Connect with us

National

തടിയന്റവിട നസീറിന് സഹായം നല്‍കി; പോലീസുകാരനും ഡോക്ടറും അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

ബെംഗളൂരുവിലും കോലാറിലും ഉള്‍പ്പെടെ അഞ്ച് സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡിലാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്

Published

|

Last Updated

ബെംഗളൂരു |  തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറിന് സഹായം നല്‍കിയ ഡോക്ടറും പോലീസുകാരനുമടക്കം മൂന്ന് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ജയില്‍ മനോരോഗ വിദഗ്ധന്‍ ഡോക്ടര്‍ നാഗരാജ്, എഎസ്ഐ ചാന്ദ് പാഷ, അനീസ ഫാത്തിമ എന്നിവരാണ് അറസ്റ്റിലായത്.തടിയന്റവിട നസീറിന് ജയിലിലേക്ക് ഫോണ്‍ ഒളിച്ചു കടത്തി എത്തിച്ചു നല്‍കിയതിനാണ് ഡോക്ടര്‍ നാഗരാജിനെ അറസ്റ്റ് ചെയ്തത്. പരപ്പന അഗ്രഹാര ജയിലിലെ സൈക്യാട്രിസ്റ്റ് ആണ് ഡോ. നാഗരാജ്

നസീറിനെ വിവിധ കോടതികളിലേക്ക് എത്തിക്കുന്നതിന്റെ വിവരങ്ങള്‍ കൈമാറിയതിനാണ് സിറ്റി ആംഡ് റിസര്‍വിലെ എഎസ്ഐ ചാന്ദ് പാഷയെ അറസ്റ്റ് ചെയ്തത്. വിവിധ തീവ്രവാദ കേസുകളില്‍ പ്രതിയായ ജുനൈദ് അഹമ്മദിന്റെ മാതാവ് അനീസ് ഫാത്തിമയാണ് അറസ്റ്റിലായ മറ്റൊരാള്‍. തടിയന്റെവിട നസീറിന് വിവരങ്ങള്‍ കൈമാറുകയും പണം ജയിലില്‍ എത്തിച്ചു നല്‍കുകയും ചെയ്തു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരുടെ അറസ്റ്റ്.

2023ല്‍ ബംഗളൂരു പരപ്പന സെട്രല്‍ ജയില്‍ കേന്ദ്രീകരിച്ച് ലശകര്‍ ഇ ത്വയ്ബയുടെ സ്ലീപ്പര്‍ സെല്‍ നഗരത്തില്‍ വിവിധ ഇടങ്ങളില്‍ സ്ഫോടനം നടത്തുമെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. തടിയന്റവിട നസീറിന്റെ നേതൃത്വത്തിലായിരുന്നു ഇതെന്നും കണ്ടെത്തിയിരുന്നു. ഈ കേസില്‍ 8 പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ബെംഗളൂരുവിലും കോലാറിലും ഉള്‍പ്പെടെ അഞ്ച് സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡിലാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്.

Latest