ആരോഗ്യം
കുഞ്ഞുങ്ങളുടെ ആരോഗ്യം; കരുതൽ അനിവാര്യം
കുഞ്ഞിന്റെ ആദ്യ രണ്ടായിരം ദിവസങ്ങൾ അവരുടെ ഭാവി നിർണയിക്കുന്ന പ്രധാന ഘട്ടമാണ്. ഈ കാലത്ത് ശരിയായ പോഷണവും പരിചരണവും ഉറപ്പാക്കുന്നത് ആരോഗ്യകരമായ ഒരു തലമുറയെ വളർത്താൻ സഹായിക്കും.
സ്ത്രീകളുടെയും കുട്ടികളുടെയും കൗമാരക്കാരുടെയും സമഗ്ര ആരോഗ്യ പരിപാലനത്തിനായി ദേശീയ തലത്തിൽ എല്ലാ വർഷവും പോഷൺ പഖ്വാഡ ആചരിക്കുന്നു. സമഗ്ര പോഷണം ലക്ഷ്യമിടുന്ന എട്ടാമത്തെ പോഷൺ പഖ്വാഡ ഏപ്രിൽ ഒന്പത് മുതൽ 23 വരെ ഈ വർഷവും ആചരിക്കുന്നു. ഈ വർഷം പ്രധാനമായി ലക്ഷ്യമിടുന്നത് കുഞ്ഞിന്റെ ആദ്യ ആറ് വർഷങ്ങളിൽ മസ്തിഷ്‌ക വികസനം പരമാവധി പ്രോത്സാഹിപ്പിക്കുക എന്നതാണ്. ഇതിനായി അമ്മയുടെയും കുഞ്ഞിന്റെയും പോഷണം ഉറപ്പുവരുത്തണം. ചെറിയ കുട്ടികൾക്ക് കളികളിലൂടെ പഠനം നൽകുന്നത് വഴി മസ്തിഷ്‌ക വികസനം മെച്ചപ്പെടുന്നു. സ്‌കൂൾ കുട്ടികളിൽ ടി വി, മൊബൈൽ , സ്‌ക്രീൻ എന്നിവയുടെ ദുരുപയോഗം കുറയ്ക്കാൻ മാതാപിതാക്കളും അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കണം. അങ്കൻവാടി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ സമൂഹത്തിന്റെ പങ്കാളിത്തവും ഉറപ്പുവരുത്തണം.
ആരോഗ്യവതിയായ അമ്മക്കാണ് ആരോഗ്യവാനായ കുഞ്ഞിന് ജന്മം നൽകാൻ കഴിയുന്നത്. കൗമാരപ്രായത്തിൽ തന്നെ പെൺകുട്ടികൾക്ക് പോഷകസമൃദ്ധമായ ആഹാരം നൽകണം. ഗർഭധാരണത്തിന് മുമ്പ് ശരീരാരോഗ്യം ഉറപ്പുവരുത്തണം. വിളർച്ച, തൂക്കക്കുറവ്, അമിതവണ്ണം തുടങ്ങിയ പ്രശ്‌നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുകയും ആവശ്യമായ പരിഹാരം കണ്ടെത്തുകയും വേണം.
കുഞ്ഞിന്റെ തലച്ചോറിന്റെ വികസനം വളരെ നേരത്തെ ആരംഭിക്കുന്നു. ഗർഭകാലത്തിന്റെ ആദ്യ ആഴ്ചകളിൽ തന്നെ തലച്ചോറും നട്ടെല്ലും രൂപംകൊള്ളുന്നു. അതിനാൽ ഫോളിക് ആസിഡ് ഗുളികകൾ കഴിക്കുന്നത് നല്ലതാണ്. മാംസ്യം, അന്നജം എന്നിവ അടങ്ങിയ ആഹാരവും, ആയോഡിൻ ചേർത്ത ഉപ്പും മത്സ്യങ്ങൾ, പയർവർഗങ്ങൾ എന്നിവയും മസ്തിഷ്‌ക വികാസത്തിന് സഹായിക്കുന്നു.
ജനിച്ച് രണ്ട് വയസ്സിനുള്ളിൽ തലച്ചോറിന്റെ 80 -90 ശതമാനം വരെ വികസനം നടക്കുന്നതിനാൽ ഈ കാലഘട്ടവും വളരെ പ്രധാനമാണ്. ആറുമാസം വരെ കുഞ്ഞിന് മുലപ്പാൽ മാത്രം നൽകണം. തുടർന്ന് പൂരക ആഹാരം ക്രമമായി ആരംഭിക്കണം. ഒരു വയസ്സാകുമ്പോൾ സാധാരണ കുടുംബ ആഹാരത്തിലേക്ക് കുട്ടിയെ പരിചയപ്പെടുത്തണം. വളർച്ച വേഗത്തിൽ നടക്കുന്ന ഈ ഘട്ടത്തിൽ മതിയായ പോഷണം ലഭിക്കുന്നു എന്നതും ഉറപ്പുവരുത്തണം.
രണ്ട് മുതൽ ആറ് വയസ്സ് വരെ കുട്ടികളുടെ ഭാഷ, ഓർമശക്തി, സാമൂഹിക ഇടപെടൽ എന്നിവ വികസിക്കുന്ന ഘട്ടമാണ്. ഈ സമയത്ത് ആരോഗ്യകരമായ ആഹാരശീലങ്ങൾ വളർത്തണം. സംസ്‌കരിച്ച ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കണം. ദിവസേന കളിക്കാൻ സമയം അനുവദിക്കണം. ടി വി, മൊബൈൽ ഉപയോഗം നിയന്ത്രിക്കണം. പാൽ, പയർവർഗങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവ മതിയായ തോതിൽ നൽകണം. കുഞ്ഞിന്റെ ആദ്യ രണ്ടായിരം ദിവസങ്ങൾ അവരുടെ ഭാവി നിർണയിക്കുന്ന പ്രധാന ഘട്ടമാണ്. ഈ കാലത്ത് ശരിയായ പോഷണവും പരിചരണവും ഉറപ്പാക്കുന്നത് ആരോഗ്യകരമായ ഒരു തലമുറയെ വളർത്താൻ സഹായിക്കും.







