Kerala
അറബിക്കടലില്‍ മുങ്ങിയ കപ്പലില്‍ നിന്നുള്ള കണ്ടെയ്‌നറുകള്‍ കൊല്ലം തീരത്ത് അടിഞ്ഞു; ജാഗ്രതാ നിര്‍ദ്ദേശം
സമീപത്തെ വീടുകളില്‍ ഉള്ളവരോട് ബന്ധു വീടുകളിലേക്ക് മാറാന്‍ നിര്‍ദേശം

കൊല്ലം \ അറബിക്കടലില്‍ മുങ്ങിയ ചരക്കുകപ്പലില്‍ നിന്നുള്ള കണ്ടെയ്‌നറുകള്‍ തീരത്തടിഞ്ഞു. കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് ചെറിയഴീക്കല്‍ തീരത്ത് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് ആദ്യ കണ്ടെയ്‌നര്‍ തീരത്തടിഞ്ഞത്. ഇതിന് പിന്നാലെ കൊല്ലം നീണ്ടകര പരിമണ് തീരത്ത് മൂന്ന് കണ്ടെയ്‌നറുകള്‍ കൂടി അടിഞ്ഞു. ശക്തികുളങ്ങര മദാമ്മ തോപ്പില്‍മൂന്ന് കണ്ടെയ്‌നറുകളുമാണ് അടിഞ്ഞത്. നിലവില്‍ എട്ട് കണ്ടെയ്‌നറുകള്‍ തീരമടിഞ്ഞതായി സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. കണ്ടെയ്‌നറുകള്‍ തീരത്തടിഞ്ഞ സാഹചര്യത്തില്‍ സുരക്ഷയുടെ ഭാഗമായി സമീപത്തെ വീടുകളില്‍ ഉള്ളവരോട് ബന്ധു വീടുകളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാത്രി വലിയ ശബ്ദംകേട്ട നാട്ടുകാരാണ് ചെറിയഴീക്കല്‍ സിഎഫ്‌ഐ ഗ്രൗണ്ടിനു സമീപം കടലില്‍ കണ്ടെയ്‌നര്‍ കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കലക്ടര്‍ എന്‍ ദേവിദാസ്, സിറ്റി പോലീസ് കമ്മിഷണര്‍ കിരണ്‍ നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
കേരള തീരത്ത് തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്ന് ഏകദേശം 27 കിലോമീറ്റര്‍ അകലെയാണ് കപ്പല്‍ മുങ്ങിയത്. കപ്പലിലെ കണ്‍ടെയ്നറിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലെ തീരങ്ങളില്‍ എത്താനാണ് സാധ്യത എന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് ഉണ്ടായിരുന്നു.കപ്പലില്‍ ഏകദേശം 640 കണ്ടെയ്നറുകള്‍ ആണ് ഉണ്ടായിരുന്നത്.
ശക്തമായ തിരയടിക്കുന്നതിനാല്‍ കൂടുതല്‍ പരിശോധന നടത്താന്‍ കഴിഞ്ഞിട്ടില്ല.