Connect with us

Kerala

മുഖ്യമന്ത്രി പദം: കോണ്‍ഗ്രസ്സിലെ ചേരിതിരിഞ്ഞുള്ള തര്‍ക്കത്തില്‍ മുസ്‌ലിം ലീഗിന് അതൃപ്തി

പത്തരമാറ്റ് തിളക്കത്തോടെ യു ഡി എഫ് അധികാരത്തിലെത്തിയപ്പോള്‍ അതിന്റെ നിറം കെടുത്തുന്നതാണ് ഇപ്പോള്‍ തെരുവില്‍ നടക്കുന്നതെന്നാണ് ലീഗ് വിമര്‍ശനം.

Published

|

Last Updated

മലപ്പുറം | മുഖ്യമന്ത്രി ആരാവണമെന്നതിനെ ചൊല്ലി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് തെരുവില്‍ പ്രകടനം നടത്തുന്നതില്‍ മുസ്‌ലിം ലീഗിന് കടുത്ത അതൃപ്തി. ഇക്കാര്യം ലീഗ് കോണ്‍ഗ്രസ്സ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പത്തരമാറ്റ് തിളക്കത്തോടെ യു ഡി എഫ് അധികാരത്തിലെത്തിയപ്പോള്‍ അതിന്റെ നിറം കെടുത്തുന്നതാണ് ഇപ്പോള്‍ തെരുവില്‍ നടക്കുന്നതെന്നാണ് ലീഗ് വിമര്‍ശനം. തിരഞ്ഞെടുപ്പ് പ്രചാരണ രംഗം ചൂട് പിടിച്ചിരുന്നുപ്പോഴും കോണ്‍ഗ്രസ്സിനകത്ത് മുഖ്യമന്ത്രി ചര്‍ച്ച ഉയര്‍ന്നിരുന്നു. ഈ സമയത്തും ലീഗ് വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ തര്‍ക്കം തെരുവിലെത്തിയതാണ് ലീഗിനെ കൂടുതല്‍ അമര്‍ഷത്തിലാക്കിയിരിക്കുന്നത്.

മലപ്പുറം ജില്ലയിലടക്കം വി ഡി സതീശന്‍, കെ സി വേണുഗോപാല്‍ എന്നിവര്‍ക്ക് വേണ്ടി ചേരിതിരിഞ്ഞ് വിവിധ ഇടങ്ങളില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതെല്ലാം അധികാരം ഏറ്റെടുക്കുന്നതിന് മുമ്പേ തുടങ്ങിയത് വോട്ട് നല്‍കിയ ജനങ്ങളെ അവേഹളിക്കുന്നതിന് തുല്ല്യമാണെന്നാണ് ലീഗ് നിലപാട്. ജനങ്ങള്‍ പരിഹാസത്തോടെയാണ് ഇതിനെ കാണുന്നതെന്നും ലീഗ് ആരോപിക്കുന്നു. നേതൃത്വം ഇടപെട്ട് ഇത് ഒഴിവാക്കുകയും കൂടാതെ മുഖ്യമന്ത്രിയെ ഉടനെ തന്നെ പ്രഖ്യാപിക്കുകയും വേണമെന്നാണ് ലീഗ് നിലപാട്. തിരഞ്ഞെടുപ്പ് വിജയത്തിന്റെ നിറം കെടുത്തുന്നതിന് സമാനമാണ് ഇപ്പോള്‍ നടക്കുന്ന ഈ തെരുവ് യുദ്ധമെന്നാണ് പാര്‍ട്ടി ആരോപിക്കുന്നത്.

അതേസമയം, കെ പി സി സി നേതൃത്വമോ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്ന കോണ്‍ഗ്രസ്സ് നേതാക്കളോ ഇക്കാര്യത്തില്‍ മൗനം വെടിയാത്തതും വിമര്‍ശനത്തിനിടയാക്കുന്നുണ്ട്. പരസ്യ പ്രതികരണങ്ങള്‍ക്കെതിരെ നേതാക്കള്‍ തന്നെ രംഗത്ത് വന്നാല്‍ തര്‍ക്കം തെരുവിലേക്ക് വലിച്ചിഴക്കപ്പെടില്ലെന്നാണ് ലീഗ് അണികള്‍ പറയുന്നത്.

 

 

 

---- facebook comment plugin here -----

Latest