Protest against sewage plant
ആവിക്കല്‍ മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ ഹര്‍ത്താലിനിടെ സംഘര്‍ഷം
ബാരിക്കേഡ് പ്രതിഷേധക്കാര്‍ പുഴയില്‍ തള്ളി; ലാത്തിവീശി പോലീസ്

കോഴിക്കോട് |വെള്ളയില്‍ ആവിക്കല്‍ തോടില്‍ മാലിന്യ സംസ്‌കാരണ പ്ലാന്റ് സ്ഥാപിക്കാനുള്ള കോര്‍പറേഷന്റെ നടപടിക്കെതിരെ നടത്തിയ ഹാര്‍ത്താലില്‍ സംഘര്‍ഷം. ഹര്‍ത്താലിന്റെ ഭാഗമായി രാവിലെ മുതല്‍ പല തവണ നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിനിടെ പോലീസുമായി ഉന്തും തള്ളുമുണ്ടായി. പിന്നീട് സംഘടിച്ചെത്തിയ പ്രതിഷേധക്കാര്‍ പദ്ധതി പ്രദേശത്തേക്ക് എത്തുകയും പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മറച്ചിടാന്‍ ശ്രമിക്കുകയും ചെയ്തു. പോലീസിനെതിരെ സമരക്കാര്‍ കല്ലെറിയുകയും ചെയ്തു. ഇതോടെ പോലീസ് ലാത്തിവീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയുമായിരുന്നു.
പോലീസ് ബാരിക്കേഡ് സമരക്കാര്‍ പുഴയില്‍ തള്ളി. ഇതിനിടെ പോലീസിനെതിരെ വടിയെടുത്ത പ്രതിഷേധക്കാരില്‍ ഒരാളെ പോലീസ് വളഞ്ഞിട്ട് തല്ലുകയും ചെയ്തു. സംഘര്‍ഷത്തില്‍ ഏതാനും പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്
മൂന്നാലിങ്കല്‍, വെള്ളയില്‍, തോപ്പയില്‍ വാര്‍ഡുകളിലാണ് സമരസമിതിയുടെ ആഭിമുഖ്യത്തില്‍ രാവിലെ ആറ് മുതല്‍ വൈകട്ട് ആറ് വരെ ഹര്‍ത്താല്‍ നടത്തുന്നത്. ഹര്‍ത്താല്‍ വാഹനങ്ങളെ തടയില്ലെന്ന് സമരസമിതി അറിയിച്ചിരുന്നു. എന്നാല്‍ ഏതാനും പേര്‍ വാഹനം തടയാനെത്തിയത് സംഘര്‍ഷത്തിനിടയാക്കി. വാഹനം തടയുന്ന സമരസമിതിക്കാരെ പോലീസ് അടിച്ചോടിക്കുകയായിരുന്നു.
സംഘര്‍ഷത്തിനിടെ ഒരു മാധ്യമപ്രവര്‍ത്തകനും നിസാര പരുക്കേറ്റു. പ്ലാന്റ് നിര്‍മാണം അവസാനിപ്പിക്കും വരെ പ്രതിഷേധം തുടരുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍ പ്രതിഷേധത്തിനിടയിലും പോലീസ് കാവലില്‍ പ്ലാന്റ് നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്.