Connect with us

Kerala

വിവാദ സ്വാമി സന്തോഷ് മാധവന്‍ മരിച്ചു

ഇന്നലെ രാത്രിയാണ് സന്തോഷ് മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

|

Last Updated

കൊച്ചി| വിവാദ സ്വാമി സന്തോഷ് മാധവന്‍ മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സന്തോഷ് മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ 11.05 ഓടെ മരിച്ചു. കട്ടപ്പന സ്വദേശിയാണ് സന്തോഷ് മാധവന്‍.

സ്വാമി ചൈതന്യ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലാകുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തിരുന്നു. 2008ലാണ് സന്തോഷിന്റെ തട്ടിപ്പുകളും ലൈംഗിക പീഡനങ്ങളും പുറംലോകമറിഞ്ഞത്. ദുബായ് ബിസിനസുകാരി സെറഫിന്‍ എഡ്വിന്‍ ആണ് സന്തോഷിനെതിരെ ആദ്യമായി പരാതി നല്‍കിയത്.

2009 മേയ് 20ന് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി സന്തോഷ് മാധവനെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 16 വര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. രണ്ടു കേസുകളിലായി 8 വര്‍ഷം വീതം തടവും 2,10,000 രൂപ പിഴയും ആണ് കോടതി വിധിച്ചത്. സന്തോഷിന്റെ ഫ്ലാറ്റ് പരിശോധിച്ചപ്പോള്‍ കടുവത്തോല്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ വനസംരക്ഷണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. നീണ്ട ജയില്‍വാസത്തിനുശേഷം പുറംലോകവുമായി യാതൊരു ബന്ധമില്ലാതെ കഴിയുകയായിരുന്നു സന്തോഷ് മാധവന്‍.

 

 

Latest