Kerala
ചെങ്ങളം ക്വാറി ദുരന്തം: രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി
ഹിറ്റാച്ചി നിയന്ത്രിച്ചിരുന്ന ഝാര്‍ഖണ്ഡ് സ്വദേശി അജയ് റായ് (38)യുടെ മൃതദേഹമാണ് ദൗത്യസംഘം കണ്ടെത്തിയത്.

കോന്നി | പത്തനംതിട്ട കോന്നി പയ്യനാമണ്‍ ചെങ്ങളത്ത് ക്വാറിയില്‍ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ഹിറ്റാച്ചി നിയന്ത്രിച്ചിരുന്ന ഝാര്‍ഖണ്ഡ് സ്വദേശി അജയ് റായ് (38)യുടെ മൃതദേഹമാണ് പാറമടയുടെ താഴ്ചയിലേക്ക് ഇറങ്ങിയ ദൗത്യസംഘം കണ്ടെത്തിയത്. മൃതദേഹം മുകളിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്.
ലോങ്ങ് ബൂം ഹിറ്റാച്ചി ആലപ്പുഴയില്‍ നിന്നും എത്തിച്ചാണ് നേരത്തെ നിര്‍ത്തിവച്ചിരുന്ന രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചത്. പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാര്‍, എ ഡി എം. ബി ജ്യോതി, ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി എന്നിവര്‍ സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
പത്തനംതിട്ട, കോന്നി എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിരക്ഷാസേന യൂണിറ്റുകള്‍ക്കൊപ്പം ദേശീയ ദുരന്ത നിവാരണ സേന നാലാം ബറ്റാലിയന്‍ ടീം കമാന്‍ഡര്‍ സഞ്ജയ് സിംഗ് മല്‍സുനിയുടെ നേതൃത്വത്തിലുള്ള 27 അംഗ സംഘവും ചേര്‍ന്ന് സമാനതകളില്ലാത്ത രക്ഷാദൗത്യമാണ് നടത്തിയത്. പ്രത്യേക മാസ്റ്റര്‍പ്ലാന്‍ തയാറാക്കിയാണ് സംഘാംഗങ്ങള്‍ പാറമടയിലേക്ക് ഇറങ്ങിയത്. മുകളില്‍ ക്രെയിനില്‍ ഘടിപ്പിച്ച കയറില്‍ നാലുപേരെയും കുടുക്കി താഴേക്ക് ഇറക്കുകയായിരുന്നു. പാറകള്‍ വീണ്ടും ഇടിയുന്നത് രക്ഷാദൗത്യത്തെ സാരമായി ബാധിച്ചിരുന്നു. പാറമട പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് രക്ഷാദൗത്യം നടത്തിയത്.
കോന്നി പയ്യനാമണ്‍ താഴം വില്ലേജിലെ ചെങ്ങളം പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും പതിച്ചുണ്ടായ അപകടത്തിലാണ് അതിഥി സംസ്ഥാന തൊഴിലാളികളായ രണ്ടുപേരുടെ ജീവന്‍ നഷ്ടമായത്. അജയ് റായ് (38), ഒഡീഷ സ്വദേശി മഹാദേവ് (51) എന്നിവരാണ് അപകടത്തില്‍പെട്ടത്. ഇവരില്‍ മഹാദേവിന്റെ മൃതദേഹം ഇന്നലെ വൈകിട്ടോടെ കണ്ടെടുത്തിരുന്നു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.