Connect with us

Articles

കളങ്കിതനാണ് കലക്ടര്‍; തിരിച്ചുവിളിക്കണം

ശ്രീറാം വെങ്കിട്ടരാമനെ തൂക്കിക്കൊല്ലണമെന്നോ ഒരു തസ്തികയിലും നിയമനം നല്‍കാതെ മാറ്റിനിര്‍ത്തണമെന്നോ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴ്ഘടകമായ കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെടുന്നില്ല. കോടതിയില്‍ ഗൗരവതരമായ വകുപ്പുകളുള്ള ക്രിമിനല്‍ കേസില്‍ പ്രതിയായ ഇദ്ദേഹത്തെ കേസില്‍ വിധി വരുന്നതിന് മുമ്പ് മജിസ്‌ട്രേറ്റ് പദവിയിലുള്ള ജില്ലാ കലക്ടറായി നിയോഗിക്കരുതെന്ന് മാത്രമാണ്. ഇത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയായാണ് പ്രസ്ഥാനം കാണുന്നത്.

Published

|

Last Updated

2019 ആഗസ്റ്റ് മൂന്നിന് അര്‍ധ രാത്രിക്ക് ശേഷം തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷന്റെ തൊട്ടടുത്ത് വെച്ചാണ് സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീര്‍ ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കൊല്ലപ്പെടുന്നത്. ഈ കേസില്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള കേസ് നടന്നുകൊണ്ടിരിക്കെയാണ് ജില്ലാ മജിസ്‌ട്രേറ്റ് പദവിയുള്ള ആലപ്പുഴ ജില്ലാ കലക്ടറായി അദ്ദേഹത്തെ നിയമിക്കുന്നത്. നീതിയാഗ്രഹിക്കുന്ന കേരളീയരൊന്നടങ്കം ഈ നിയമനത്തെ എതിര്‍ക്കുകയും ശക്തമായി പ്രതിഷേധിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

പ്രതിഷേധത്തിന്റെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നാളെ സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ ഭരണ കേന്ദ്രങ്ങളിലും ശക്തമായ പ്രതിഷേധ മാര്‍ച്ച് നടക്കുകയാണ്. സുന്നി പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം കെ എം ബഷീര്‍ എസ് വൈ എസ് പ്രവര്‍ത്തകനും സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫും അതിലുപരി സുന്നി ആത്മീയ നേതൃത്വമായിരുന്ന മര്‍ഹൂം വടകര മുഹമ്മദ് ഹാജി തങ്ങളുടെ മകനുമാണ്. അദ്ദേഹത്തിന് നീതി നേടിക്കൊടുക്കുകയെന്നത് പ്രാസ്ഥാനിക ബാധ്യത തന്നെയാണ്.

ദിവസവും ദശക്കണക്കിനാളുകള്‍ വാഹനാപകടത്തില്‍ മരിച്ചുവീഴുന്ന കേരളത്തില്‍ കെ എം ബഷീറിന്റെ കൊലപാതകം വ്യത്യസ്തമാകുന്നത് ഈ കേസില്‍ പോലീസും പ്രതിയും സ്വീകരിച്ച നിയമവിരുദ്ധവും സാമാന്യ മര്യാദയില്ലാത്തതുമായ നിലപാടുകള്‍ കൊണ്ട് തന്നെയാണ്. പ്രതി ഐ എ എസ് ഉദ്യോഗസ്ഥാനാണെന്ന് അറിഞ്ഞത് മുതല്‍ ഇരയെ അവഗണിച്ച് വേട്ടക്കാരനെ രക്ഷിക്കുന്ന നടപടികള്‍ക്കാണ് തലസ്ഥാന നഗരി വേദിയായത്.
കെ എം ബഷീര്‍ തന്റെ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയതാണ്. ആ സമയത്താണ് തന്റെ സുഹൃത്താണെന്ന് അവകാശപ്പെടുന്ന മറ്റൊരാളുടെ ഭാര്യയുമായി ഈ അസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ 50 കിലോമീറ്റര്‍ മാത്രം വേഗത്തില്‍ വാഹനമോടിക്കാന്‍ അനുമതിയുള്ള റോഡിലൂടെ അതിവേഗത്തില്‍ കാറോടിച്ച് വരുന്നത്. എഫ് ഐ ആറില്‍ തന്നെ 98 കിലോമീറ്റര്‍ വേഗമാണ് രേഖപ്പെടുത്തിയത്. റോഡരികില്‍ തന്റെ ഇരുചക്ര വാഹനവുമായി നില്‍ക്കുകയായിരുന്ന കെ എം ബഷീറിനെ ശക്തമായി വന്നിടിക്കുകയും 24 മീറ്റര്‍ ദൂരം വലിച്ചു കൊണ്ടുപോയതിന് ശേഷം സമീപത്തുള്ള മതിലില്‍ കാറ് നിവര്‍ന്ന് നില്‍ക്കുകയുമാണ് ചെയ്തത്.

ഇടിയുടെ ശബ്ദം കേട്ടാണ് തൊട്ടടുത്ത പോലീസ് സ്‌റ്റേഷനില്‍ നിന്ന് എസ് ഐയും പാര്‍ട്ടിയും ഓടിവരുന്നത്. തത്സമയം അവിടെ എത്തിച്ചേര്‍ന്ന പത്രപ്രവര്‍ത്തകനായ ധനസുമോദ് തുടര്‍ന്ന് നടന്ന സംഭവങ്ങള്‍ക്ക് ദൃക്‌സാക്ഷിയാണ്. അന്ന് തന്നെ താന്‍ കണ്ട കാഴ്ചകള്‍ അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടതുമാണ്. പോലീസുദ്യോഗസ്ഥര്‍ വണ്ടിയോടിച്ച ശ്രീറാമിനോട് പതിവ് ശൈലിയില്‍ അല്‍പ്പം ഗൗരവത്തിലാണ് സംസാരം ആരംഭിച്ചത്. എന്നാല്‍ ഐ എ എസ് ഉദ്യോഗസ്ഥനാണെന്ന് അറിഞ്ഞതോടെ അയാളെ രക്ഷിച്ചെടുക്കും വിധമാണ് പിന്നീടുള്ള നടപടികളെല്ലാമുണ്ടായതെന്ന് ധനസുമോദ് സാക്ഷ്യപ്പെടുത്തുന്നു.

കൂടെ ഉണ്ടായിരുന്ന സ്ത്രീയോട് പേരും നാടും ചോദിച്ചറിഞ്ഞ് വേഗം വീട്ടിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നുവത്രെ. ഐ എ എസുകാരന്റെ മാനം കാക്കാന്‍ പോലീസുകാരുടെ എളിയ സേവനം! ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ നിന്ന് ആടുന്നുണ്ടായിരുന്നുവെന്നാണ് ധനസുമോദ് അടക്കമുള്ള ദൃക്‌സാക്ഷികള്‍ പറഞ്ഞത്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് രക്തസാമ്പിള്‍ എടുക്കുന്നതിന് പകരം സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി പ്രതിയെ രക്ഷിക്കുകയായിരുന്നു. മദ്യത്തിന്റെ അംശം രക്തത്തില്‍ എത്ര മണിക്കൂര്‍ വരെ നിലനില്‍ക്കുമെന്ന് നന്നായി അറിയാവുന്ന ഡോക്ടര്‍ കൂടിയായ ശ്രീറാം രക്ഷപ്പെടാന്‍ ആവശ്യമായ സമയം പിന്നിട്ട ശേഷമാണ് രക്തസാമ്പിള്‍ നല്‍കുന്നത്.

പ്രതിയെ രക്ഷിച്ചെടുക്കാന്‍ കൂടെയുണ്ടായിരുന്ന സ്്ത്രീയാണ് വാഹനമോടിച്ചത് എന്ന് ആദ്യം കള്ളം പറഞ്ഞെങ്കിലും സ്്ത്രീ അത് നിഷേധിച്ചതോടെ ആള്‍മാറാട്ടം പൊളിയുകയായിരുന്നു. നിയമ നടപടിയില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തനിക്ക് മറവി രോഗമുണ്ടെന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങുക കൂടി ചെയ്തിരിക്കുന്നയാളാണ് അദ്ദേഹം. കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ വിളിച്ചിട്ടും കോടതിയിലേക്ക് ചെല്ലാന്‍ സന്നദ്ധനാകാത്ത ഇദ്ദേഹം അവസാനം വാറണ്ട് അയച്ചതിന് ശേഷമാണ് ഹാജരായത്. ഇങ്ങനെയുള്ള ഒരാളെയാണ് സര്‍ക്കാര്‍ ജില്ലാ മജിസ്‌ട്രേറ്റ് പദവിയുള്ള ജില്ലാ കലക്ടറായി നിയോഗിച്ചത്. ഒരു ഇടതുപക്ഷ സര്‍ക്കാറില്‍ നിന്ന് പ്രതീക്ഷിച്ചതല്ല ഈ നിലപാട്.

സുന്നി പ്രസ്ഥാനത്തിന്റെ ആവശ്യം?

ശ്രീറാം വെങ്കിട്ടരാമനെ തൂക്കിക്കൊല്ലണമെന്നോ ഒരു തസ്തികയിലും നിയമനം നല്‍കാതെ മാറ്റിനിര്‍ത്തണമെന്നോ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴ്ഘടകമായ കേരള മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെടുന്നില്ല. കോടതിയില്‍ ഗൗരവതരമായ വകുപ്പുകളുള്ള ക്രിമിനല്‍ കേസില്‍ പ്രതിയായ ഇദ്ദേഹത്തെ കേസില്‍ വിധി വരുന്നതിന് മുമ്പ് മജിസ്‌ട്രേറ്റ് പദവിയിലുള്ള ജില്ലാ കലക്ടറായി നിയോഗിക്കരുതെന്ന് മാത്രമാണ്. ഇത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയായാണ് പ്രസ്ഥാനം കാണുന്നത്.

ഐ പി സി 304 (മനപ്പൂര്‍വമല്ലാത്ത നരഹത്യ) എന്നതാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയ ഒരു വകുപ്പ്. അപകട സാധ്യത ഉണ്ടെന്നറിഞ്ഞ് ഒരു പ്രവൃത്തി ചെയ്യുമ്പോഴാണ് ഈ വകുപ്പ് ചുമത്താറുള്ളത്. അപ്രതീക്ഷിതമായി സംഭവിക്കുന്നതിന് വേറെ വകുപ്പുണ്ട്. സംശയാതീതമായി തെളിഞ്ഞാല്‍ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്.
ഐ പി സി 201 (തെളിവ് നശിപ്പിക്കല്‍) എന്നതാണ് ചുമത്തപ്പെട്ട മറ്റൊരു വകുപ്പ്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ് ഈ കുറ്റകൃത്യം. ഇതിന് പുറമെ മോട്ടോര്‍ വാഹന നിയമം 184, 185, 188 വകുപ്പുകളനുസരിച്ച് അപകടകരമായ ഡ്രൈവിംഗ് നടത്തിയെന്ന കുറ്റവും ചുമത്തപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥ ലോബികളുടെ ഇടപെടല്‍ മൂലം ഇതൊക്കെ എത്രമാത്രം കോടതിയില്‍ തെളിയിക്കാന്‍ സാധിക്കുമെന്നതില്‍ ആശങ്ക നിലനില്‍ക്കുകയാണ്. ആകെ പ്രതീക്ഷ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് പ്രതിക്കെതിരെ ചെയ്യാന്‍ സാധിക്കുന്നതൊക്കെ ചെയ്യുമെന്നതായിരുന്നു. ആ പ്രതീക്ഷയാണ് ഈ നിയമനത്തിലൂടെ സര്‍ക്കാര്‍ തകര്‍ത്തുകളഞ്ഞത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ നിയമനത്തെ ന്യായീകരിച്ച് കൊണ്ട് പറഞ്ഞത്, ഐ എ എസുകാര്‍ വിവിധ തസ്തികകള്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്, അതിന്റെ ഭാഗമായാണ് ഈ നിയമനം എന്നാണ്. എന്നാല്‍ എല്ലാ ഐ എ എസുകാരും ജില്ലാ കലക്ടര്‍മാരാകണമെന്ന ഒരു നിയമം എവിടെയാണുള്ളതെന്ന ചോദ്യത്തിന് ആരും മറുപടി പറഞ്ഞുകാണുന്നില്ല. ഇനി അങ്ങനെയുണ്ടെങ്കില്‍ തന്നെ അത് നിലവിലുള്ള കേസില്‍ വിധി വന്നതിന് ശേഷം നിയമിക്കാവുന്നതേയുള്ളൂ. പ്രായം കഴിഞ്ഞ് വിരമിക്കാറായ ആളല്ല അദ്ദേഹം. ഇവിടെയാണ് മുഖ്യമന്ത്രിയും ഉദ്യോഗസ്ഥ ലോബിക്ക് മുന്നില്‍ വഴങ്ങുന്നു എന്ന സംശയം ബലപ്പെടുന്നത്. അതുകൊണ്ട് തന്നെ കെ എം ബഷീര്‍ എന്ന ഇരക്ക് നീതി ലഭിക്കണം. അദ്ദേഹത്തെ അതി ദാരുണമായി കാറിടിച്ച് കൊലപ്പെടുത്തുകയും അദ്ദേഹത്തിന്റെ പറക്കമുറ്റാത്ത മക്കളോടോ വിധവയോടോ ഒരാശ്വാസ വാക്ക് പോലും പറയാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്ന ഈ ഉദ്യോഗസ്ഥനെ ജില്ലാ കലക്ടര്‍ പദവിയില്‍ നിന്ന് പിന്‍വലിക്കണം. അതിന് വേണ്ടിയാണ് നാളെ സെക്രട്ടേറിയറ്റ് നടയിലും ജില്ലാ ഭരണ കേന്ദ്രങ്ങളിലും കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ സമരജ്വാല തീര്‍ത്തുകൊണ്ട് റാലി സംഘടിപ്പിച്ചിരിക്കുന്നത്.

ഉപദേശകരോട്

സര്‍ക്കാറുമായി പല കാര്യങ്ങളിലും സഹകരിച്ചു പോകുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന ഈ സുന്നി പ്രസ്ഥാനം സമര മുഖത്താണെന്നറിഞ്ഞ് “ഉപദേശി’ ചമഞ്ഞ് വരുന്നവരുടെ ദുഷ്ടലാക്ക് സുന്നി പ്രവര്‍ത്തകര്‍ മനസ്സിലാക്കിയിട്ടുണ്ട്.

കെ എം ബഷീര്‍ കൊല്ലപ്പെട്ടത് അദ്ദേഹം ഒരു സുന്നി പ്രവര്‍ത്തകനായി എന്ന കാരണത്താലല്ല. എന്നാല്‍ സുന്നി പ്രവര്‍ത്തകരായി എന്ന ഒറ്റക്കാരണത്താല്‍ പത്തിലധികം പേരെ കൊന്നുതള്ളിയവരും തുടര്‍ന്ന് വേട്ടക്കാര്‍ക്ക് വേണ്ടി ഭരണ സംവിധാനവും പാര്‍ട്ടിയുടെ സ്വദേശത്തും വിദേശത്തുമുള്ള എല്ലാ സാമ്പത്തിക സൗകര്യങ്ങളും ഉപയോഗിച്ച് അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തവരൊക്കെ ഈ “ഉപദേശി’കളിലുണ്ടെന്നും ഞങ്ങള്‍ക്കറിയാം. സുന്നി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാടിലെ ശരിതെറ്റുകളെ വിശകലനം ചെയ്യാനും ഈ അവസരത്തെ ഉപയോഗിച്ച് കളയാമെന്ന് ആരും കരുതേണ്ടതില്ല.

സുചിന്തിതമായ രാഷ്ട്രീയ നിലപാടുകളെടുക്കാനും വ്യത്യസ്ത രാഷ്ട്രീയ കക്ഷികളോട് അനുയോജ്യമായ സമീപനം സ്വീകരിക്കാനും പ്രസ്ഥാന നേതൃത്വത്തിന് അറിയാം. സര്‍ക്കാറിനോട് സഹകരിക്കേണ്ട കാര്യങ്ങളില്‍ സഹകരിക്കാനും വിയോജിക്കേണ്ട സന്ദര്‍ഭങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്താനും സമരം ചെയ്യേണ്ടി വരുമ്പോള്‍ ജനാധിപത്യ രീതിയില്‍ സമരം ചെയ്യാനും പ്രസ്ഥാന നേതൃത്വത്തിനും അണികള്‍ക്കും തിരിച്ചറിവുണ്ട്. അതിനാല്‍ അത്തരം ഉരസിപ്പിക്കല്‍ പദ്ധതികള്‍ ചെയ്തുകൂട്ടി സമയം കളയേണ്ടതില്ല.

---- facebook comment plugin here -----

Latest