Connect with us

supreme court collegium

തമ്മില്‍ ഭേദം കൊളീജിയം തന്നെ

ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവത്തിനും ശരിയായ ഉത്തരവാദിത്വ നിര്‍വഹണത്തിനും വിഘ്‌നം സൃഷ്ടിക്കാത്ത, ഭരണ വര്‍ഗത്തെ തിരുത്താനുള്ള ആര്‍ജവം കോടതികള്‍ക്ക് നഷ്ടപ്പെടാത്ത രീതിയിലായിരിക്കണം ജഡ്ജിമാരുടെ നിയമന രീതി.

Published

|

Last Updated

ഡ്ജിമാരുടെ നിയമനത്തെക്കുറിച്ച് മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. നിലവിലെ സാഹചര്യത്തില്‍ ജഡ്ജിമാരുടെ നിയമനം സര്‍ക്കാര്‍ നിയന്ത്രണത്തിലാകുന്നതിനേക്കാള്‍ കൊളീജിയം തന്നെ തുടരുന്നതാണ് നല്ലതെന്നാണ് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. കൊളീജിയം സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതില്‍ ആശങ്കയുണ്ട്. എന്നാല്‍ എല്ലാ ഭരണഘടനാ സംവിധാനങ്ങളുടെയും തലപ്പത്ത് തങ്ങളുടെ പ്രത്യയശാസ്ത്രം ഉള്‍ക്കൊള്ളുന്ന ആളുകളെ മാത്രമാണ് നിലവിലെ സര്‍ക്കാര്‍ നിയമിക്കുന്നതെന്നിരിക്കെ, ജഡ്ജിമാരുടെ നിയമനവും അവരുടെ അധികാര പരിധിയിലാകുന്നത് കൂടുതല്‍ ആശങ്കാജനകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊളീജിയത്തെ കടന്നാക്രമിച്ചു കൊണ്ടുള്ള കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് കപില്‍ സിബലിന്റെ പ്രതികരണം. സുതാര്യമല്ല കൊളീജിയം മുഖേനയുള്ള ജഡ്ജിമാരുടെ നിയമനമെന്നും ജുഡീഷ്യറിയില്‍ ആഭ്യന്തര രാഷ്ട്രീയക്കളിയുണ്ടെന്നുമായിരുന്നു ആര്‍ എസ് എസ് വാരികയായ “പാഞ്ചജന്യം’ അഹമ്മദാബാദില്‍ സംഘടിപ്പിച്ച സംവാദത്തില്‍ മന്ത്രി പറഞ്ഞത്. 1993 വരെ ഉയര്‍ന്ന കോടതികളില്‍ ജഡ്ജിമാരെ ചീഫ് ജസ്റ്റിസുമായി ബന്ധപ്പെട്ട ശേഷം നിയമ മന്ത്രാലയമാണ് നിയമിച്ചിരുന്നത്. അക്കാലത്ത് വളരെ ശ്രേഷ്ഠരായ ന്യായാധിപര്‍ നമുക്കുണ്ടായിരുന്നു. രാഷ്ട്രപതി ജഡ്ജിമാരെ നിയമിക്കുമെന്നാണ് ഭരണഘടന പറയുന്നത്. അതിനര്‍ഥം ചീഫ് ജസ്റ്റിസിനോട് ആലോചിച്ച് മന്ത്രാലയം നിയമിക്കുമെന്ന് തന്നെയാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. പിന്നീട് ഇന്ത്യാ ടുഡേയിലെ കോണ്‍ക്ലേവിലും രാജ്യസഭയിലുമെല്ലാം കൊളീജിയത്തിനെതിരായ കടുത്ത വിമര്‍ശം മന്ത്രി തുടരുകയുണ്ടായി.

സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തില്‍ ആര്‍ക്കായിരിക്കണം മേല്‍ക്കൈ എന്ന തര്‍ക്കത്തിന് ഭരണഘടനാ നിര്‍മാണ കാലത്തോളം പഴക്കമുണ്ട്. ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം സര്‍ക്കാറില്‍ നിക്ഷിപ്തമാക്കണമെന്നും അതല്ല, ജുഡീഷ്യറിക്ക് വിട്ടുകൊടുക്കുകയാണ് വേണ്ടതെന്നും ഭരണഘടനാ അസ്സംബ്ലിയില്‍ തന്നെ രണ്ടഭിപ്രായം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ നിയമിക്കട്ടെ എന്ന വാദഗതിക്കാണ് അവിടെ മേല്‍ക്കൈ ലഭിച്ചത്. ഇതുപ്രകാരം 1993 വരെ നിയമനാധികാരം സര്‍ക്കാറിനായിരുന്നു. എന്നാല്‍ 1993ല്‍ ഉന്നത ജഡ്ജിമാരുടെ നിയമനത്തിനുള്ള അധികാരം കൊളീജിയത്തില്‍ നിക്ഷിപ്തമാക്കി സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. അത് മുതല്‍ ചീഫ് ജസ്റ്റിസ് തലവനും നാല് മുതിര്‍ന്ന ജഡ്ജിമാര്‍ അംഗങ്ങളുമായ കൊളീജിയമാണ് ജഡ്ജിമാരുടെ നിയമനത്തില്‍ തീരുമാനമെടുക്കുന്നത്. ഇതനുസരിച്ച് കൊളീജിയം നിര്‍ദേശിക്കുന്ന പേരുകള്‍ അംഗീകരിക്കാനേ കേന്ദ്ര സര്‍ക്കാറിന് കഴിയൂ. അങ്ങനെ നിര്‍ദേശിക്കുന്നയാളുടെ പേരില്‍ എന്തെങ്കിലും കേസുകളോ മറ്റു പ്രശ്നങ്ങളോ ഉണ്ടെങ്കില്‍ അക്കാര്യം ചൂണ്ടിക്കാണിക്കുകയുമാകാം. അത്രമാത്രമാണ് ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ പങ്ക്.
ജഡ്ജിമാരെ ജഡ്ജിമാര്‍ തന്നെ നിയമിക്കുന്നത് ശരിയല്ലെന്ന വാദത്തില്‍ 2014ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊളീജിയം സംവിധാനത്തിനു പകരമായി നാഷനല്‍ ജുഡീഷ്യല്‍ അപ്പോയിന്‍മെന്റ്സ് കമ്മീഷന്‍ (എന്‍ ജെ എ സി) കൊണ്ടു വന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസും മുതിര്‍ന്ന അംഗവും ഉള്‍പ്പെടെ ജുഡീഷ്യറിയില്‍ നിന്ന് രണ്ട് പേരും പ്രധാനമന്ത്രിയും ലോക്സഭാ പ്രതിപക്ഷ നേതാവും പൊതു സമൂഹത്തില്‍ നിന്ന് രണ്ട് പേരും ഉള്‍ക്കൊള്ളുന്നതാണ് എന്‍ ജെ എ സി. എന്നാല്‍ ഈ സംവിധാനത്തില്‍ ജുഡീഷ്യറിയുടെ പ്രാമുഖ്യം കുറയുകയും എക്സിക്യൂട്ടീവിന് മുന്‍ഗണന ലഭിക്കുകയും ചെയ്യുന്നതുവഴി ജുഡീഷ്യറിയുടെ നിഷ്പക്ഷതയെയും സ്വതന്ത്രമായ നിലനില്‍പ്പിനെയും ബാധിക്കുമെന്ന ഹരജിയുടെ അടിസ്ഥാനത്തില്‍ 2015ല്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് എന്‍ ജെ എ സി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കുകയും കൊളീജിയം സംവിധാനം തുടരാന്‍ നിര്‍ദേശിക്കുകയുമായിരുന്നു.

ഒരു സങ്കീര്‍ണ വിഷയമാണ് ഉയര്‍ന്ന കോടതികളിലെ ജഡ്ജിമാരുടെ നിയമനം. ഇക്കാര്യത്തില്‍ കൊളീജിയത്തിനും എന്‍ ജെ എ എസിക്കും അതിന്റേതായ പരിമിതകളും പോരായ്മകളുമുണ്ട്. അഴിമതിയും സ്വജനപക്ഷപാതവും ജുഡീഷ്യറിയെയും ബാധിച്ചിരിക്കെ കൊളീജിയം മുഖേനയുള്ള നിയമനത്തില്‍ ബാഹ്യതാത്പര്യങ്ങള്‍ കടന്നു വരാന്‍ സാധ്യതയുണ്ട്. അതേസമയം ജുഡീഷ്യറിക്കു മേല്‍ പാര്‍ലിമെന്റും എക്സിക്യൂട്ടീവും മേല്‍ക്കൈ സ്ഥാപിക്കലായിരിക്കും എന്‍ ജെ എ എസിക്ക് നിയമനാധികാരം ലഭിക്കുന്നതിലൂടെ സംഭവിക്കുന്നത്. കപില്‍ സിബല്‍ ആശങ്കപ്പെടുന്നതു പോലെ മോദി സര്‍ക്കാര്‍ പ്രതിനിധാനം ചെയ്യുന്ന വര്‍ഗീയ ഫാസിസത്തിന് ജുഡീഷ്യറി വിധേയപ്പെടുന്ന അവസ്ഥയും വന്നു ചേരും. കേവലം സമൂഹത്തിനകത്തെ കേസുകള്‍ കൈകാര്യം ചെയ്യുക മാത്രമല്ല, ഭരണ വര്‍ഗത്തിന് അപച്യുതി സംഭവിക്കുകയും സര്‍ക്കാര്‍ ജനവിരുദ്ധമായ നടപടികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുമ്പോള്‍ അത് തിരുത്താന്‍ കൂടി ബാധ്യതപ്പെട്ട സ്ഥാപനമാണ് ജുഡീഷ്യറി. ഈ സാഹചര്യത്തില്‍ ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവത്തിനും ശരിയായ ഉത്തരവാദിത്വ നിര്‍വഹണത്തിനും വിഘ്‌നം സൃഷ്ടിക്കാത്ത, ഭരണ വര്‍ഗത്തെ തിരുത്താനുള്ള ആര്‍ജവം കോടതികള്‍ക്ക് നഷ്ടപ്പെടാത്ത രീതിയിലായിരിക്കണം ജഡ്ജിമാരുടെ നിയമന രീതി. ഭരണ പരിഷ്‌കരണ കമ്മീഷന്‍, ദേശീയ ഉപദേശക സമിതി, ലോ കമ്മീഷന്‍ തുടങ്ങി പല ഉന്നതതല കമ്മീഷനുകളും ജഡ്ജിമാരുടെ നിയമനത്തിനുള്ള കുറ്റമറ്റ മാര്‍ഗങ്ങളെക്കുറിച്ച് ചിന്തിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. ജുഡീഷ്യറിക്കും എക്‌സിക്യൂട്ടീവിനും മേല്‍ക്കൈ ഇല്ലാത്ത തീര്‍ത്തും സ്വതന്ത്രമായ നിയമന സമിതിയാണ് ഇവരെല്ലാം മുന്നോട്ടുവെച്ച നിര്‍ദേശം. എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും മേല്‍കോയ്മാ ചിന്തയും പിടിവാശിയും ഉപേക്ഷിച്ചെങ്കില്‍ മാത്രമേ ഇങ്ങനെയൊരു സമിതി യാഥാര്‍ഥ്യമാകൂ. അതുവരെയും കൊളീജിയം തന്നെ തുടരുന്നതാണ് മതേതര, ജനാധിപത്യ ഇന്ത്യക്ക് ഗുണകരം.