Connect with us

Editors Pick

മെറ്റയുടെ സ്മാർട്ട് ഗ്ലാസുകൾ ചാരക്കണ്ണുകളോ? ഫേഷ്യൽ റെക്കഗ്നിഷൻ സ്മാർട്ട് ഗ്ലാസുകൾക്കെതിരെ പ്രതിഷേധം ശക്തം

മെറ്റയ്ക്ക് മുന്നറിയിപ്പുമായി മനുഷ്യാവകാശ സംഘടനകൾ

Published

|

Last Updated

കാലിഫോർണിയ | മെറ്റയുടെ പുതിയ സ്മാർട്ട് ഗ്ലാസുകളിൽ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ ആഗോളതലത്തിൽ പ്രതിഷേധം ശക്തമാകുന്നു. മെറ്റയുടെ റേ ബാൻ, ഓക്ലി സ്മാർട്ട് ഗ്ലാസുകളിൽ വരാനിരിക്കുന്ന ഈ ഫീച്ചർ വ്യക്തികളുടെ സ്വകാര്യതയെ സാരമായി ബാധിക്കുമെന്നും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും എഴുപതിലധികം മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകി.

നെയിം ടാഗ് എന്ന് ആന്തരികമായി വിളിക്കപ്പെടുന്ന ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരാളുടെ മുഖം സ്‌കാൻ ചെയ്യുന്നതിലൂടെ തത്സമയം അവരുടെ വിവരങ്ങൾ തിരിച്ചറിയാൻ സാധിക്കും. ഇത് വഴി തെരുവിലോ പൊതുസ്ഥലങ്ങളിലോ നിൽക്കുന്ന അപരിചിതരുടെ വിവരങ്ങൾ അവരുടെ അനുവാദമില്ലാതെ ശേഖരിക്കാൻ ഗ്ലാസ് ധരിക്കുന്നവർക്ക് സാധിക്കുമെന്ന് എ സി എൽ യു, ഇ പി ഐ സി തുടങ്ങിയ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സാങ്കേതികവിദ്യകൾ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ വർധിപ്പിക്കാനും സ്റ്റാക്കിംഗ് പോലുള്ള കുറ്റകൃത്യങ്ങൾ എളുപ്പമാക്കാനും കാരണമാകുമെന്ന് ഇവർ മെറ്റ സി ഇ ഒ മാർക്ക് സക്കർബർഗിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു.

ആരാധനാലയങ്ങൾ, ആശുപത്രികൾ, പ്രതിഷേധ സ്ഥലങ്ങൾ തുടങ്ങിയ സുരക്ഷിതമായിരിക്കേണ്ട ഇടങ്ങളിൽ പോലും ആളുകളുടെ സ്വകാര്യത ഇല്ലാതാക്കാൻ ഇത് കാരണമാകും. ഈ ഫീച്ചറിൽ നിന്ന് വിട്ടുനിൽക്കാൻ ആളുകൾക്ക് പ്രായോഗികമായി സാധിക്കില്ല എന്നതും ആശങ്ക വർധിപ്പിക്കുന്നു. സ്മാർട്ട് ഗ്ലാസുകൾ ദുരുപയോഗം ചെയ്യപ്പെട്ട സംഭവങ്ങളെക്കുറിച്ചും ഐ സി ഇ പോലുള്ള ഏജൻസികളുമായി മെറ്റയ്ക്കുള്ള ചർച്ചകളെക്കുറിച്ചും സുതാര്യത വേണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.

സ്വകാര്യതാ ലംഘനങ്ങളെത്തുടർന്ന് 2021ൽ ഫേസ്ബുക്കിലെ ഫേഷ്യൽ ടാഗിംഗ് സംവിധാനം മെറ്റ നിർത്തലാക്കിയിരുന്നു. നിലവിൽ എഫ് ടി സി ഉൾപ്പെടെയുള്ള റെഗുലേറ്ററി ഏജൻസികളോട് ഈ പുതിയ നീക്കം തടയാൻ മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ മെറ്റ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Summary

A coalition of over 70 advocacy groups has warned Meta that its upcoming facial recognition feature for smart glasses could be a dangerous tool for stalkers and abusers. The technology, reportedly called “Name Tag,” would allow users to identify strangers in real-time without consent. Critics are urging the company to abandon the project to protect public privacy and safety.

Latest