Connect with us

Kerala

സിവിക് ചന്ദ്രന്‍ കേസിലെ വിവാദ പരാമര്‍ശം; ജഡ്ജിയെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി

സെഷന്‍സ് ജഡ്ജ് നല്‍കിയ ഹര്‍ജി സിംഗിള്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു

Published

|

Last Updated

കൊച്ചി | കോഴിക്കോട് സെഷന്‍സ് ജഡ്ജ് എസ് കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി. ലൈംഗിക പീഡനക്കേസിലെ പ്രതി സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരിലാണ് സെഷന്‍സ് ജ്ഡജിയെ സ്ഥലം മാറ്റിയത്. ഇതിനെതിരെ സെഷന്‍സ് ജഡ്ജ് നല്‍കിയ ഹര്‍ജി സിംഗിള്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് എസ് കൃഷ്ണകുമാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

ഹരജി പരിഗണിച്ച ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് മൊഹമ്മദ് നിയാസും അടങ്ങുന്ന ബെഞ്ച് കഴിഞ്ഞയാഴ്ച സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്തു. തുടര്‍ന്ന് ഇരു വിഭാഗത്തിന്റെയും വാദങ്ങള്‍ പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ച് ഇന്ന് സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയത്.കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായ തന്നെ കൊല്ലം ലേബര്‍ കോടതിയിലെ ഡെപ്യൂട്ടേഷന്‍ പോസ്റ്റിലേക്ക് മാറ്റിയത് ചട്ട വിരുദ്ധമാണെന്നായിരുന്നു ജഡ്ജി എസ് കൃഷ്ണകുമാറിന്റെ വാദം.

സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്നായിരുന്നു സെഷന്‍സ് ജഡ്ജിന്റെ വിവാദ പരാര്‍മര്‍ശം. കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ പരാമര്‍ശമുള്ളത്. പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാല്‍ 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഇതിനെതിരെ പീഡനത്തിന് ഇരയായ യുവതി നല്‍കിയ പരാതിയിലാണ് ജഡ്ജ് എസ് കൃഷ്ണകുമാറിനെ കൊല്ലം ലേബര്‍ കോടതിയിലേക്ക് സ്ഥലംമാറ്റിയത്. വിവാദ പരാമര്‍ശം നേരത്തെ ഹൈക്കോടതി ഉത്തരവില്‍ നിന്ന് നീക്കിയിരുന്നു.

 

Latest