Connect with us

war and racism

യൂറോപ്പിന് നിറമാണ് പ്രശ്നം

മരണങ്ങളെയും ദുരന്തങ്ങളെയും പലായനങ്ങളെയും അധിനിവേശത്തെയും നിരുപാധികം അപലപിക്കാൻ യൂറോപ്പിന് സാധിക്കുന്നില്ല. പഴയ കൊളോണിയൽ യുക്തിയിൽ നിന്ന് ഒരു ഇഞ്ചും മുന്നോട്ടുപോകാൻ ഇവർക്കായിട്ടില്ല.

Published

|

Last Updated

ത് ഞെട്ടിക്കുന്ന സംഭവമാണ്. ഇനി യുദ്ധം ദരിദ്ര, അപരിഷ്‌കൃത ജനതക്ക് മേൽ പതിക്കുന്ന ഒന്നല്ല. അത് എവിടെയും സംഭവിക്കാം’- ബ്രിട്ടീഷ് പത്രമായ ദി ടെലിഗ്രാഫിൽ ഡാനിയേൽ ഹനാൻ എഴുതിയതാണ് ഇത്. യുക്രൈൻ യുദ്ധമാണ് പശ്ചാത്തലം. യുദ്ധത്തെ കുറിച്ചുള്ള യൂറോപ്പിന്റെ കാഴ്ചപ്പാട് ഒരു മറയുമില്ലാതെ ഈ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ദരിദ്രരെന്നും അപരിഷ്‌കൃതരെന്നും പരാജിതരെന്നും പാശ്ചാത്യർ മുദ്രകുത്തിയ ഏഷ്യയിലെയും ആഫ്രിക്കയിലെയും മധ്യപൗരസ്ത്യ ദേശത്തെയും മനുഷ്യർക്ക് മേൽ പ്രയോഗിക്കാനാണ് ആയുധങ്ങൾ നിർമിക്കുന്നത്. അവരാകണം യുദ്ധത്തിന്റെ ലക്ഷ്യം. അച്ചടക്കമില്ലാത്ത അവരെ നിലക്ക് നിർത്താൻ ആയുധത്തിന്റെ ഭാഷ അനിവാര്യമാണ്. അവിടങ്ങളിൽ ബോംബ് പതിക്കുന്നത് തികച്ചും സ്വാഭാവികമായ കാര്യമാണ്. അത് ആവർത്തിച്ചു കൊണ്ടിരിക്കുന്ന പ്രതിഭാസം മാത്രം. ഉദയാസ്തമയം പോലെ.

എന്നാൽ, യുദ്ധം യൂറോപ്പിലായാൽ അത് ഞെട്ടിക്കുന്നതാണ്. അത് നടക്കാൻ പാടില്ലാത്തതാണ്. ആധുനികവത്കരിക്കപ്പെട്ടു കഴിഞ്ഞ പാശ്ചാത്യ സമൂഹത്തിന് ഏത് പ്രശ്‌നവും “അമിക്കബിൾ’ ആയി പരിഹരിക്കാനുള്ള സ്വയം തിരുത്തൽ ശേഷിയുണ്ട്. അതിനുള്ള ക്ഷമ അവർക്കുണ്ട്. ആത്യന്തികമായി നല്ല സംസ്‌കാരമുണ്ട്. അതുകൊണ്ട് റഷ്യയുടെ യുക്രൈൻ ആക്രമണം വല്ലാത്തൊരു ഞെട്ടലായിപ്പോയി. ഇത് ഒറ്റപ്പെട്ട സ്വരമല്ല. പാശ്ചാത്യ മാധ്യമങ്ങൾ മുഴുവൻ ഈ നിലയിലാണ് യുദ്ധവാർത്തകളെ കൈകാര്യം ചെയ്യുന്നത്. അചിന്ത്യം, അവിശ്വസനീയം എന്ന മട്ടിൽ.

മറ്റൊന്ന് നോക്കൂ. ഇത് ഫ്രഞ്ച് ടെലിവിഷൻ ശൃംഖലയായ ബി എഫ് എം. ടി വിയുടെ കമന്റേറ്റർ വക. “നമ്മൾ 21ാം നൂറ്റാണ്ടിലാണ്. നമ്മൾ യൂറോപ്യൻ നഗരത്തിലാണ്. ഇവിടെയാണ് ക്രൂയിസ് മിസൈൽ പതിക്കുന്നത്. ഇറാഖിലെപ്പോലെ, അഫ്ഗാനിലെപ്പോലെ, കഷ്ടം’. യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്നായിരുന്നു കമന്റേറ്ററുടെ വിലാപം.

യുക്രൈൻ മുൻ ഡെപ്യൂട്ടി ജനറൽ പ്രോസിക്യൂട്ടർ ഡേവിഡ് സക്വാറലിസെ ബി ബി സിയോട് ഇങ്ങനെ പറഞ്ഞു: ഇത് എന്നെ വൈകാരികമായി ഉലക്കുന്നു. നീലക്കണ്ണുകളും സ്വർണത്തലമുടിയുമുള്ള യൂറോപ്യൻ മനുഷ്യർ ഓരോ ദിവസവും കൊല്ലപ്പെടുന്നത് എങ്ങനെ സഹിക്കും?’ “അങ്ങയുടെ വികാരം എനിക്ക് മനസ്സിലാകു’മെന്നാണ് അവതാരകൻ മറുപടി പറയുന്നത്. മനുഷ്യരെ എത്ര ക്രൂരമായാണ് തരംതിരിക്കുന്നത്! യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സി ബി എസ് ന്യൂസിന്റെ കറസ്‌പോണ്ടന്റ് ചാർലി ഡി അഗതയുടെ വാക്കുകൾ ഇങ്ങനെ: ദശകങ്ങളായി പോരടിച്ചു കൊണ്ടേയിരിക്കുന്ന ഇറാഖോ അഫ്ഗാനോ അല്ല ഇത്. യുക്രൈനാണ് ഇത്. സംസ്‌കാര സമ്പന്നരുടെ നാട്. യൂറോപ്യൻ നാട്. ഇവിടെ നമ്മളിത് പ്രതീക്ഷിച്ചിട്ടേ ഇല്ല’.

മരണങ്ങളെയും ദുരന്തങ്ങളെയും പലായനങ്ങളെയും അധിനിവേശത്തെയും നിരുപാധികം അപലപിക്കാൻ യൂറോപ്പിന് സാധിക്കുന്നില്ല എന്നതാണ് ഈ വാക്കുകളെല്ലാം വ്യക്തമാക്കുന്നത്. പഴയ കൊളോണിയൽ യുക്തിയിൽ നിന്ന് ഒരു ഇഞ്ചും മുന്നോട്ടുപോകാൻ ഇവർക്ക് സാധിച്ചിട്ടില്ല. റഷ്യൻ അധിനിവേശത്തിനെതിരെ നിലക്കാത്ത പ്രതിഷേധം അഗ്നിപർവതമായി ഉയർന്നുപൊങ്ങുകയാണ് യൂറോപ്പിലും അമേരിക്കയിലും നാറ്റോ അംഗരാജ്യങ്ങളിലും. ഇസ്‌റാഈൽ കൃത്യമായ ഇടവേള വെച്ച് ഗസ്സയിൽ നടത്തുന്ന കൂട്ടക്കുരുതിയിൽ ഇതേ അളവിലും തീവ്രതയിലും പ്രതിഷേധമുയർന്നിരുന്നോ? ഫലസ്തീൻ മണ്ണിൽ ഓരോ നിമിഷവും അതിക്രമിച്ചു കടക്കുന്ന ഇസ്‌റാഈലിനെ ഇവരാരെങ്കിലും അധിനിവേശകരെന്ന് വിളിച്ചിട്ടുണ്ടോ? ടാങ്കുകൾക്ക് നേരെ കല്ലെടുത്തെറിയുന്ന, നിരായുധരായി പോരാടുന്ന ഫലസ്തീൻ കുട്ടികൾക്കും യുവാക്കൾക്കും ധീരതയുടെ മേലങ്കി നൽകിയിരുന്നോ? യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിക്ക് കിട്ടുന്ന പരിവേഷം ഫലസ്തീനിലെ ഏതെങ്കിലും ഒരു നേതാവിന് നൽകുമോ?

അഭയാർഥികളോടുള്ള സമീപനത്തിലും യൂറോപ്പിന്റെ വംശീയത ഫണംവിടർത്തുന്നത് കാണാം. യുക്രൈനിലെ യുദ്ധഭൂമിയിൽ നിന്ന് ജീവനും കൊണ്ടോടിയ മനുഷ്യരെ അഭയാർഥികളെന്ന് വിളിക്കരുതെന്നാണ് ബൾഗേറിയൻ പ്രധാനമന്ത്രി കിരിൽ പെറ്റ്‌കോവ് പ്രഖ്യാപിക്കുന്നത്. “നാം സാധാരണ കാണുന്നത് പോലുള്ള അഭയാർഥികളല്ല അവർ. അവർ യൂറോപ്യരാണ്. അവരെ സ്വാഗതം ചെയ്യാനുള്ള ബാധ്യത എല്ലാ യൂറോപ്യൻ രാജ്യങ്ങൾക്കുമുണ്ട്’ എന്താണ് അപ്പറഞ്ഞതിന്റെ അർഥം? ആരാണ് ഈ “സാധാരണ കാണുന്ന’ അഭയാർഥികൾ? അഫ്ഗാനിൽ നിന്നും സിറിയയിൽ നിന്നും ലിബിയയിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമെല്ലാമുള്ളവർ. അവർക്ക് മനുഷ്യ പ്രതിനിധാനമേ ഇല്ല. യൂറോപ്പിന് അവർ മുഴുവൻ കുഴപ്പക്കാരാണ്, നുഴഞ്ഞുകയറ്റക്കാരാണ്. അപരിഷ്‌കൃതരാണ്. ജംഗിൾ ട്രൈബ്‌സ് ആണ്. സത്യത്തിൽ അവരെങ്ങനെയാണ് നാടു നീളെ അലയുന്നവരായത്? ഇതേ പാശ്ചാത്യ ശക്തികൾ നടത്തിയ നരനായാട്ടിന്റെ ഫലമായാണ് ഈ രാജ്യങ്ങൾ ശിഥിലമായത്. നുണകൾക്ക് മേൽ പടുത്തുയർത്തിയ ന്യായീകരണങ്ങൾ വെച്ച് വൻ ശക്തികൾ തകർത്തെറിഞ്ഞ രാജ്യങ്ങളിൽ നിന്ന് അഭയം ചോദിച്ചു വന്നവരോട് എന്താണ് യൂറോപ്പ് ചെയ്തതെന്ന് അയ്‌ലാൻ കുർദിയുടെ ചിത്രം പറഞ്ഞു തരും.

“പത്തായും നൂറായും ആയിരങ്ങളായും ഞങ്ങൾ അവരെ സ്വീകരിക്കും. കാരണം അവർ യൂറോപ്യരും വിദ്യാസമ്പന്നരും കാറുകൾ ഉപേക്ഷിച്ച് വരുന്നവരുമാണെ’ന്ന് പോളിഷ് പ്രധാനമന്ത്രി മാത്യേവൂസ് മൊറാവിക്കി പറയുമ്പോൾ മനുഷ്യസ്‌നേഹികൾക്ക് ആശ്വസിക്കാം. യുക്രൈനിലെ കുഞ്ഞുങ്ങൾ അതിർത്തിയിൽ ഒറ്റപ്പെട്ട് പോകില്ലല്ലോ. സ്ത്രീകളുടെ മാനം പോകില്ലല്ലോ. മനുഷ്യക്കടത്തുകാരുടെ എല്ലാതരം ചൂഷണവും സഹിച്ച് തുളവീണ വഞ്ചിയിൽ കടലിൽ അലയേണ്ട ഗതികേട് അവർക്കുണ്ടാകില്ലല്ലോ.

അൽജസീറ ഇംഗ്ലീഷിലെ അവതാരകൻ പീറ്റർ ഡോബ്ബി പറയുന്നത് കൂടി കേൾക്കാം: യുക്രൈനിൽ നിന്ന് അഭയം തേടിയെത്തുന്നവരെ നോക്കൂ. അവർ എത്ര നന്നായി വസ്ത്രം ധരിച്ചവരാണ്. അവർ കൊള്ളാവുന്ന സാമ്പത്തിക ശേഷിയുള്ളവരാണ്. മധ്യവർഗക്കാരാണവർ. എക്കാലവും യുദ്ധകലുഷിതമായ മധ്യപൗരസ്ത്യ ദേശത്ത് നിന്ന് വരുന്നവരെപ്പോലെയാണോ അവർ. വടക്കൻ ആഫ്രിക്കയിൽ നിന്നുള്ളവരെപ്പോലെയാണോ? അവർ യൂറോപ്യൻ കുടുംബങ്ങളാണ്. അവരെ നിങ്ങൾക്ക് തൊട്ടടുത്ത് താമസിപ്പിക്കാം’ എത്ര ഭീകരമായ വംശീയതയാണ് ഇയാൾ തുപ്പുന്നത്!
യുക്രൈനിൽ നിന്നുള്ള ആഫ്രിക്കൻ വംശജർക്കും അറബികൾക്കും ഇന്ത്യക്കാർക്കും ഈ പ്രിവിലേജ് ഇല്ല. പുറത്ത് കടക്കാനെത്തിയ കറുത്ത മനുഷ്യരെ നിഷ്‌കരണം ആട്ടിയോടിക്കുന്നതിന്റെ ദൃശ്യങ്ങൾ യൂറോ മെഡ് ഹ്യൂമൻ റൈറ്റ്‌സ് മോണിറ്റർ പുറത്ത് വിട്ടിട്ടുണ്ട്.
ഈ സെലക്ടീവ് അഭയാർഥി പ്രേമ പ്രസ്താവനകളെ ഒറ്റപ്പെട്ടതായി കണ്ട് തള്ളിക്കളയാമായിരുന്നു. പക്ഷേ, ചരിത്രം അതിന് അനുവദിക്കുന്നില്ല. കൊളോണിയൽ വാഴ്ചയും പടയോട്ടങ്ങളും വിഭവക്കൊള്ളയും ഇംഗ്ലീഷ് വ്യാപനവും സാംസ്‌കാരിക അട്ടിമറിയുമെല്ലാം ഇപ്പറഞ്ഞ ഉത്കൃഷ്ടതാ വാദത്തിൽ അധിഷ്ഠിതമായിരുന്നുവല്ലോ. വെള്ളക്കാർ ഭരിക്കാനും ജയിക്കാനുമായി ജനിച്ചവരും കറുത്തവരും തവിട്ടു തൊലിക്കാരും പരിഷ്‌കരിക്കപ്പെടേണ്ടവരും ഭരിക്കപ്പെടേണ്ടവരുമാണെന്ന ബോധ്യത്തിലാണല്ലോ ഇന്നും ശാക്തിക ബലാബലം നിർണയിക്കപ്പെടുന്നത്.

അമേരിക്കയിൽ ട്രംപ് തോറ്റപ്പോൾ നവ നാസി ഹൂളിഗൻസ് കാപിറ്റോൾ ഹില്ലിലേക്ക് ഇരച്ച് കയറിയിരുന്നു. അന്ന് ഫോർച്ച്യൂൻ മാഗസിൻ നൽകിയ തലക്കെട്ട് “അമേരിക്ക ഈസ് എ തേർഡ് വേൾഡ് കൺട്രി നൗ’ എന്നായിരുന്നു. അമേരിക്കൻ ജനത അതിവേഗം തീവ്രവലതുപക്ഷത്തേക്ക് ചായുന്നുവെന്നും ആർക്കും നിയന്ത്രിക്കാനാകാത്ത അരാജകത്വം അവിടുത്തെ യുവാക്കളെ കീഴടക്കുന്നുവെന്നും വ്യക്തമാക്കിയ സംഭവങ്ങളാണ് ആ പ്രസിൻഷ്യൽ തിരഞ്ഞെടുപ്പിൽ അരങ്ങേറിയതെല്ലാം. അതാകട്ടേ യൂറോപ്പിലും പടരുന്ന പ്രതിഭാസമാണ്.

യുക്രൈനിൽ സെലൻസ്‌കി ആയുധം കൊടുക്കുന്നത് നവ നാസികൾക്കാണല്ലോ. ഭാവിയിൽ പാശ്ചാത്യ ലോകത്തിന്റെ ഉറക്കം കെടുത്താൻ പോകുന്ന യഥാർഥ ഭീകരതയാണ് വൈറ്റ് സൂപ്രമാസിസം. വെള്ളക്കാരന്റെ അപ്രമാദിത്വ ആഘോഷങ്ങൾക്ക് വളം വെച്ചുകൊടുക്കുന്നതാണ് യുക്രൈനിനെ മുൻനിർത്തി നടക്കുന്ന വംശീയ പ്രചാരണങ്ങൾ. അല്ലെങ്കിൽ ആരാണ് ഈ ഒന്നും രണ്ടും മൂന്നും ലോകങ്ങളെ നിർണയിച്ചത്. ശീതയുദ്ധത്തിന്റെ ഉപോത്പന്നമായ ഈ പ്രയോഗം തന്നെ അങ്ങേയറ്റം വിവേചനപരമാണ്.

യുക്രൈനിലേത് ദീർഘയുദ്ധമാകുമെന്ന് തന്നെയാണ് പുറത്തുവരുന്ന വിവരം. ലക്ഷ്യങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്ന റഷ്യ. ഉപരോധ, പരോക്ഷ യുദ്ധം തുടരുന്ന അമേരിക്ക. ഊരിയ വാൾ ഉറയിലിടാൻ സമയമെടുക്കും. ഒരു ആശ്വാസമുണ്ട്. ലിബിയയിലും അഫ്ഗാനിലും ഇറാഖിലും സിറിയയിലും നടന്ന പോലെ കാർപെറ്റ് ബോംബുകൾ വീഴുന്നില്ല. വിവാഹം നടക്കുന്നിടത്തും ശവ സംസ്കാരച്ചടങ്ങിലും ഡ്രോണുകൾ മരണം വിതക്കുന്നില്ല. കുഞ്ഞുങ്ങളെ ലക്ഷ്യമിടുന്നില്ല. രക്ഷാ മാർഗം അന്വേഷിക്കാൻ ഇടവേളകൾ നൽകുന്നുണ്ട്. ചർച്ചകൾ നടക്കുന്നുണ്ട്. താത്കാലിക വെടിനിർത്തലുമുണ്ട്. രണ്ടാം ലോകമഹാ യുദ്ധത്തിന് ശേഷം യൂറോപ്പ് ഇങ്ങനെയൊരു യുദ്ധത്തിന് വിധേയമാകുമ്പോൾ ഇങ്ങനെയെങ്കിലും വേണമല്ലോ. യുക്രൈനിൽ മരിച്ചുവീഴുന്ന മനുഷ്യർക്ക് വേണ്ടി എൻ വിയുടെ ആഫ്രിക്ക വീണ്ടും വായിക്കാം.
എങ്ങു മനുഷ്യനു ചങ്ങല….

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest