Connect with us

Siraj Article

ഇനിയും കെട്ടടങ്ങാത്ത ആശങ്കകള്‍

അമേരിക്കന്‍ വ്യക്തിത്വവും സൗഹൃദവും കഴിഞ്ഞ 20 വര്‍ഷത്തിനിടെ പുനര്‍നിര്‍വചിക്കപ്പെട്ടു. ആഭ്യന്തര സുരക്ഷയിലെ ശ്രദ്ധക്കൊപ്പം കാലാവസ്ഥാ വ്യതിയാനം, അമേരിക്കന്‍ സമൂഹത്തെ പ്രതികൂലമായി ബാധിച്ച സംഘടിത വംശീയത, ആരോഗ്യ പ്രശ്നങ്ങള്‍ മുതലായ മര്‍മപ്രധാന മേഖലകളില്‍ ശ്രദ്ധ പതിപ്പിക്കാന്‍ സാധിച്ചില്ല. കൊവിഡ് മഹാമാരിയെ കൈകാര്യം ചെയ്തത് സമൂഹത്തില്‍ ആഴത്തിലുള്ള അഭിപ്രായ വ്യത്യാസം തുറന്നുകാട്ടുന്നതായിരുന്നു. മാത്രമല്ല, രാജ്യത്ത് അതൊരു ദുരന്തമാകുകയും ചെയ്തു. 9/11 കാരണമായുള്ള അമേരിക്കന്‍ വിദേശ നയം ബഹുസ്വരത, ആഗോളവത്കരണം, സഖ്യകക്ഷികളുമായുള്ള ബന്ധം തുടങ്ങിയവയില്‍ അവിശ്വാസത്തിലേക്ക് നയിച്ചു

Published

|

Last Updated

‘ആകാശത്തു നിന്ന് രണ്ട് ഉരുക്കുപക്ഷികള്‍ നഗരത്തിന് മീതെ പതിക്കും / 45 ഡിഗ്രി ഉയരത്തില്‍ ആകാശം കത്തിയെരിയും / പുതിയ വമ്പന്‍ നഗരത്തിലേക്ക് അഗ്‌നിയെത്തും/ വളരെ പെട്ടെന്ന് വലിയ ഒരു തീനാളം ചിതറിത്തെറിച്ച് കുതിച്ചെത്തും / മാസങ്ങള്‍ക്കുള്ളില്‍ പുഴകളില്‍ ചോരയൊഴുകും’

2001 സെപ്തംബര്‍ 11ന് രാവിലെ എട്ടേമുക്കാലിന് ന്യൂയോര്‍ക്ക് നഗരത്തിലുണ്ടാകുന്ന സംഭവങ്ങളെ സംബന്ധിച്ച് 16ാം നൂറ്റാണ്ടിലെ ഫ്രഞ്ച് എഴുത്തുകാരന്‍ നൊസ്ത്രാഡമസ് പ്രവചിച്ചത് ഇങ്ങനെയാണ്. അദ്ദേഹം ഉപയോഗിച്ച ഭാഷക്ക് വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ക്ക് സാധ്യതയുണ്ടായിരുന്നെങ്കിലും പ്രവചനത്തിലെ കൃത്യത ലോകത്തെ അത്ഭുത പരിതന്ത്രരാക്കി. 20 വര്‍ഷം പിന്നിട്ടെങ്കിലും, ലോകത്തെ പിടിച്ചുകുലുക്കിയ ഈ അസാധാരണ സംഭവത്തെ ഇത്ര കൃത്യമായി പ്രവചിച്ചത് എങ്ങനെയാണെന്ന് 2001 സെപ്തംബര്‍ 11ന് ജീവിച്ചിരുന്ന ആര്‍ക്കും ഓര്‍ക്കാന്‍ സാധിക്കും. തീവ്രവാദ സംഘടനയായ അല്‍ ഖാഇദയുമായി ബന്ധമുണ്ടായിരുന്ന 19 ഭീകരര്‍ ബോക്‌സ് കട്ടറുകളും കത്തികളും ഫോര്‍ക്കുകളും ഉപയോഗിച്ച് നാല് വിമാനങ്ങള്‍ റാഞ്ചുകയും അമേരിക്കയിലെ ലക്ഷ്യ കേന്ദ്രങ്ങളില്‍ ചാവേര്‍ ആക്രമണം നടത്തുകയുമായിരുന്നു. തട്ടിയെടുത്തവയില്‍ രണ്ട് വിമാനങ്ങള്‍ ന്യൂയോര്‍ക്ക് നഗരത്തിലെ ലോക വ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ടവറുകളിലേക്കാണ് പറത്തിയത്. മൂന്നാമത്തെ വിമാനം വാഷിംഗ്ടണ്‍ ഡിസിക്ക് തൊട്ടുപുറത്തുള്ള പെന്റഗണിലേക്ക് ഇടിച്ചുകയറ്റി. നാലാം വിമാനം പെന്‍സില്‍വാനിയയിലെ ഷങ്ക്‌സ്വില്ലെയിലെ പാടത്ത് തകര്‍ന്നുവീണു. യാത്രക്കാരില്‍ ചിലരും വിമാന റാഞ്ചികളും തമ്മില്‍ പ്രശ്‌നമുണ്ടായതിനെ തുടര്‍ന്നായിരുന്നു ഇത്. 9/11 ഭീകരാക്രമണത്തില്‍ ഏകദേശം 3,000 പേരാണ് കൊല്ലപ്പെട്ടത്. അമേരിക്കയുടെ ഭീകരവിരുദ്ധ പോരാട്ട നടപടികള്‍ക്ക് ഇത് തുടക്കമിടുകയും ജോര്‍ജ് ഡബ്ല്യു ബുഷ്, ബരാക് ഒബാമ, ഡൊണാള്‍ഡ് ട്രംപ്, ജോ ബൈഡന്‍ തുടങ്ങിയവരുടെ പ്രസിഡന്റ് പദങ്ങളെ നിര്‍ണയിക്കുകയും ചെയ്തു.

നിറയെ ഇന്ധനവുമായി നാല് യാത്രാ വിമാനങ്ങള്‍ ന്യൂയോര്‍ക്ക് നഗരത്തിന് മീതെ എങ്ങനെ നാശംവിതച്ച മിസൈലുകളായെന്ന വാര്‍ത്ത പുറത്തുവരുമ്പോള്‍, വിയന്നയില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണര്‍മാരുടെ യോഗം നടക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് യോഗം നീട്ടിവെക്കുകയാണെന്ന് അധ്യക്ഷന്‍ പ്രഖ്യാപിച്ചെങ്കിലും ഒന്നും സംഭവിച്ചിട്ടില്ലെന്നും യോഗം തുടരാമെന്നും അതീവ ആത്മവിശ്വാസം പ്രകടിപ്പിച്ച് അമേരിക്കന്‍ അംബാസഡര്‍ അഭ്യര്‍ഥിച്ചു. എന്നാല്‍, അന്ന് രാവിലെയുണ്ടായ ലോകത്തെ മാറ്റിമറിക്കുന്ന സംഭവവികാസത്തെ തുടര്‍ന്ന് ഏതാനും നിമിഷങ്ങള്‍ക്കകം ഹാള്‍ ശൂന്യമായി. ലോകം മാറിമറിഞ്ഞതായി ഞങ്ങള്‍ കരുതി.

അഫ്ഗാനിസ്ഥാനിലെ ഭീകരര്‍ക്കെതിരെ അമേരിക്കന്‍ സൈന്യത്തിന്റെ വിജയാഘോഷ വേള എന്നതിന് പകരം, അമേരിക്കന്‍ സൈന്യത്തിന്റെ ലജ്ജാകരമായ പിന്മാറ്റവും താലിബാനെ പ്രതിരോധിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന അഫ്ഗാന്‍ സൈന്യത്തിന്റെ കീഴടങ്ങലും പ്രസിഡന്റ് അശ്‌റഫ് ഗനി രാജ്യം വിട്ടതുമെല്ലാമാണ് 9/11ന്റെ ഇരുപതാം വാര്‍ഷികത്തിലെ വൈരുധ്യം. തങ്ങളുടെ പിന്മാറ്റം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച് അമേരിക്കയുടെ കണക്കുകൂട്ടലുകള്‍ തെറ്റിയത് 9/11ന്റെ ഓര്‍മയുടെ എരിവ് കൂട്ടുന്നു. അമേരിക്കയിലുടനീളം മഹാമാരിയും പ്രകൃതി ദുരന്തങ്ങളും വ്യാപകമായ സ്ഥിതിവിശേഷം കൂടി പശ്ചാത്തലത്തിലുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രവര്‍ത്തനങ്ങളുടെ പരാജയം കൂടിയാണ് ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയും ബൈഡന്‍ ഭരണകൂടവും 9/11ന്റെ യാതന ഒരിക്കല്‍ കൂടി വിമുക്തമാക്കിയിരിക്കുന്നു.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ വലിയ ഭീകരാക്രമണങ്ങള്‍ രാജ്യത്ത് നടന്നില്ല എന്നത് മാത്രമാണ് അമേരിക്കക്ക് ആശ്വസിക്കാനുള്ള വക. ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളും വിമാനത്താവളങ്ങളിലെ സമഗ്ര സുരക്ഷയുമാണ് ഈ നേട്ടത്തില്‍ നിര്‍ണായകമായത്. മാത്രമല്ല, സംശയാസ്പദ സംഭവങ്ങളില്‍ അധികൃതര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കി പൊതുജനങ്ങളും പങ്കാളികളായി. അങ്ങനെ, തീവ്രവാദ ആക്രമണങ്ങള്‍ക്കെതിരെ ദേശസുരക്ഷ ഉറപ്പാക്കപ്പെട്ടു.

പ്രതിരോധം, അണുവായുധങ്ങളുടെ കാര്യക്ഷമത, ഭൗമരാഷ്ട്രീയം എന്നിവയുടെ സിദ്ധാന്തങ്ങള്‍ 9/11 മാറ്റിമറിക്കുമെന്ന് 20 വര്‍ഷം മുമ്പ് പ്രവചിക്കപ്പെട്ടിരുന്നു. ഫലസ്തീന്‍ പ്രശ്‌നവും പരിഹരിക്കപ്പെടുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. എന്നാല്‍, മര്‍ക്കടമുഷ്ടിയുള്ള ജന്തുവിഭാഗം തന്നെയായി മനുഷ്യര്‍ തുടര്‍ന്നു. നല്ല തീവ്രവാദം, ചീത്ത തീവ്രവാദം എന്നിങ്ങനെയുള്ള പഴയ ധാരണ കാരണം തീവ്രവാദത്തിനെതിരെ സമഗ്രമായ ഉടമ്പടി പോലും അംഗീകരിക്കപ്പെട്ടില്ല. മനുഷ്യ നികൃഷ്ടതക്കും ഭീകരവാദത്തിനുമെതിരെ ആണവ പ്രതിരോധത്തിന്റെ നിഷ്ഫലത 9/11 തുറന്നുകാണിച്ചെങ്കിലും ലോകത്ത് അണുവായുധങ്ങള്‍ കുറഞ്ഞില്ല. പ്രസിഡന്റ് ആയിരിക്കെ ഒബാമ മുന്‍കൈയെടുത്ത ആണവ നിര്‍വ്യാപന പദ്ധതിയും ആഗോളതലത്തില്‍ തന്നെ അണുവായുധങ്ങള്‍ തീരെ ഇല്ലാതാക്കുകയെന്ന പദ്ധതിയും ഒരു ഫലവുമുണ്ടാക്കിയില്ല. ജറൂസലം വിഷയത്തില്‍ കര്‍ക്കശമായ അമേരിക്കന്‍ നയവും അനുബന്ധ ഘടകങ്ങളും കാരണം അറബ്- ഇസ്‌റാഈലി സംഘര്‍ഷം ശമിച്ചില്ല. പ്രധാന അറബ് രാജ്യങ്ങളുമായി ഇസ്‌റാഈലിന്റെ ബന്ധത്തില്‍ മാറ്റം വന്നെങ്കിലും, മൗലികമായ മാറ്റമുണ്ടായില്ലെന്ന് ഗസ്സയിലെ നിരന്തര ആക്രമണം കാണിച്ചുതന്നു. 9/11ന് ശേഷം ഇക്കാര്യത്തില്‍ മാറ്റമുണ്ടാകുമെന്ന് കരുതിയിരുന്നു.

അപായങ്ങള്‍ സംബന്ധിച്ച് അമേരിക്കക്ക് ബോധ്യമുണ്ടായി എന്നതാണ് 9/11ന്റെ പ്രധാന ഫലം. അതിന് മുമ്പ് അല്‍ ഖാഇദയെയോ ഉസാമ ബിന്‍ ലാദനെയോ ഐ എസിനെയോ സംബന്ധിച്ച് അമേരിക്കക്കാര്‍ക്ക് അറിയില്ലായിരുന്നു. അപകടങ്ങളെ അതിന്റെ ഉറവിടത്തില്‍ തന്നെ നേരിടാന്‍ വിദേശത്ത് യുദ്ധത്തിന് പോകുകയെന്നത് അമേരിക്കക്ക് അത്യാവശ്യമായി തീര്‍ന്നു എന്നതാണ് അത്തരം ബോധ്യത്തിന്റെ ഒരു അനന്തരഫലം. താലിബാന്‍ സര്‍ക്കാറിനെ പുറത്താക്കിയിട്ടും ഉസാമ ബിന്‍ ലാദനെ കണ്ടെത്തി വധിച്ചിട്ടും അഫ്ഗാനില്‍ ഭീകരവാദത്തിനെതിരായ യുദ്ധം അവസാനിച്ചില്ല. ഇറാഖിലെ അധിനിവേശവും സദ്ദാം ഹുസൈനെ കൊന്നതും അമേരിക്ക നേരിട്ട ആക്രമിക്കപ്പെടുമെന്ന മറ്റൊരു തോന്നലില്‍ നിന്ന് ആവിര്‍ഭവിച്ചതായിരുന്നു. സാമ്പത്തിക, സൈനിക ശക്തി അടിസ്ഥാനമാക്കിയുള്ള അമേരിക്കയുടെ സുരക്ഷാ ബോധത്തിന് കഴിഞ്ഞ 20 വര്‍ഷത്തിനിടെ വലിയ തിരിച്ചടി നേരിട്ടു.

ട്രംപ് ഭരണകൂട സമയത്തെ കുടിയേറ്റ, നാടുകടത്തല്‍ നയങ്ങളും മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനുള്ള ആശയവും അമേരിക്കയുടെ പുതിയ ഭയ മാനസികാവസ്ഥയുടെ ഫലമായിരുന്നു. ചില ഇസ്ലാമിക രാഷ്ട്രങ്ങളിലുള്ളവര്‍ക്ക് യാത്രാ നിരോധനവും എച്ച്1 വിസക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയത് പുതിയ മാനസികാവസ്ഥയുടെ പ്രകടനങ്ങളായിരുന്നു. ലിബര്‍ട്ടി പ്രതിമ പ്രതിനിധാനം ചെയ്യുന്ന കുടിയേറ്റ സൗഹൃദ രാജ്യമെന്ന വിശേഷണം അമേരിക്ക കളഞ്ഞുകുളിച്ചു. അഭയാര്‍ഥി വിഷയങ്ങള്‍ യൂറോപ്പിലെ അമേരിക്കന്‍ സഖ്യങ്ങളില്‍ പൊട്ടിത്തെറിയുണ്ടാക്കി. ബ്രെക്‌സിറ്റിന് അമേരിക്കന്‍ പിന്തുണ പുതിയ പ്രതിഭാസവുമായി ബന്ധപ്പെട്ടതായിരുന്നു. വ്യോമ ഗതാഗതം സുരക്ഷിതമായെങ്കിലും കര്‍ശന നിരീക്ഷണം അമേരിക്കയിലേക്കുള്ള യാത്ര ദുര്‍ഘടവും സന്തോഷപ്രദമല്ലാത്തതുമാക്കി.

അമേരിക്കന്‍ വ്യക്തിത്വവും സൗഹൃദവും കഴിഞ്ഞ 20 വര്‍ഷത്തിനിടെ പുനര്‍നിര്‍വചിക്കപ്പെട്ടു. ആഭ്യന്തര സുരക്ഷയിലെ ശ്രദ്ധക്കൊപ്പം കാലാവസ്ഥാ വ്യതിയാനം, അമേരിക്കന്‍ സമൂഹത്തെ പ്രതികൂലമായി ബാധിച്ച സംഘടിത വംശീയത, ആരോഗ്യ പ്രശ്‌നങ്ങള്‍ മുതലായ മര്‍മപ്രധാന മേഖലകളില്‍ ശ്രദ്ധ പതിപ്പിക്കാന്‍ സാധിച്ചില്ല. കൊവിഡ് മഹാമാരിയെ കൈകാര്യം ചെയ്തത് സമൂഹത്തില്‍ ആഴത്തിലുള്ള അഭിപ്രായ വ്യത്യാസം തുറന്നുകാട്ടുന്നതായിരുന്നു. മാത്രമല്ല, രാജ്യത്ത് അതൊരു ദുരന്തമാകുകയും ചെയ്തു.

9/11 കാരണമായുള്ള അമേരിക്കന്‍ വിദേശ നയം ബഹുസ്വരത, ആഗോളവത്കരണം, സഖ്യകക്ഷികളുമായുള്ള ബന്ധം തുടങ്ങിയവയില്‍ അവിശ്വാസത്തിലേക്ക് നയിച്ചു. ‘അമേരിക്ക ഫസ്റ്റ്’ എന്ന പ്രസിഡന്റ് കാലത്തെ ട്രംപിന്റെ നയവും ലോകവുമായുള്ള അദ്ദേഹത്തിന്റെ സമ്പര്‍ക്കം കുറഞ്ഞതും ആഗോള നേതൃത്വത്തില്‍ ശൂന്യതയുണ്ടാക്കുമെന്ന തോന്നലുണ്ടാക്കി. ആ നേതൃത്വത്തിലേക്ക് വരാന്‍ ചൈന ശ്രമിക്കുമ്പോള്‍ പ്രത്യേകിച്ചും. പ്രസിഡന്റ് ജോ ബൈഡന്റെ തെറ്റുതിരുത്തല്‍ നടപടികള്‍ ഇനിയും ശരിയായ ട്രാക്കിലേക്കെത്തിയിട്ടില്ല. ശരിയായ അധികാര കൈമാറ്റം ഉറപ്പുവരുത്താതെ അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറാനുള്ള അദ്ദേഹത്തിന്റെ തീരുമാനം, 2001ല്‍ ഉള്ളതിനേക്കാള്‍ വലിയ പിന്തുണയോടെ താലിബാന്റെ തിരിച്ചുവരവിലേക്ക് നയിക്കുകയും 9/11ന്റെ ഇരുപതാം വാര്‍ഷികത്തില്‍ എരിവ് കൂട്ടുകയും ചെയ്തു. അഫ്ഗാനിലെ യു എസ് സാന്നിധ്യം താരതമ്യേന അവിടെ സമാധാനം നിലനിര്‍ത്തുകയും ലോകത്തെ മറ്റിടങ്ങളില്‍ തീവ്രവാദ ഭീഷണി കുറക്കുകയും ചെയ്തിരുന്നു. വ്യോമതാവളം താലിബാന് അടിയറവ് വെക്കുന്നതിന് മുമ്പ്, കഴിഞ്ഞ 20 വര്‍ഷത്തിനിടെ കാബൂളില്‍ എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ രൂപവത്കരിക്കാനും അമേരിക്കന്‍ പൗരന്മാരെയും മറ്റ് സൗഹൃദ രാജ്യങ്ങളിലെ ജനങ്ങളെയും ഒഴിപ്പിക്കലിനും നേതൃത്വം നല്‍കിയിരുന്നെങ്കില്‍, ഈ ഇരുപതാം വാര്‍ഷികത്തില്‍ ആഘോഷിക്കാന്‍ എന്തെങ്കിലുമുണ്ടാകുമായിരുന്നു. പക്ഷേ ദുഃഖകരമെന്ന് പറയട്ടെ, ഏക സൂപ്പര്‍ പവറിന്റെ ആക്രമിക്കപ്പെടുമെന്ന ഭയത്തിന്റെയും ബോംബിംഗിന്റെയും ഒപ്പം അഭിമുഖീകരിക്കുന്ന, അധൈര്യപ്പെടുത്തുന്ന വെല്ലുവിളികളുടെയും കയ്‌പേറിയ അനുഭവമാണ് ഈ വേള.

ഇന്ത്യയുടെ മുന്‍ അംബാസഡറാണ് ലേഖകന്‍