Connect with us

National

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് സാധ്യത; പ്രവചനവുമായി പവാര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ കൈകോര്‍ത്തുള്ള നീക്കങ്ങളുണ്ടാകണം. ഇല്ലെങ്കില്‍ ബി ജെ പിയെ പരാജയപ്പെടുത്തുക പ്രയാസമാകും.

Published

|

Last Updated

ന്യൂഡല്‍ഹി | കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് അനുകൂലമാകാന്‍ നല്ല സാധ്യതയുണ്ടെന്ന് എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍. ദേശീയ തലത്തിലെയും സംസ്ഥാനത്തെയും വിഷയങ്ങളെ തമ്മില്‍ ബന്ധപ്പെടുത്തിയുള്ള പ്രചാരണത്തിനാണ് ബി ജെ പി മുതിരുന്നത്. എന്നാല്‍, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വീക്ഷണ കോണില്‍ കര്‍ണാടക തിരഞ്ഞെടുപ്പിനെ കാണേണ്ടതില്ലെന്നാണ് തന്റെ നിലപാടെന്ന് ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവേ പവാര്‍ പറഞ്ഞു.

‘കേന്ദ്രത്തിലേക്കും സംസ്ഥാനത്തേക്കുമായി രണ്ട് തിരഞ്ഞെടുപ്പുകളാണ് മുന്നിലുള്ളത്. അതിനെ രണ്ടായി തന്നെ കാണണം. നിങ്ങള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും സംസ്ഥാന തിരഞ്ഞെടുപ്പ് കേന്ദ്രത്തിലേക്കുള്ളതില്‍ നിന്ന് വ്യത്യസ്തമാണെന്നു തന്നെയാണ് എന്റെ വ്യക്തിപരമായ വിലയിരുത്തല്‍.’- പവാര്‍ വ്യക്തമാക്കി.

‘കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ബി ജെ പി സര്‍ക്കാരല്ല ഭരിക്കുന്നതെന്ന് നാം കാണേണ്ടതുണ്ട്. ഈ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് തന്നെയാണ് എന്റെ കണക്കുകൂട്ടല്‍.’

കേന്ദ്രത്തില്‍ ബി ജെ പിയാണ് അധികാരത്തിലുള്ളതെങ്കിലും സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി ഇതര പാര്‍ട്ടികള്‍ക്ക് വിജയിക്കാനുള്ള സാഹചര്യം സംബന്ധിച്ച ചില വസ്തുതകള്‍ എന്‍ സി പി തലവന്‍ വിശദീകരിച്ചു. രാജസ്ഥാന്‍, ഡല്‍ഹി, പഞ്ചാബ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാങ്ങളിലെല്ലാം അധികാരത്തിലുള്ളത് ബി ജെ പി ഇതര സര്‍ക്കാരുകളാണ്. മധ്യപ്രദേശിലും കമല്‍ നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് ഭരണത്തിലുണ്ടായിരുന്നത്. എന്നാല്‍, എം എല്‍ എമാരെ അടര്‍ത്തിയെടുത്ത് ബി ജെ പി സര്‍ക്കാര്‍ രൂപവത്കരിക്കുകയായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ കൈകോര്‍ത്തുള്ള നീക്കങ്ങളുണ്ടാകണമെന്നും ഇല്ലെങ്കില്‍ ബി ജെ പിയെ പരാജയപ്പെടുത്തുക പ്രയാസമാകുമെന്നും പവാര്‍ പറഞ്ഞു. ഒറ്റക്കെട്ടായി എന്തെങ്കിലും ചെയ്യുക മാത്രമേ പോംവഴിയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയില്‍ ബി ജെ പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കി ഉദ്ധവ് താക്കറെയുടെ ശിവസേനക്കും കോണ്‍ഗ്രസിനുമൊപ്പം സര്‍ക്കാര്‍ രൂപവത്ക്കരിക്കാനായതിന്റെ അനുഭവം പവാറിനുണ്ട്. എന്നാല്‍ ആ സഖ്യത്തിന് കുറഞ്ഞ ആയുസേ ഉണ്ടായിരുന്നുള്ളൂ. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനാ എം എല്‍ എമാര്‍ വിമത ശബ്ദമുയര്‍ത്തുകയും പിന്നീട് ബി ജെ പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കുകയുമായിരുന്നു.

കര്‍ണാടകയില്‍ വീണ്ടും അധികാരത്തിലെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. 2008ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചാണ് ദക്ഷിണ മേഖലയിലെ ഒരു സംസ്ഥാനത്ത് ആദ്യമായി ബി ജെ പി ഭരണം സ്വന്തമാക്കിയത്.

മെയ് 10നാണ് കര്‍ണാടകയില്‍ വോട്ടെടുപ്പ് നടക്കുന്നത്. 13നാണ് വോട്ടെണ്ണല്‍.

---- facebook comment plugin here -----

Latest