Connect with us

National

ചൈന കടന്നുകയറുന്നു, മോദീ, നിങ്ങൾ കറുപ്പ് കഴിച്ച് ഉറങ്ങുകയാണോ? - പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ച് ഖാർഗെ

നരേന്ദ്ര മോദി 'നുണയന്മാരുടെ സർദാർ' എന്നും ഖാർഗെ

Published

|

Last Updated

ജയ്പൂർ | പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷമായ ആക്രമണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രിയെ ‘നുണയന്മാരുടെ സർദാർ’ എന്ന് വിശേഷിപ്പിച്ച ഖാർഗെ, ചൈന ഇന്ത്യൻ പ്രദേശത്ത് കടന്നുകയറിയപ്പോൾ അദ്ദേഹം ‘കറുപ്പ്’ കഴിച്ച് ഉറങ്ങിയെന്നും ആരോപിച്ചു. രാജസ്ഥാനിലെ ചിത്തോർഗഡിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഖാർഗെ.

മോദി രാജ്യത്തിന് വേണ്ടിയല്ല ചിന്തിക്കുന്നതെന്നും എന്നാൽ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ഗാന്ധി കുടുംബത്തെ അധിക്ഷേപിക്കുന്ന തിരക്കിലാണെന്നും അദ്ദേഹം ആരോപിച്ചു.

‘എനിക്ക് 56 ഇഞ്ച് നെഞ്ച് ഉണ്ട്, ഞാൻ ഭയപ്പെടില്ല’ എന്ന് മോദി പറയുന്നു. നിങ്ങൾക്ക് ഭയമില്ലെങ്കിൽ പിന്നെ എന്തിനാണ് ഞങ്ങളുടെ ഭൂമിയുടെ വലിയൊരു ഭാഗം ചൈനയ്ക്ക് വിട്ടുകൊടുത്തത്. അവർ അകത്തേക്ക് വരുമ്പോൾ നിങ്ങൾ ഉറങ്ങുകയാണ്. നിങ്ങൾ ഉറക്കഗുളികകൾ കഴിച്ചിട്ടുണ്ടോ? രാജസ്ഥാനിലെ വയലുകളിൽ നിന്ന് അവർ കറുപ്പ് (ബ്രൗൺ ഷുഗർ) എടുത്ത് നിങ്ങൾക്ക് നൽകിയോ? – ഖാർഗെ പരിഹാസ്യ രൂപേണ ചോദിച്ചു.

രാജ്യത്തെ ജനങ്ങളെ പീഡിപ്പിച്ച് കൂടെ കൊണ്ടുപോകാനാണ് മോദി ആഗ്രഹിക്കുന്നത്. അദ്ദേഹം എപ്പോഴും കള്ളം പറഞ്ഞുകൊണ്ടേയിരിക്കുന്നു. അദ്ദേഹം നുണയന്മാരുടെ സർദാറാണ് – ഖാർഗെ കൂട്ടിച്ചേർത്തു.

1989 മുതൽ ഗാന്ധി കുടുംബത്തിൽ നിന്ന് ആരും പ്രധാനമന്ത്രിയോ മന്ത്രിയോ ആയിട്ടില്ല, എന്നിട്ടും മോദി രാജവംശ രാഷ്ട്രീയത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് പാർട്ടി സ്ഥാനാർത്ഥി ഉദയ് ലാൽ അഞ്ജനയെ പിന്തുണച്ച് സംഘടിപ്പിച്ച റാലിയിൽ കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു. ഗാന്ധി കുടുംബത്തിലെ അംഗങ്ങൾ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചുവെന്നും ഖാർഗെ വ്യക്തമാക്കി.

പ്രധാനമന്ത്രി വിദേശ രാജ്യങ്ങളിൽ പര്യടനം നടത്തി, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തുടനീളം സന്ദർശിച്ചു, എന്നാൽ കലാപത്തിന് സാക്ഷ്യം വഹിച്ച മണിപ്പൂരിൽ അദ്ദേഹം ഇതുവരെ പോയിട്ടില്ലെന്നും ഖാർഗെ കുറ്റപ്പെടുത്തി.

Latest