Kerala
തിരുവനന്തപുരത്ത് ഹോട്ടല്‍ ഉടമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; രണ്ട് പേര്‍ പിടിയില്‍
പ്രതികള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് നാല് പോലീസുകാര്‍ക്ക് പരുക്കേറ്റു.

തിരുവനന്തപുരം | തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ പിടിയില്‍. അടിമലത്തുറയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. അടിമലത്തുറ സ്വദേശി രാജേഷ് ആണ് പിടിയിലായവരില്‍ ഒരാള്‍. പിടികൂടുന്നതിനിടെ പ്രതികള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് നാല് പോലീസുകാര്‍ക്ക് പരുക്കേറ്റു. പിടിയിലായ ഇരുവരും ഹോട്ടലിലെ ജീവനക്കാരാണ്. കൃത്യം നടത്തിയ ശേഷം ഇവര്‍ ഒളിവില്‍ പോയിരുന്നുവെന്നാണ് അറിയുന്നത്.
കോട്ടണ്‍ഹില്‍ സ്‌കൂളിനു സമീപത്തെ കേരള കഫേ ഹോട്ടല്‍ ഉടമ ജസ്റ്റിന്‍ രാജിനെ ആണ് ഇടപ്പഴിഞ്ഞിയില്‍ ഹോട്ടല്‍ ജീവനക്കാര്‍ താമസിക്കുന്ന വീടിന്റെ പുരയിടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പായ കൊണ്ടു മൂടിയ നിലയിലായിരുന്നു മൃതദേഹം.
ജസ്റ്റിന്‍ രാജ് ആണ് എല്ലാ ദിവസവും പുലര്‍ച്ചെ 5ന് ഹോട്ടല്‍ തുറക്കുന്നത്. 8 ജീവനക്കാരാണ് ഹോട്ടലിലുള്ളത്. ഇതില്‍ രണ്ടു പേര്‍ ഇന്നലെ ജോലിക്ക് എത്തിയില്ല. ഇവരെ തിരക്കി മാനേജരുടെ ഇരുചക്ര വാഹനത്തില്‍ ജസ്റ്റിന്‍രാജ് ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടില്‍ പോയിരുന്നു. ഉച്ചവരെ കാണാത്തതിനാല്‍ ഹോട്ടലിലെ മറ്റു ജീവനക്കാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പുരയിടത്തില്‍ മൃതദേഹം കണ്ടെത്തിയത്. മാനേജരുടെ വാഹനവും കാണാനില്ല.. മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എം സത്യനേശന്റെ മരുമകനാണ് ജസ്റ്റിന്‍ രാജ്.