Kerala
വാവരെ തീവ്രവാദിയായി ചിത്രീകരിച്ചതായി പരാതി; ശാന്താനന്ദ മഹര്‍ഷിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ്
പന്തളത്ത് ഹൈന്ദവ സംഘടനകള്‍ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിലായിരുന്നു വാവര്‍ തീവ്രവാദിയാണെന്നും മുസ്‌ലിം ആക്രമണകാരിയാണെന്നും ശാന്താനന്ദ മഹര്‍ഷി പറഞ്ഞത്.

പത്തനംതിട്ട | വാവരെ തീവ്രവാദിയും മുസ്‌ലിം അക്രമകാരിയുമായി ചിത്രീകരിച്ചെന്ന പരാതിയില്‍ ശ്രീരാമദാസ മിഷന്‍ അധ്യക്ഷന്‍ ശാന്താനന്ദ മഹര്‍ഷിക്കെതിരെ കേസ്. പന്തളം പോലീസാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് ഹൈന്ദവ സംഘടനകള്‍ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിലായിരുന്നു വാവര്‍ തീവ്രവാദിയാണെന്നും മുസ്‌ലിം ആക്രമണകാരിയാണെന്നും ശാന്താനന്ദ മഹര്‍ഷി പറഞ്ഞത്. ശാന്താനന്ദയുടെ പ്രസംഗം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് മാധ്യമ വക്താവ് വി ആര്‍ അനൂപ്, പന്തളം കൊട്ടാരം കുടുംബാംഗം പ്രദീപ് വര്‍മ എന്നിവരാണ് പരാതി നല്‍കിയത്.
അയ്യപ്പനെ തോല്‍പ്പിക്കാന്‍ എത്തിയതാണ് വാവരെന്നും വാവരുടെ ചരിത്രം തെറ്റാണെന്നും ശാന്താനന്ദ പറഞ്ഞു. വാപുരന്‍ എന്നത് ഇല്ലാ പോലും. 25-30 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ശബരിമലയില്‍ വെച്ചിരിക്കുന്നത് വാവരെയാണ്. വാവര്‍ക്ക് ശബരിമലയുമായും അയ്യപ്പനുമായും പുലബന്ധം പോലും ഇല്ല. ആ വാവര്‍ മുസ്ലിം ആക്രമണകാരിയാണ്. അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തില്‍ തോല്‍പ്പിക്കാന്‍ വന്ന തീവ്രവാദിയാണ്. അയാള്‍ പൂജ്യനല്ല. പൂജിക്കപ്പെടേണ്ടത് വാപുരനാണ്’-ശാന്താനന്ദ പറഞ്ഞു.
വാപുരന്‍ അഥവാ ശിവന്റെ ഭൂതം എന്നതാണ് ശരി. ഭക്തര്‍ക്ക് വാപുര സ്വാമിയുടെ നടയില്‍ തേങ്ങയടിച്ച് അയ്യപ്പനെ ദര്‍ശിക്കാനുള്ള അവസരം ഉണ്ടാക്കണം. അതിന് വേണ്ടിയാണ് എരുമേലിയില്‍ വാപുര സ്വാമി ക്ഷേത്രം ഉയരുന്നതെന്നും ശാന്താനന്ദ കൂട്ടിച്ചേര്‍ത്തു.