From the print
റഷ്യയുമായി സഹകരണം; ഇന്ത്യയെ ഉപരോധത്തിലാക്കാന്‍ ഇ യു
യൂറോപ്യന്‍ യൂനിയന്‍ നീക്കം ഇന്ത്യന്‍ ആയുധ നിര്‍മാതാക്കളുടെ കയറ്റുമതി വരുമാനത്തെ ബാധിച്ചേക്കാം
ന്യൂഡല്‍ഹി/ ബ്രസല്‍സ് | റഷ്യക്കെതിരായ ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂനിയന്‍. റഷ്യയുമായി സഹകരിക്കുന്നുവെന്നാരോപിച്ചാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കു മേല്‍ വ്യാപാര വിലക്കിന് ഇ യു തീരുമാനിക്കുന്നത്. യൂറോപ്യന്‍ യൂനിയന്‍ നീക്കം ഇന്ത്യന്‍ ആയുധ നിര്‍മാതാക്കളുടെ കയറ്റുമതി വരുമാനത്തെ ബാധിച്ചേക്കാം.
ഇരട്ട- ഉപയോഗ സാങ്കേതികവിദ്യകള്‍, എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്‌സ് എന്നിവ കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ കയറ്റുമതിക്കാരെയും ഇത് ബാധിക്കും. വ്യാപാര ദിശയില്‍ സമൂല മാറ്റത്തിന് അവര്‍ തയ്യാറാകേണ്ടി വരും. ഉപരോധത്തിന് ഇളവ് തേടി ഇന്ത്യന്‍ അധികൃതരുടെ ഇടപെടല്‍ എത്രമാത്രം ഫലപ്രദമാകുമെന്നതിനെ ആശ്രയിച്ചാകും ഭാവി നീക്കങ്ങള്‍.
ഇ യു വിദേശകാര്യ, സുരക്ഷാ നയങ്ങള്‍ക്കായുള്ള ഉന്നത പ്രതിനിധി കാജ കല്ലാസ് ആണ് പ്രഖ്യാപനം നടത്തിയത്. യുക്രൈനെ ആക്രമിക്കുന്ന റഷ്യയുടെ സാമ്പത്തിക, സൈനിക ഭദ്രത തകര്‍ക്കേണ്ടത് അനിവാര്യമായതിനാലാണ് അവരുമായി സഹകരിക്കുന്നവര്‍ ഉപരോധത്തിന്റെ പരിധിയില്‍ വരുന്നതെന്ന് ഇ യു പ്രതിനിധി പറഞ്ഞു. രണ്ട് വര്‍ഷത്തിനിടെ ഇ യു മുന്നോട്ടുവെക്കുന്ന വലിയ ഉപരോധ പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നത്. അടുത്തയാഴ്ച വിദേശകാര്യ കൗണ്‍സില്‍ അംഗീകരിക്കാനിരിക്കുന്ന 81ലധികം സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവയടക്കം 170ലധികം പുതിയ ഉപരോധ നീക്കങ്ങള്‍ പട്ടികയിലുണ്ട്.
യുദ്ധ സാമഗ്രികള്‍ കയറ്റിയയക്കുന്ന ആഗോള വിതരണ ശൃംഖലകളെയാണ് പ്രധാനമായും പുതിയ ഉപരോധ പാക്കേജിലൂടെ ഇ യു ലക്ഷ്യംവെക്കുന്നത്. ഇന്ത്യ, ചൈന, തുര്‍ക്കിയ, കിര്‍ഗിസ്താന്‍, കസാക്കിസ്താന്‍, യു എ ഇ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളിലായി 50 കമ്പനികള്‍ക്ക് പുതിയ കയറ്റുമതി നിയന്ത്രണ നടപടികള്‍ വിനയാകുമെന്ന് കല്ലാസ് സ്ഥിരീകരിച്ചു. പാശ്ചാത്യ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ റഷ്യ ഉപയോഗിക്കുന്ന സാമ്പത്തിക ശൃംഖലകളെയും ഉപരോധ പാക്കേജ് ലക്ഷ്യം വെക്കുന്നുണ്ട്.
റഷ്യയിലും അവരുമായി സഹകരിക്കുന്ന രാജ്യങ്ങളിലുമുള്ള 30ലധികം ബേങ്കുകളില്‍ ഇ യു ഇടപാട് നിയന്ത്രിക്കും. 11 ക്രിപ്റ്റോ കറന്‍സി പ്ലാറ്റ്ഫോമുകളിലെ ഇടപാടുകള്‍ നിരോധിക്കുകയും ഉപരോധം മറികടക്കുന്നത് തടയുന്നതിന് ക്രിപ്റ്റോ- അസ്സറ്റ് സേവനങ്ങളിലെ നിയമങ്ങള്‍ കര്‍ശനമാക്കുകയും ചെയ്യും. പെട്രോ വ്യാപാര ലാഭം മരവിപ്പിക്കുകയും വിവിധ രാജ്യങ്ങളുടെ ഫ്ലാഗില്‍ ക്രൂഡ് കപ്പലുകള്‍ ഓപറേറ്റ് ചെയ്യുന്ന “ഷാഡോ ഫ്ലീറ്റ്’ തകര്‍ക്കുകയും ചെയ്യും. റഷ്യന്‍ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ഇടപാട് നിരോധനം ഏര്‍പ്പെടുത്തും.
റഷ്യന്‍ സായുധ സേനയിലെ നിലവിലുള്ളതും വിരമിച്ചവരുമായ ഉദ്യോഗസ്ഥര്‍ യൂറോപ്യന്‍ പ്രദേശത്തേക്ക് പ്രവേശിക്കുന്നത് കര്‍ശനമായി വിലക്കുമെന്നും ഇ യു പ്രഖ്യാപിച്ചു. ഇ യുവുമായി ഇന്ത്യ നേരത്തേയുണ്ടാക്കിയ വ്യാപാര കരാറുകള്‍ക്ക് കടകവിരുദ്ധമാണ് ഇപ്പോള്‍ നടപ്പാക്കുന്ന ഉപരോധം. റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമ്പോഴും റഷ്യയുമായി വ്യാപാര, സാമ്പത്തിക ബന്ധം തുടരുമെന്നാണ് ഇന്ത്യയുടെ നിലപാട്.







