First Gear
സിട്രോണ്‍ സി3 എയര്‍ക്രോസിന്റെ വേരിയന്റ് തിരിച്ചുള്ള വില പ്രഖ്യാപിച്ചു
ബേസ് വേരിയന്റായ യു 5 സീറ്റ് ഓപ്ഷനില്‍ മാത്രമേ ലഭിക്കുകയുള്ളു.

ന്യൂഡല്‍ഹി| സിട്രോണ്‍ സി3 എയര്‍ക്രോസ് ഈയടുത്താണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. അവതരണ സമയത്ത് സിട്രോണ്‍ സി3 എയര്‍ക്രോസിന്റെ ബേസ് വേരിയന്റിന്റെ വില മാത്രമേ കമ്പനി പ്രഖ്യാപിച്ചിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ കമ്പനി എല്ലാ വേരിയന്റുകളുടെയും വില പ്രഖ്യാപിച്ചിരിക്കുകയാണ്.
സിട്രോണ്‍ സി3 എയര്‍ക്രോസ് എസ്യുവിയുടെ എന്‍ട്രി ലെവല്‍ വേരിയന്റായ യു വേരിയന്റിന് 9.99 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. മിഡ് സ്‌പെക് വേരിയന്റായ പ്ലസ് വേരിയന്റിന് 11.34 ലക്ഷം രൂപയും ഹൈ എന്‍ഡ് മോഡലായ മാക്സ് വേരിയന്റിന് 11.99 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില വരുന്നത്. മൂന്ന് വേരിയന്റുകളുടെയും അഞ്ച് സീറ്റുകളുള്ള കോണ്‍ഫിഗറേഷന്റെ മാത്രം വിലയാണ് ഇത്. ബേസ് വേരിയന്റായ യു 5 സീറ്റ് ഓപ്ഷനില്‍ മാത്രമേ ലഭിക്കുകയുള്ളു. ഇതെല്ലാം ഡല്‍ഹിയിലെ എക്‌സ് ഷോറൂം വിലയാണ്. എന്നാല്‍ കേരളത്തിലെ എക്‌സ് ഷോറൂം വിലയില്‍ മാറ്റങ്ങള്‍ വന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
7 സീറ്റുകളുള്ള പ്ലസ് വേരിയന്റിന് 11.69 ലക്ഷം രൂപയും 7 സീറ്റുകളുള്ള മാക്സ് വേരിയന്റിന് 12.34 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. ഈ വാഹനത്തിന്റെ പ്ലസ്, മാക്‌സ് വേരിയന്റുകള്‍ ഡ്യുവല്‍ ടോണ്‍ വേരിയന്റില്‍ ലഭ്യമാകും. 20,000 രൂപയാണ് ഡ്യൂവല്‍ ട്യൂണിനായി അധികം മുടക്കേണ്ടത്. നാല് സിംഗിള്‍-ടോണ്‍, ആറ് ഡ്യുവല്‍-ടോണ്‍ എന്നിവയുള്‍പ്പെടെ പത്ത് നിറങ്ങളിലാണ് സിട്രോണ്‍ സി3 എയര്‍ക്രോസ് ലഭ്യമാകുന്നത്.
സിട്രോണ്‍ സി3 കോംപാക്ട് ഹാച്ച്ബാക്കിന്റെ അതേ സിഎംപി പ്ലാറ്റ്ഫോമിലാണ് സി3 എയര്‍ക്രോസ് എസ്യുവി നിര്‍മ്മിച്ചിരിക്കുന്നത്. 1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്റെ കരുത്തിലാണ് ഈ വാഹനം പ്രവര്‍ത്തിക്കുന്നത്. 110 പിഎസ് പവറും 190 എന്‍എം പീക്ക് ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ നല്‍കുന്നത്. വൈകാതെ സിട്രോണ്‍ സി3 എയര്‍ക്രോസ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും ലഭ്യമാകുമെന്നാണ് വിവരം.