Connect with us

Kerala

സി ഐ സി വിവാദങ്ങൾ കുഴഞ്ഞുമറിയുന്നു; അടിമുടി ആശയക്കുഴപ്പം

രാജി നൽകി അധികം കഴിയുന്നതിന് മുമ്പ് തന്നെ ഹകീം ഫൈസിയോടും കൂട്ടരോടും തത്്സ്ഥാനത്ത് തന്നെ തുടരാൻ ആവശ്യപ്പെട്ടത് അണികൾക്കിടയിൽ ആശങ്കയാക്കും

Published

|

Last Updated

മലപ്പുറം | കോ- ഓർഡിനേഷൻ ഓഫ് ഇസ്്ലാമിക് കോളജസ് (സി ഐ സി)- ഇ കെ വിഭാഗം സമസ്ത തർക്കം പുതിയ വിവാദങ്ങളിലേക്ക്. ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ച ഹകീം ഫൈസി ആദൃശ്ശേരിയോടും അദ്ദേഹത്തെ അനുകൂലിച്ച് രാജി സമർപ്പിച്ചവരോടും തുടർപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ നിർദേശിച്ചെന്ന തരത്തിൽ പ്രസിഡന്റ് സ്വാദിഖലി ശിഹാബ് തങ്ങൾ സി ഐ സിക്ക് നൽകിയ കത്ത് പുറത്തുവന്നതാണ് പുതിയ വിവാദങ്ങളിലേക്കെത്തിച്ചത്.

അക്കാദമിക് വർഷത്തിന്റെ അവസാനത്തിൽ പരീക്ഷകളും മറ്റും നടക്കേണ്ടതിനാലും പുതിയ പ്രവേശന പ്രവർത്തനങ്ങളെ രാജി ബാധിക്കുമെന്നതിനാലും വിദ്യാർഥികളും രക്ഷിതാക്കളും പരാതിയുമായി വന്നതോടെയാണ് സ്വാദിഖലി തങ്ങൾ രാജിവെച്ചവരെ തിരിച്ചുവിളിക്കുന്ന നിലപാട് സ്വീകരിച്ചത്. ഈ കത്ത് സാമൂഹിക മാധ്യമങ്ങളിൽ പരന്നതോടെ ഇ കെ വിഭാഗം ആശയക്കുഴപ്പത്തിലായി.

രാജി നൽകി അധികം കഴിയുന്നതിന് മുമ്പ് തന്നെ ഹകീം ഫൈസിയോടും കൂട്ടരോടും തത്്സ്ഥാനത്ത് തന്നെ തുടരാൻ ആവശ്യപ്പെട്ടത് ഇ കെ വിഭാഗം നേതാക്കളുമായുള്ള ധാരണക്ക് വിരുദ്ധമാണെന്നും അദ്ദേഹത്തിന്റെ സമ്മർദത്തിന് സ്വാദിഖലി തങ്ങൾ വഴങ്ങിയെന്നുമുള്ള വ്യാഖ്യാനമാണ് വന്നത്.

ഹകീം ഫൈസിയുടെ രാജി തള്ളിയെന്ന തരത്തിൽ വാർത്തകൾ കൂടി വന്നതോടെ വിശദീകരണവുമായി ഇന്നലെ സ്വാദിഖലി തങ്ങൾ രംഗത്തെത്തി. “സി ഐ സിയുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ “സമസ്ത’യും സി ഐ സിയുമായും ഞാൻ നടത്തിയ ചർച്ചകൾക്കനുസരിച്ച് ഹകീം ഫൈസി എനിക്ക് രാജി സമർപ്പിച്ചതാണ്. ഇക്കാര്യം പൂർത്തിയാക്കാൻ സി ഐ സിയുടെ സെനറ്റ് ചേർന്ന് അംഗീകരിക്കേണ്ടതുണ്ട്.

എന്നാൽ, അതുവരെ അവിടെ പഠിക്കുന്ന വിദ്യാർഥികളുടെ പരീക്ഷയും പഠനവും മുടങ്ങാതിരിക്കാൻ അദ്ദേഹത്തോടൊപ്പം രാജിവെച്ചുവെന്ന് പറയുന്ന മുഴുവൻ അധ്യാപകരും ജീവനക്കാരും മറ്റ് ചുമതലക്കാരും തിരിച്ചുവന്ന് അവരവരുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിന് വേണ്ടിയാണ് സി ഐ സിക്ക് കത്ത് നൽകിയത്. പഠനവും പരീക്ഷയും പ്രവേശനവും മുടങ്ങരുതെന്നായിരുന്നു ഇതിന്റെ താത്പര്യം. ഇത് മറ്റ് രീതിയിൽ വ്യാഖ്യാനിക്കുന്നത് ശരിയല്ല’- അദ്ദേഹം വിശദീകരിച്ചു.

അതേസമയം, ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും മറ്റും കൂടുതൽ വിവാദങ്ങളിലേക്ക് പോകരുതെന്ന് സി ഐ സി ഭാരവാഹികളോട് സ്വാദിഖലി തങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇ കെ വിഭാഗം വിശദീകരണ യോഗങ്ങളുമായി മുന്നോട്ടു പോകുകയാണ്. ഇത്തരം പരിപാടികൾ ഒഴിവാക്കണമെന്ന് നേരത്തേ ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നതാണ്. ഇത് മുഖവിലക്കെടുക്കാതെയാണ് ഇ കെ വിഭാഗം മുന്നോട്ട് നീങ്ങുന്നത്. അതിനിടെ, സി ഐ സി സെക്രട്ടറി ഹകീം ഫൈസി ആദൃശ്ശേരിയുമായി വേദി പങ്കിടുന്നത് വിലക്കുന്നത് “സമസ്ത’ അല്ലെന്നും “സമസ്ത’യുടെ പേരിൽ ചിലരാണെന്നും, മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലിയുടെ പശ്ചാത്തലത്തിൽ ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ സ്വാദിഖലി തങ്ങൾ ഇന്നലെ വ്യക്തമാക്കിയിരുന്നു. വിലക്കുണ്ടായത് യാദൃച്്ഛികമാണെന്നും തങ്ങൾ വിശദീകരിച്ചു. കുഴഞ്ഞുമറിഞ്ഞുള്ള വിവാദങ്ങൾ ആശയക്കുഴപ്പം സൃഷ്ടിച്ചുകൊണ്ടിരിക്കെ ഇരു വിഭാഗവും സ്വാദിഖലി ശിഹാബ് തങ്ങളിൽ സമ്മർദം തുടരുകയാണ്.

റിപ്പോർട്ടർ, മലപ്പുറം ബ്യൂറോ