avikkal plant
ആവിക്കല്‍ തോടില്‍ സമരക്കാരും പോലീസും തമ്മില്‍ സംഘര്‍ഷം
പോലീസിനെ തള്ളിമാറ്റി സമരക്കാര്‍: ലാത്തിവീശി പോലീസ്

കോഴിക്കോട് ആവിക്കല്‍ തോട് മലിനജല സംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാനുള്ള ജനസഭക്കിടെ സംഘര്‍ഷം. പൊലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി. പോലീസിനെ പിടിച്ചുതള്ളിയ സമരക്കാര്‍ക്കെതിരെ പോലീസ് ലാത്തിവീശി. ഏതാനും സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.
കോര്‍പറേഷന്‍ ആറാം വാര്‍ഡിലാണ് ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിനായി യോഗം ചേര്‍ന്നത്. സെക്കുലര്‍ ഓഫ് വോയിസ് വെളളയില്‍ എന്ന പേരിലായിരുന്നു യോഗം. ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദും ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ.ജയശ്രീയും യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ യോഗത്തിലേക്ക് തള്ളിക്കയറിയാണ് സമരക്കാര്‍ പ്രശ്‌നം സൃഷ്ടിച്ചത്.
കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് യോഗം വിളിച്ചു ചേര്‍ത്തിട്ടുള്ളതെന്നും അതിനാല്‍ തങ്ങള്‍ക്കു പങ്കെടുക്കണമെന്നും ആവിക്കല്‍ തോട് ഭാഗത്തുള്ള ഏതാനും സമരക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. സെക്കുലര്‍ ഓഫ് വോയിസ് വെളളയില്‍ എന്ന പേരില്‍ സി പി എമ്മിന്റെ പിന്തുണയോടെ നടത്തുന്ന യോഗമായതിനാല്‍ വാര്‍ഡിലുള്ളവരെ മാത്രമേ പങ്കെടുപ്പിക്കൂവെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ അവിടേക്ക് എത്തിയവരെ പോലീസ് മാറ്റാന്‍ ശ്രമിച്ചതോടെയാണ് ഏറ്റുമുട്ടലുണ്ടായത്.