Connect with us

Kerala

കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചയെ പരിഹസിച്ച മോദിക്ക് മറുപടിയുമായി ചെന്നിത്തല

നാഗ്പൂരിലെ കല്‍പ്പന അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി | നാഗ്പൂരിലെ കല്‍പ്പന അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് എന്ന് മുതിര്‍ന്ന കേണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചയെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ 50 ദിവസം എടുത്ത പഴയ കാര്യമൊന്നും മോദി മറക്കരുതെന്നും ചെന്നിത്തല പറഞ്ഞു.

അഞ്ച് വര്‍ഷത്തേക്ക് അഞ്ച് മുഖ്യമന്ത്രിമാര്‍ വരട്ടെ എന്നായിരുന്നു മോദിയുടെ പരിഹാസം. ഡല്‍ഹിയില്‍ ഒരു മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ 50 ദിവസം വേണ്ടിവന്ന പ്രധാനമന്ത്രിയാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് വെറും അഞ്ച് ദിവസം മാത്രം പിന്നിടുമ്പോള്‍ കോണ്‍ഗ്രസിനെ പരിഹസിക്കുന്നതെന്നു ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് ഒരു ഏകാധിപത്യ പാര്‍ട്ടിയല്ലെന്നും എല്ലാ തീരുമാനങ്ങളും ജനാധിപത്യപരമായ ചര്‍ച്ചകളിലൂടെയാണ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ പി സി സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ തുടങ്ങിയവര്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. നിരീക്ഷകര്‍ എം എല്‍ എമാരുടെ അഭിപ്രായം തേടി. ഇനി എത്രയും വേഗം പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

നാഗപ്പൂരിലെ കല്‍പ്പന പ്രകാരം മോദിയും അമിത് ഷായും മാത്രം തീരുമാനമെടുക്കുന്നതുപോലുള്ള രീതി കോണ്‍ഗ്രസിനില്ല. എല്ലാവരെയും കേട്ട് തീരുമാനമെടുക്കണമെന്ന് രാഹുല്‍ ഗാന്ധിക്ക് നിര്‍ബന്ധമുണ്ടെന്നും അതുകൊണ്ടാണ് ഈ പ്രക്രിയ നടക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. യാതൊരുവിധ പ്രതിസന്ധികളുമില്ലെന്നും അഞ്ച് ദിവസത്തെ സമയം എന്നത് സ്വാഭാവികമായ ഒരു നടപടിക്രമം മാത്രമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 

Latest