Connect with us

Kerala

കലക്ടറുടെ കര്‍ശന നിര്‍ദേശം: തൃശൂര്‍-ഇടപ്പള്ളി ദേശീയപാതയില്‍ കുഴിയടക്കല്‍ തുടങ്ങി

ദേശീയപാതയില്‍ നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കലക്ടര്‍ ഹൈക്കോടതിക്ക് കൈമാറി

Published

|

Last Updated

തൃശൂര്‍ | തൃശൂര്‍-ഇടപ്പള്ളി ദേശീയപാതയിലെ മുരിങ്ങൂര്‍ മേഖലയില്‍ റോഡ് റോളര്‍ ഉപയോഗിച്ച് കുഴിയടക്കല്‍ തുടങ്ങി. ആദ്യം മനുഷ്യ ശേഷി ഉപയോഗിച്ചായിരുന്നു കുഴിയടച്ചിരുന്നത്. ഇത് അശാസ്ത്രീയമാണെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. ദേശീയ പാതയിലെ കുഴികള്‍ 48 മണിക്കൂറിനകം അടയ്ക്കണമെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ കരാര്‍ കമ്പനിക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ദേശീയപാത അതോറിറ്റിക്കും കലക്ടര്‍ ഇതുസംബന്ധിച്ച നോട്ടീസ് നല്‍കി. ദേശീയപാതയില്‍ നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കലക്ടര്‍ ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്.

ദേശീയപാതയിലെ കുഴികളില്‍ വാഹനങ്ങള്‍ വീണ് തുടര്‍ച്ചയായി അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം കലക്ടര്‍ ദേശീയ പാതയില്‍ പരിശോധന നടത്തിയിരുന്നു. കരാര്‍ കമ്പനി ഗുരുതരമായ വീഴ്ചകള്‍ വരുത്തിയതായി വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് ആണ് കലക്ടര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്താനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.