍ മുടങ്ങി. പുതിയ ജനറല്‍ സര്‍ജറി വിഭാഗത്തിലാണ് വെള്ളമില്ലതത്ത്.തിങ്കളാഴ്ച വൈകിട്ട് മോട്ടോറിന്റെ തകരാര്‍ പരിഹരിച്ച് വെള്ളം പമ്പുചെയ്യാന്‍ തുടങ്ങിയെങ്കിലും ചൊവ്വാഴ്ച രാവിലെ മുതല്‍ വീണ്ടും മോട്ടോറും അനുബന്ധ സാമഗ്രികളും പണിമുടക്കുകയായിരുന്നു.
വെള്ളമില്ലാത്തതുമൂലം ശസ്ത്രക്രിയകള്‍ മുടങ്ങുകയാണ്. മൂന്ന് ശസ്ത്രക്രിയകള്‍ മാത്രമാണ് ചൊവ്വാഴ്ച നടന്നത്. മറ്റുള്ളതെല്ലാം വെള്ളം ഇല്ലാത്തതിനെ തുടര്‍ന്ന് മാറ്റിവെക്കേണ്ടി വന്നു. ശസ്ത്രക്രിയക്കു ശേഷം കൈകഴുകാന്‍ പോലും വെള്ളമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.
സാധാരണ ദിവസങ്ങളില്‍ വിവിധ വിഭാഗങ്ങളിലായി 30 മുതല്‍ 40 വരെ ശസ്ത്രക്രിയകളാണ് ഇവിടെ നടക്കാറുള്ളത്. കേടായ മോട്ടോര്‍ നന്നാക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന 24 ശസ്ത്രക്രിയകള്‍ക്ക് പുതിയ തീയതി നിശ്ചയിച്ചുനല്കും. വെള്ളം എത്തുന്ന മുറക്ക് ശസ്ത്രക്രിയകള്‍ നടത്തുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.




