Connect with us

Articles

നബിദിനാഘോഷം: പ്രമാണം ചികയുന്നവരോട്

നബി(സ)യുടെ പേരില്‍ സന്തോഷം പ്രകടിപ്പിക്കുകയെന്നത് ഇസ്ലാമില്‍ പൊതുവായി പ്രോത്സാഹിപ്പിക്കപ്പെട്ട പ്രതിഫലാര്‍ഹമായ പുണ്യ കര്‍മമാണ്. ഇതും ക്ലിപ്തമായ ഒരു രീതിയില്‍ മാത്രമേ ആകാവൂ എന്ന് ശരീഅത്ത് നിഷ്‌കര്‍ശിച്ചിട്ടില്ല. മറ്റു നിയമങ്ങള്‍ക്ക് വിരുദ്ധമല്ലാത്തതും അനുവദനീയവുമായ ഏത് നല്ല കാര്യം ചെയ്തും നബി(സ)യുടെ പേരില്‍ സന്തോഷം പ്രകടിപ്പിക്കാം. കേരളത്തിലെ ആദ്യകാല മുജാഹിദുകള്‍ വിപുലമായ രീതിയില്‍ നബിദിനമാഘോഷിച്ചിരുന്നു.

Published

|

Last Updated

തിരുനബി(സ)യുടെ ജന്മത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയെന്നതാണ് നബിദിനാഘോഷം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് പ്രമാണബദ്ധമാണോ എന്ന കാര്യത്തില്‍ മുസ്ലിംകളും സമുദായത്തിലെ പുത്തനാശയക്കാരായ മുജാഹിദുകളും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ട്. മുസ്ലിം മുഖ്യധാരയായ സുന്നികളുടെ വാദം തിരുജന്മത്തില്‍ സന്തോഷം പ്രകടിപ്പിക്കുന്നത് പ്രതിഫലാര്‍ഹമായ പുണ്യകര്‍മവും പ്രമാണബദ്ധമായ സുന്നത്തു(സദാചാരം)മാണ് എന്നതാണ്. ഇത് ശിക്ഷാര്‍ഹമായ അനാചാര(ബിദ്അത്ത്)മാണെന്നാണ് പുതിയകാല മുജാഹിദുകളുടെ വാദം.

ഈ വിഷയത്തിന്റെ പ്രാമാണികത പഠന വിധേയമാക്കുമ്പോള്‍ സുന്നത്ത്, ബിദ്അത്ത് എന്നീ മത സാങ്കേതിക പദങ്ങളെ കുറിച്ച് ചെറിയ വിശകലനം ആവശ്യമാണ്. സുന്നത്ത് എന്ന പദത്തിന്റെ ഭാഷാര്‍ഥം മാര്‍ഗം, വഴി, പതിവ്, കീഴ്വഴക്കം എന്നൊക്കെയാണ്. മത ഭാഷയില്‍ വ്യത്യസ്ത ഘട്ടങ്ങളില്‍ വിവിധ ആശയങ്ങള്‍ ഉദ്ദേശിക്കപ്പെടുന്നുണ്ട്. ഫര്‍ള്- സുന്നത്ത് എന്ന് പ്രയോഗിക്കുമ്പോള്‍ പ്രവര്‍ത്തിച്ചാല്‍ പ്രതിഫലമുള്ളതും ഉപേക്ഷിച്ചാല്‍ കുറ്റമില്ലാത്തതും എന്നാണ് അര്‍ഥമാക്കുന്നത്. എന്നാല്‍ ഖുര്‍ആന്‍- സുന്നത്ത് എന്ന് പറയുമ്പോള്‍ പ്രവാചകരുടെ വാക്കുകള്‍, പ്രവര്‍ത്തനങ്ങള്‍, മൗനാനുവാദങ്ങള്‍ എന്നാണ് സുന്നത്ത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. ഇനി സുന്നത്ത്- ബിദ്അത്ത് എന്ന രീതിയില്‍ ബിദ്അത്തിന്റെ എതിരിലായി ഉപയോഗിക്കുമ്പോള്‍ ചതുര്‍ പ്രമാണങ്ങളില്‍ ഏതെങ്കിലുമൊന്നിന് വിധേയമാണെങ്കില്‍ അതിനെ സുന്നത്ത്(സദാചാരം) എന്നും പ്രമാണങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമാണെങ്കില്‍ ബിദ്അത്ത്(അനാചാരം) എന്നും പറയുന്നു. നബി(സ)യുടെ പേരില്‍ സന്തോഷം പ്രകടിപ്പിക്കല്‍ പ്രമാണബദ്ധമായ പുണ്യകര്‍മമാണ്.

പ്രമാണങ്ങളില്‍
പുണ്യകര്‍മങ്ങള്‍ രണ്ട് വിധമുണ്ട്. ഒന്ന്, പ്രത്യേക രീതിയും സമയവുമൊക്കെ നിശ്ചയിക്കപ്പെട്ടവ. അഞ്ച് നേരത്തെ നിസ്‌കാരം, നോമ്പ്, സക്കാത്ത്, ഹജ്ജ് തുടങ്ങിയവ ഇതിന്റെ ഉദാഹരണങ്ങളാണ്. ഇവയില്‍ സമയമോ രീതിയോ മാറ്റാനും തിരുത്താനും കൂട്ടിച്ചേര്‍ക്കാനും അനുവാദമില്ല. സുബ്ഹി രണ്ട് റക്അത്താണ്. നല്ലതല്ലേ എന്ന് കരുതി അത് പത്തോ ഇരുപതോ റക്അത്ത് നിസ്‌കരിക്കാന്‍ പാടില്ല. റുകൂഉകളില്‍ തസ്ബീഹ് ചൊല്ലാനാണ് നബി(സ) പഠിപ്പിച്ചത്. അതിനേക്കാള്‍ പ്രതിഫലമുള്ള ഖുര്‍ആന്‍ പാരായണം തസ്ബീഹിന് പകരമാകാന്‍ പാടില്ല. സകാത്ത് പ്രത്യേകമായ അളവും സമയവും വിതരണ രീതിയുമൊക്കെ നിശ്ചയിക്കപ്പെട്ട പുണ്യകര്‍മമാണ്. അത് ആ ക്രമത്തിലല്ലാതെ വിതരണം ചെയ്യാന്‍ പാടില്ലാത്തത് കൊണ്ടാണ് സക്കാത്ത് കമ്മിറ്റിയെ മുസ്ലിംകള്‍ എതിര്‍ക്കുന്നത്. ജുമുഅയും അതിന്റെ രണ്ട് ഖുത്വുബയും പ്രത്യേകമായ സമയവും രീതിയും നിശ്ചയിക്കപ്പെട്ട ഇബാദത്താണ്. സാധാരണ പ്രസംഗം പോലെ ഏത് സമയത്തും ഏത് ഭാഷയിലും അത് ചെയ്യാന്‍ പാടില്ല. അത് നിശ്ചിത ദിവസം നിശ്ചിത സമയത്ത് അറബി ഭാഷയില്‍ തന്നെ നിര്‍വഹിക്കപ്പെടണം.

പുണ്യ കര്‍മങ്ങളില്‍ രണ്ടാമത്തെ ഇനം പൊതുവില്‍ പ്രോത്സാഹിപ്പിക്കപ്പെട്ടതും പ്രത്യേക രൂപവും സമയവും നിശ്ചയിക്കപ്പെടാത്തതുമാണ്. ദിക്റ്- സ്വലാത്തുകള്‍ വര്‍ധിപ്പിക്കല്‍, അറിവ് പകര്‍ന്ന് നല്‍കല്‍, മതപ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തല്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇത്തരം പുണ്യകര്‍മങ്ങള്‍ പ്രയോഗവത്കരിക്കുന്നതിന് സൗകര്യപ്രദമായ രീതിയും രൂപവും ആവിഷ്‌കരിക്കാന്‍ അല്ലാഹു അനുമതി തന്നിട്ടുണ്ട്. നബി(സ) പറയുന്നു, ഇസ്ലാമില്‍ ആരെങ്കിലും ഒരു നല്ല മാതൃകക്ക് തുടക്കം കുറിച്ചാല്‍ അതിന്റെ പ്രതിഫലവും, അവന് ശേഷം ആ മാതൃക ആരെങ്കിലും പിന്തുടര്‍ന്നാല്‍ അവരുടെ പ്രതിഫലം ഒട്ടും കുറക്കാതെ അതിന്റെ ഒരു പങ്കും മാതൃക കാണിച്ചവന് ലഭിക്കും. (മുസ്ലിം). ഇതിനര്‍ഥം ഇസ്ലാമില്‍ ഒരു പുതിയ ആരാധനാ കര്‍മം പടച്ചുണ്ടാക്കിയാല്‍ എന്നല്ല. മറിച്ച് പൊതുവില്‍ പുണ്യകര്‍മമാക്കപ്പെട്ട ഒരു കാര്യം പ്രയോഗവത്കരിക്കാന്‍ ഒരു സിലബസും ടൈം ടേബിളും തയ്യാറാക്കിയാല്‍ എന്നാണ്. ഉദാഹരണത്തിന്, നിങ്ങള്‍ ധാരാളം ദിക്റ് ചൊല്ലുക എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ഇത് ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി പള്ളിയിലെ ഇമാം നാട്ടുകാരോട് പറയുന്നു, നമുക്ക് എല്ലാ ദിവസവും സുബ്ഹിക്ക് ശേഷമുള്ള ദിക്റുകള്‍ ചൊല്ലി ദുആ കഴിഞ്ഞിട്ട് ആയിരം തഹ്ലീല്‍ ചൊല്ലാം. ഇതിനെ നബി(സ) ഇങ്ങനെ ചെയ്തിട്ടുണ്ടോ, സ്വഹാബത്ത് ചെയ്തിട്ടുണ്ടോ തുടങ്ങിയ സംശയങ്ങളുന്നയിച്ച് ചോദ്യം ചെയ്യുന്നവര്‍ പ്രമാണങ്ങളെ സംബന്ധിച്ച് അടിസ്ഥാന വിവരമില്ലാത്തവരാണ്. ഓരോ നാട്ടിലും നടന്നുവരുന്ന മഹ്ളറത്തുല്‍ ബദ് രിയ്യ, മജ്ലിസുന്നൂര്‍, ഹദ്ദാദ് റാതീബ്, സ്വലാത്ത് മജ്ലിസ് തുടങ്ങിയവയെല്ലാം ഈ ഗണത്തില്‍ പെടുന്നതാണ്. ഇപ്രകാരം അറിവ് പ്രചരിപ്പിക്കല്‍ മഹത്തായ പുണ്യകര്‍മമാണ്. അത് ക്ലിപ്തമായ ഒരു രീതിയിലും സമയത്തും മാത്രമേ പാടുള്ളൂ എന്ന് നിഷ്‌കര്‍ശിക്കപ്പെട്ട പുണ്യകര്‍മമല്ല. ശറഇന് വിരുദ്ധമല്ലാത്ത ശാസ്ത്രീയവും കാലികവുമായ ഏത് രീതിയും സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണ് നബി(സ)യുടെ കാലത്തില്ലാത്ത മദ്റസയും പ്രത്യേക പാഠപുസ്തകങ്ങള്‍, സിലബസ്, പരീക്ഷകള്‍, പരീക്ഷാ ബോര്‍ഡ്, മുഫത്തിശുമാര്‍ തുടങ്ങിയ സംവിധാനങ്ങളും, അറബിക് കോളജുകള്‍, ശരീഅത്ത് കോളജുകള്‍, ദഅ്വാ കോളജുകളടക്കം പിന്നീടുണ്ടായ രീതിമാറ്റങ്ങളാണ്. ഇവയൊന്നും ഈ സംവിധാനത്തില്‍ നബി(സ)യോ സ്വഹാബത്തോ ചെയ്തതല്ല. എന്ന് കരുതി ഇവയൊന്നും പ്രതിഫലം ലഭിക്കാത്ത കര്‍മങ്ങളാണെന്ന് പറയാനാകുമോ?

ഏറ്റവും മഹത്തായ പുണ്യകര്‍മമാണ് ദീനീ പ്രബോധനം. ഇതിനും നിശ്ചിത രീതി മാത്രമേ പാടുള്ളൂവെന്ന് ഇസ്ലാം നിര്‍ബന്ധിക്കുന്നില്ല. ഇക്കാലത്ത് പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു. മുജാഹിദ് വിഭാഗത്തിനാണ് ഏറ്റവും കൂടുതല്‍ സംഘടന ഉള്ളത്. എന്നാല്‍ നബി(സ) ഏതെങ്കിലും സംഘടനയുടെ പ്രസിഡന്റായതോ സിദ്ദീഖ്(റ) സെക്രട്ടറിയായതോ കാണിക്കാന്‍ പറ്റുമോ? ഇല്ലെന്ന് ഉറപ്പാണെങ്കിലും സംഘടനാ സംവിധാനത്തിലൂടെ നടത്തുന്ന ദീനീ ദഅ്വത്തെന്ന പുണ്യ കര്‍മത്തിന് പ്രതിഫലം ലഭിക്കില്ലെന്നാണോ മുജാഹിദുകള്‍ വിശ്വസിക്കുന്നത്? അറിയാന്‍ താത്പര്യമുണ്ട്.

ഇതേ രീതിയില്‍ പ്രത്യേക രൂപവും രീതിയും നിശ്ചയിക്കാതെ പൊതുവില്‍ പ്രോത്സാഹിപ്പിക്കപ്പെട്ട പുണ്യകര്‍മമാണ് നബി(സ)യെ ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിക്കുകയെന്നത്. അല്ലാഹു പറയുന്നു, പറയുക, അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ട് അവര്‍ സന്തോഷം പ്രകടിപ്പിച്ചുകൊള്ളട്ടെ. അവര്‍ ഒരുക്കുകൂട്ടി വെക്കുന്നതിനേക്കാള്‍ ഉത്തമമായതാണത്(യൂനുസ്-58). ഈ സൂക്തത്തില്‍ പരമാര്‍ശിച്ച ‘റഹ്മത്ത്’ കൊണ്ടുള്ള വിവക്ഷ നബി(സ) യാണെന്ന് വിശദീകരിച്ചത് ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ നേതാവും പ്രമുഖ സ്വഹാബിയുമായ ഇബ്നു അബ്ബാസ് (റ) ആണ്. അപ്പോള്‍ നബി(സ)യെ ലഭിച്ചതില്‍ വിശ്വാസികള്‍ സന്തോഷിക്കണമെന്നത് അല്ലാഹുവിന്റെ കല്‍പ്പനയാണ്.

നബി(സ) ജനിക്കുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഈസാ(അ) വന്ന് നബി(സ)യുടെ ജന്മത്തെ കുറിച്ച് സന്തോഷ വാര്‍ത്ത അറിയിച്ചതായി വിശുദ്ധ ഖുര്‍ആനില്‍ സൂറത്ത് സ്വഫിന്റെ ആറാം സൂക്തത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അല്ലാഹു അനുഗ്രഹം ചെയ്ത ദിവസങ്ങള്‍ നിങ്ങള്‍ ജനങ്ങളെ ഓര്‍മിപ്പിച്ചുകൊടുക്കുകയെന്ന കല്‍പ്പന സൂറത്ത് ഇബ്റാഹീമിന്റെ അഞ്ചാം സൂക്തത്തിലും കാണാം. മുത്ത് നബി(സ)യെ ലഭിച്ചു എന്നതിനേക്കാള്‍ വലിയൊരു അനുഗ്രഹം വിശ്വാസികള്‍ക്ക് വേറെയുണ്ടാകില്ല. തന്റെ ജന്മത്തില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് എല്ലാ തിങ്കളാഴ്ചകളിലും നബി(സ) നോമ്പനുഷ്ഠിച്ചതായി ഇമാം മുസ്ലിം റിപോര്‍ട്ട് ചെയ്യുന്നുണ്ട്. ചുരുക്കത്തില്‍ നബി(സ)യുടെ പേരില്‍ സന്തോഷം പ്രകടിപ്പിക്കുകയെന്നത് ഇസ്ലാമില്‍ പൊതുവായി പ്രോത്സാഹിപ്പിക്കപ്പെട്ട പ്രതിഫലാര്‍ഹമായ പുണ്യ കര്‍മമാണ്. ഇതും ക്ലിപ്തമായ ഒരു രീതിയില്‍ മാത്രമേ ആകാവൂ എന്ന് ശരീഅത്ത് നിഷ്‌കര്‍ശിച്ചിട്ടില്ല. മറ്റു നിയമങ്ങള്‍ക്ക് വിരുദ്ധമല്ലാത്തതും അനുവദനീയവുമായ ഏത് നല്ല കാര്യം ചെയ്തും നബി(സ)യുടെ പേരില്‍ സന്തോഷം പ്രകടിപ്പിക്കാം.

നബി(സ)യുടെ മൗലിദിന്റെ ഭാഗമായി നടത്തുന്ന ഓരോ കാര്യവും പ്രമാണങ്ങളുടെ പിന്തുണയുള്ളതാണ്. നബി(സ)യുടെ പ്രകീര്‍ത്തന സദസ്സുകളെ ആര്‍ക്കാണ് തള്ളിക്കളയാനാകുക. ഹസ്സാനുബ്നു സാബിത്ത് (റ) വിന് വേണ്ടി നബി(സ) തന്നെ മദീനാ മസ്ജിദില്‍ പ്രത്യേക സ്റ്റേജ് ഒരുക്കിക്കൊടുക്കുകയും അതില്‍ വെച്ച് പ്രവാചകരുടെ മദ്ഹ് ആലപിക്കുകയും ചെയ്യുക എന്നത് പതിവായിരുന്നുവെന്ന് ബീവി ആഇശ(റ)യില്‍ നിന്ന് ഇമാം ബുഖാരി റിപോര്‍ട്ട് ചെയ്യുന്നുണ്ട്. നബി(സ)യും സ്വഹാബത്തും മാതൃക കാണിച്ചതാണ് മൗലിദ് സദസ്സ്. സന്തോഷ പ്രകടനത്തിന്റെ ഭാഗമായി ഭക്ഷണം നല്‍കുക എന്നത് മതം അംഗീകരിച്ച കാര്യമാണ്. സ്വന്തമായി ഒരു വീട് ഉണ്ടാക്കിയാല്‍ ആളുകളെ ക്ഷണിച്ച് ആഹാരം നല്‍കുന്ന പതിവ് കേരളത്തിലെ മുജാഹിദുകള്‍ക്കിടയിലും ഉള്ളതാണ്. എന്നാല്‍ നബി(സ) തങ്ങളോ സ്വഹാബത്തോ ഇങ്ങനെ ചെയ്തിട്ടില്ല എന്ന കാരണം കൊണ്ട് അത് തെറ്റാവുകയില്ല. മതം പൊതുവായി അംഗീകരിച്ച കാര്യമാണത്. നബി(സ)യുടെ പേരില്‍ സന്തോഷം പ്രകടിപ്പിച്ച് ആദ്യമായി ഘോഷയാത്ര നടത്തിയത് നബി(സ)യുടെ സാന്നിധ്യത്തില്‍ തന്നെയാണ്. നബി(സ) മദീനയിലേക്ക് ഹിജ്റ വന്നപ്പോള്‍ ദഫ് സംഘത്തിന്റെ അകമ്പടിയോടെ ത്വലഅല്‍ ബദ്റു അലൈനാ എന്ന ഈരടികള്‍ പാടിയാണ് സാഘോഷം സ്വീകരിച്ചത്. നബി(സ)യുടെ പേരില്‍ സന്തോഷം പ്രകടിപ്പിച്ച് ഘോഷയാത്ര നടത്താന്‍ ഈ പ്രമാണം ധാരാളമാണ്. ഇത് റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് തന്നെ മദീനയില്‍ നടന്നതാണ്. ഇപ്രകാരം രാജ്യത്തെ ആക്രമിക്കാന്‍ വന്നവരെ പ്രതിരോധിച്ച് വിജയിച്ചുവരുന്ന ഘട്ടങ്ങളിലും മദീനയിലേക്ക് നബി(സ)യെയും സ്വഹാബാക്കളെയും ദഫ് മുട്ടി വരവേറ്റതായി ചരിത്രത്തില്‍ കാണാം.

ഒരു അനുഗ്രഹം ലഭിച്ച ദിവസം ആവര്‍ത്തിച്ചുവരുമ്പോള്‍ അതിന്റെ പേരില്‍ ഓരോ വര്‍ഷവും സന്തോഷം പ്രകടിപ്പിക്കാന്‍ പ്രമാണമുണ്ടോ എന്ന സംശയത്തിന് ഹാഫിള് ഇബ്നു ഹജറുല്‍ അസ്ഖലാനി(റ)പറഞ്ഞ മറുപടി, ഫറോവയുടെ അക്രമത്തില്‍ നിന്ന് മൂസാ നബി(അ)യെ രക്ഷപ്പെടുത്തിയെന്ന അനുഗ്രഹത്തെ എല്ലാ മുഹര്‍റം പത്തിനും അനുസ്മരിക്കാന്‍ നബി(സ) നിര്‍ദേശിച്ചിട്ടുണ്ടല്ലോ എന്നാണ്. അപ്രകാരം മുത്ത് നബി(സ) ജനിച്ച തീയതി ഓരോ വര്‍ഷത്തിലും ആവര്‍ത്തിച്ചുവരുമ്പോള്‍ അതിനെ പ്രത്യേകം അനുസ്മരിക്കുന്നത് പ്രമാണ വിരുദ്ധമല്ല.

കേരളത്തിലെ ആദ്യകാല മുജാഹിദുകള്‍ കേരള മുസ്ലിം ഐക്യ സംഘത്തിന്റെ പേരില്‍ വിപുലമായ രീതിയില്‍ നബിദിനമാഘോഷിച്ചിരുന്നു. അതിനായി തെങ്ങുകള്‍ വഖ്ഫ് ചെയ്യുക പോലും ചെയ്തിരുന്നതായി അതിന്റെ വാര്‍ഷിക റിപോര്‍ട്ടില്‍ കാണാം. പുതിയ കാല മുജാഹിദുകള്‍ ചില ഗള്‍ഫ് സലഫികളെ പിന്തുടര്‍ന്നാണ് നബിദിനാഘോഷത്തെ കഠിനമായി എതിര്‍ക്കുന്നത്. എന്നാല്‍ ആദ്യകാല ജമാഅത്തെ ഇസ്ലാമി നേതാക്കളില്‍ നിന്ന് വിഭിന്നമായി പുതിയ കാല ജമാഅത്തുകാര്‍ റബീഉല്‍ അവ്വലില്‍ പുണ്യകര്‍മമെന്ന് കരുതാതെ പ്രവാചകരെ പ്രകീര്‍ത്തിക്കാനും പരിചയപ്പെടുത്താനും ക്യാമ്പയിന്‍ ആചരിച്ചുവരുന്നുണ്ട്. ഇപ്പോള്‍ മിക്ക മുസ്ലിം രാഷ്ട്രങ്ങളിലും ഭരണാധികാരികളുടെ നേതൃത്വത്തില്‍ തന്നെ വിപുലമായ മീലാദാഘോഷം നടന്നുവരുന്നുണ്ട്. അതാണ് മുസ്ലിം മുഖ്യധാര. അവരെ മുഴുവന്‍ പിഴച്ചവരായി പ്രഖ്യാപിച്ച് റബീഉല്‍ അവ്വലിന്റെ വസന്തത്തെ ദുര്‍ഗന്ധമാക്കാന്‍ ശ്രമിക്കുന്ന മുജാഹിദുകളുടെ ശ്രമം പാഴാവുക തന്നെ ചെയ്യും. കാരണം അല്ലാഹുവാണ് പറഞ്ഞത്, ‘അങ്ങയുടെ കീര്‍ത്തിയെ നാം ഉയര്‍ത്തിയിരിക്കുന്നു’ (വിശുദ്ധ ഖുര്‍ആന്‍).

 

Latest