Connect with us

From the print

ചെറിയ പെരുന്നാള്‍ വലിയ നിലയില്‍ ആഘോഷിക്കുക

നോമ്പിലൂടെ കൈവരിച്ച ആത്മീയാഭിവൃദ്ധിയും ചൈതന്യവും മുറുകെ പിടിക്കാന്‍ നമുക്കാകണം.

Published

|

Last Updated

ഇന്ന് റമസാന്‍ 29. സന്ധ്യയോടെ ശവ്വാലിന്റെ അമ്പിളി ദൃശ്യമായാല്‍ വിശുദ്ധ റമസാന്‍ നമ്മോട് വിട പറഞ്ഞിറങ്ങും. അടുത്ത റമസാനിനായി ഒരു വര്‍ഷക്കാലം കാത്തിരിക്കണം. നമ്മില്‍ എത്രപേര്‍ക്കതിന് ഭാഗ്യമുണ്ടാകുമെന്നറിയില്ല. ഖുര്‍ആന്‍ പാരായണങ്ങളുടെയും പ്രാര്‍ഥനകളുടെയും ദൈവിക സ്മരണകളില്‍ മുഴുകിയുള്ള മന്ത്രോച്ചാരണങ്ങളുടെയും മധുരിമയാര്‍ന്ന ശബ്ദങ്ങളാല്‍ മുഖരിതമായിരുന്ന റമസാനിലെ പവിത്രമായ പകലുകള്‍ വിടപറഞ്ഞിറങ്ങുകയാണ്.

തറാവീഹും ഖിയാമുല്ലൈലും ഇഅ്തികാഫുമായി ഉറക്കമിളിച്ചിരുന്ന് ആരാധനകളില്‍ മുഴുകിയ പവിത്രമായ രാത്രികള്‍ നമ്മില്‍ നിന്നകലുകയാണ്.

വാഗ്വാദങ്ങള്‍ക്കും വാക്കേറ്റങ്ങള്‍ക്കും മുതിരാത്ത കൊള്ളക്കും കൊള്ളിവെപ്പിനും മനസ്സുവരാത്ത, നേരിനും നന്മക്കും മാത്രം സമയം കണ്ടെത്തിയ നല്ല നാളുകളാണവസാനിക്കുന്നത്.

നന്മയും നല്ലനടപ്പും റമസാനിലേക്ക് മാത്രം പറഞ്ഞതൊന്നുമല്ല. പക്ഷേ, റമസാനിലാണ് പൂര്‍ണാര്‍ഥത്തില്‍ നമുക്കതിന് കഴിയുന്നത്. മനുഷ്യരെ അപഥ സഞ്ചാരങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന പൈശാചിക ദുര്‍ബോധനങ്ങള്‍ നിയന്ത്രിക്കപ്പെടുന്ന മാസം കൂടിയാണല്ലോ റമസാന്‍. നോന്പിലൂടെ കൈവരിച്ച ആത്മീയാഭിവൃദ്ധിയും ചൈതന്യവും മുറുകെ പിടിക്കാന്‍ നമുക്കാകണം.

കഷ്്ടപ്പെട്ട് കോരിനിറച്ച കലം ഇട്ടുടക്കുന്നതുപോലെ പെരുന്നാളിന്റെ ഒരൊറ്റ ദിവസം കൊണ്ട് റമസാനിലൂടെ ആവാഹിച്ചെടുത്ത ആത്മീയ വിശുദ്ധി നശിപ്പിക്കരുത്. ചെറുതും വലുതുമായ സത്കര്‍മങ്ങള്‍ ചെയ്ത് നന്മകള്‍ നേടിയെടുക്കലും ദൈവിക പ്രീതി കരസ്ഥമാക്കലും ശ്രമകരമാണെങ്കിലും നേടിയെടുത്ത നന്മകള്‍ നഷ്്ടപ്പെടാന്‍ കൂടുതലായൊന്നും ചെയ്യേണ്ടതില്ല. മ്ലേഛമായ മാനസികാവസ്ഥയും മറ്റൊരാളെക്കുറിച്ചുള്ള ദുഷിച്ച ചിന്താഗതിയും തന്നെ സത്കര്‍മങ്ങളെ ഗ്രസിക്കാന്‍ മതിയായ പാപങ്ങളാണ്. റമസാനില്‍ നേടിയ ആത്മ വിശുദ്ധി ആയുഷ്‌കാലം നിലനില്‍ക്കട്ടേ എന്ന് നമുക്ക് ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം.

പെരുന്നാളില്‍ നിര്‍ബന്ധമായ ഫിത്വ്റ് സകാത്ത് വീഴ്ചകൂടാതെ പവിത്രമായ രീതിയില്‍ വിതരണം ചെയ്യാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. നിസ്‌കാരത്തില്‍ മറവിയും ചെറിയ വീഴ്ചകളും സംഭവിച്ചാല്‍ അവ പരിഹരിക്കാന്‍ പര്യാപ്തമാണല്ലോ നിസ്‌കാരത്തിന്റെ അവസാനത്തില്‍ പ്രായശ്ചിത്തമെന്നോണം നാം നിര്‍വഹിക്കുന്ന സഹ്വിന്റെ സുജൂദ്. അതുപോലെ നോന്പില്‍ സംഭവിച്ച വീഴ്ചകള്‍ പരിഹരിക്കുന്ന സത്കര്‍മമാണ് ഫിത്വ്റ് സകാത്ത്. അത് നോന്പുകാരനെ തെറ്റില്‍ നിന്നും ചീത്ത പ്രവര്‍ത്തനങ്ങളില്‍ നിന്നും ശുദ്ധീകരിക്കുന്നതാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.

മാസം ദൃശ്യമായാല്‍ തക്ബീര്‍ ചൊല്ലണം. പെരുന്നാള്‍ നിസ്‌കാരം വരെ അത് ഉറക്കെ ചൊല്ലല്‍ സുന്നത്താണ്. പുതുവസ്ത്രം ധരിച്ചും സുഭിക്ഷമായ ഭക്ഷണം വിളന്പിയും കുടുംബ വീടുകള്‍ സന്ദര്‍ശിച്ചും നമ്മുടെ വീട്ടിലേക്ക് വരുന്ന അതിഥികളെ നല്ല രീതിയില്‍ സത്കരിച്ചും ഈ ചെറിയ പെരുന്നാള്‍ നമുക്ക് ആഘോഷമാക്കണം.

കൂട്ടത്തില്‍ നമ്മെപോലെ സന്തോഷത്തോടെ പെരുന്നാള്‍ ആഘോഷിക്കേണ്ട നിരവധിപേര്‍ ഈയടുത്തായി ഫലസ്തീനില്‍ മരിച്ചുപോയി. കുറേയാളുകള്‍ വേദനയും കണ്ണീരും കരച്ചിലുമായി പ്രയാസമനുഭവിക്കുകയും ചെയ്യുന്നു. അവര്‍ക്കെല്ലാം വേണ്ടി ആത്മാര്‍ഥമായ പ്രാര്‍ഥനയും ഉണ്ടാകണമെന്ന് ഓര്‍മപ്പെടുത്തുന്നു.

 

---- facebook comment plugin here -----

Latest