Connect with us

chaliyam puzhakkara masjid

'ചാലിയം പുഴക്കര പള്ളിക്ക് വർത്തമാന കാലത്ത് വലിയ പ്രസക്തി'

1531 ൽ പോർച്ചുഗീസുകാർ പള്ളി പൊളിച്ചു കോട്ട കെട്ടിയെങ്കിലും സാമൂതിരിയുടെ നേതൃത്വത്തിലുള്ള പടയാളികൾ കോട്ട തകർത്തു പള്ളി പുനർ നിർമിച്ചു.

Published

|

Last Updated

സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രത്തിൽ ഇടം നേടിയ ചാലിയം പുഴക്കര പള്ളിക്ക് വർത്തമാനകാലത്ത് വലിയ പ്രസക്തിയുണ്ടെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. 1531 ൽ പോർച്ചുഗീസുകാർ പള്ളി പൊളിച്ചു കോട്ട കെട്ടിയെങ്കിലും സാമൂതിരിയുടെ നേതൃത്വത്തിലുള്ള പടയാളികൾ കോട്ട തകർത്തു പള്ളി പുനർ നിർമിച്ചതായും പറയപ്പെടുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് അറേബ്യയിൽ നിന്ന് ഇസ്ലാം മത പ്രബോധനത്തിനായി മാലിക് ബിൻ ദീനാറിൻ്റെ നേതൃത്വത്തിൽ കേരളത്തിലെത്തിയ സംഘം മലബാറിൽ ആദ്യമായി നിർമ്മിച്ച 10 മസ്ജിദുകളിലൊന്നാണ് ചാലിയം പള്ളിയെന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്. വില്യം ലോഗൻ്റെ മലബാർ മാന്വലിലും ഈ പള്ളിയെക്കുറിച്ച് പറയുന്നുണ്ട്. കോഴിക്കോട് കടലുണ്ടി ഗ്രാമ പഞ്ചായത്തിലാണ് ചാലിയം പുഴക്കര പള്ളി സ്ഥിതി ചെയ്യുന്നതെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

മാതൃകയാക്കാം ചാലിയം പുഴക്കര പള്ളിയുടെ ചരിത്രത്തെ….

കടലുണ്ടി ഗ്രാമ പഞ്ചായത്തിലെ ചാലിയം പുഴക്കര പള്ളി സന്ദർശിച്ചിരുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് അറേബ്യയിൽ നിന്ന് ഇസ്ലാം മത പ്രബോധനത്തിനായി മാലിക് ബിൻ ദീനാറിൻ്റെ നേതൃത്വത്തിൽ കേരളത്തിലെത്തിയ സംഘം മലബാറിൽ ആദ്യമായി നിർമ്മിച്ച 10 മസ്ജിദുകളിലൊന്നാണ് ചാലിയം പള്ളിയെന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്. വില്യം ലോഗൻ്റെ മലബാർ മാന്വലിലും ഈ പള്ളിയെക്കുറിച്ച് പറയുന്നുണ്ട്.
സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രത്തിൽ ഇടം നേടിയ ഈ പള്ളിക്ക് വർത്തമാനകാലത്ത് വലിയ പ്രസക്തിയുണ്ട്. നമ്മുടെ നാടിന് അറേബ്യയുമായുള്ള വ്യാപാര – വാണിജ്യ ബന്ധത്തിൻ്റെ ആവിർഭാവവും ഇക്കാലത്തായതിനാൽ ചരിത്ര പ്രാധാന്യം ഏറെയാണ്.
സിലോണി (ശ്രീലങ്ക)ലെ ആദം മലയിൽ തീർത്ഥാടനത്തിനു പുറപ്പെട്ട മാലിക് ബിൻ ദീനാറും സംഘവും ധർമ്മടത്ത് എത്തുകയും പിന്നീട് കൊടുങ്ങല്ലൂരിലേക്ക് തിരിച്ച് അവിടെ വാസമുറപ്പിച്ചാണ് മലബാറിലെ വിവിധ കേന്ദ്രങ്ങളിൽ പള്ളികൾ പണിയാൻ സംഘത്തിലെ ഓരോരുത്തരെ നിയോഗിച്ചതെന്നുമാണ് ചരിത്ര രേഖയിലുള്ളത്. ചാലിയത്തു പള്ളി നിർമ്മിക്കാൻ ചുമതലപ്പെടുത്തിയത് മാലിക് ബിൻ ഹബീബിനെയായിരുന്നു. ഇദ്ദേഹം അഞ്ചുമാസം ചാലിയത്തു താമസിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. പള്ളി പിന്നീട് 1531 ൽ പോർച്ചുഗീസുകാർ പൊളിച്ചു കോട്ട കെട്ടിയെങ്കിലും സാമൂതിരിയുടെ നേതൃത്വത്തിലുള്ള പടയാളികൾ കോട്ട തകർത്തു പള്ളി പുനർ നിർമ്മിച്ചതായും പറയപ്പെടുന്നു.

പുരാതന കാലത്തു ബാങ്കുവിളിക്കാനുള്ള സമയമറിയാൻ പള്ളിയ്ക്കു മുമ്പിൽ സ്ഥാപിച്ച സമയ മാപിനിയും പള്ളിയും പരിസരവും കണ്ട ശേഷം കമ്മിറ്റി ഭാരവാഹികളുമായും വിശദമായി സംസാരിക്കാനായി. പള്ളി നടത്തിപ്പ് നിർവ്വഹിച്ചുവരുന്ന ചാലിയം മുസ്ലീം ജം ഇയ്യത്ത് സംഘം സെക്രട്ടറി ഇ എം അബ്ദുൽ അസീസ് , പള്ളി ഇമാം എസ് അബ്ദുൽ അസീസ് മൗലവി, പി അബ്ദുൽ മജീദ്, എസ് എം അബ്ദുൽ ജബ്ബാർ, എ മുഹമ്മദ് അബ്ദുൽ ജലീൽ തുടങ്ങിയവർ ഏറെ സ്നേഹത്തോടെയാണ് വരവേറ്റത്. എം ഗിരീഷ്, ടി രാധാ ഗോപി, ബാദുഷ കടലുണ്ടി, എം സമീഷ്, എ ഹസ്സൻ, ഡിടിപിസി സെക്രട്ടറി നിഖിൽദാസ് തുടങ്ങിയവരും ജനപ്രതിനിധികളും കൂടെയുണ്ടായിരുന്നു.