Connect with us

Articles

ജാതി സെന്‍സസും ചില ഭയങ്ങളും

ഏതൊക്കെയാണ് ജാതികള്‍, വിവിധ ജാതികളുടെ സമൂഹിക-സാമ്പത്തിക-തൊഴില്‍-വിദ്യാഭ്യാസ അവസ്ഥകള്‍ എന്തൊക്കെയാണ്, ഭരണകൂടത്തിന്റെ കൈകള്‍ എത്താത്തത് എവിടെ, വിഭവങ്ങളുടെ വിതരണം ഏത് നിലക്കാണ് നടക്കുന്നത്, ഇങ്ങനെ ഒട്ടനവധി ചോദ്യങ്ങള്‍ക്ക് സൂക്ഷ്മമായ ഉത്തരം നല്‍കാന്‍ ജാതി സെന്‍സസിന് സാധിക്കും.

Published

|

Last Updated

പിന്നാക്ക ജാതി സംവരണം രാജ്യത്ത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. എന്നാല്‍ പിന്നാക്ക വിഭാഗങ്ങള്‍ ഏതൊക്കെ ആണെന്നതിനെ സംബന്ധിച്ചും അതിന്റെ ആധികാരികമായ കണക്കുകളെ സംബന്ധിച്ചും ഇപ്പോഴും അവ്യക്തമായ ചിത്രമാണ് രാജ്യത്തുള്ളത്. മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സുപ്രീം കോടതിയുടെ ഇന്ദ്രാ സാഹിനി കേസ് വിധിയില്‍ രാജ്യത്ത് പിന്നാക്കക്കാര്‍ക്ക് 27 ശതമാനം സംവരണം സര്‍ക്കാര്‍ ജോലികളിലും കോളജ് അഡ്മിഷനുകളിലും മറ്റും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ പിന്നാക്ക സമുദായങ്ങളെ കുറിച്ചുള്ള ആധികാരികവും വിശ്വസനീയവുമായ യാതൊരു രേഖയും രാജ്യത്ത് ഇല്ലെന്നുള്ളതാണ് യാഥാര്‍ഥ്യം.

ഭൂരിപക്ഷ മതമായ ഹിന്ദു മതത്തിലെ തന്നെ 75 ശതമാനത്തോളം പേര്‍ പട്ടിക ജാതി -പട്ടിക വര്‍ഗ -പിന്നാക്ക വിഭാഗത്തില്‍ ഉള്ളവരാണെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ന്യൂനപക്ഷങ്ങളിലെ പിന്നാക്കക്കാരെ കൂടി കൂട്ടിയാല്‍ മൊത്തം ജനസംഖ്യയില്‍ ഇത് 80 ശതമാനത്തോളം വരുമെന്നാണ് കണക്ക്. സമൂഹത്തിലെ മഹാ ഭൂരിപക്ഷം വരുന്ന ഈ വിഭാഗത്തിന്റെ മൗലികാവകാശമാണ് ജാതി സെന്‍സസിന്റെ അഭാവം മൂലം ഇന്ത്യയില്‍ നിഷേധിക്കപ്പെടുന്നത്.

ഏതൊരു ആസൂത്രണത്തിന്റെയും അടിസ്ഥാനം ആധികാരികമായ കണക്കുകളും വിവരങ്ങളുമാണ്. എന്നാല്‍ ആധികാരികമായ ഒരു കണക്കിന്റെയും പിന്‍ബലമില്ലാതെയാണ് ഇവിടെ പിന്നാക്ക സംവരണം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ജാതി സംവരണത്തിനും ജാതി സെന്‍സസിനും ഇന്ത്യയില്‍ വലിയ പഴക്കമുണ്ട്. 1891ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ സെന്‍സസ് ആരംഭിച്ചപ്പോഴേ അതില്‍ ജാതി കോളം ഉണ്ടായിരുന്നു. 1931 വരെ അത് തുടരുകയും ചെയ്തിരുന്നു. 1953ല്‍ രാജ്യത്ത് ആദ്യമായി പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിക്കാനായി നിയമിച്ച കമ്മീഷന്റെ പ്രധാന നിര്‍ദേശങ്ങളില്‍ ഒന്ന് 1961ലെ സെന്‍സസില്‍ ജാതി കണക്കെടുക്കണം എന്നായിരുന്നു. എന്നാല്‍ അത് നടന്നില്ല. അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ യാതൊരു താത്പര്യവും ഇക്കാര്യത്തില്‍ കാണിച്ചില്ല.

ഇന്ത്യന്‍ സമൂഹത്തിലെ ജാതികളും അതിന്റെ പേരിലുള്ള അനീതികളും അടിച്ചമര്‍ത്തലുകളും വിശദമായി പഠന വിഷയമാക്കേണ്ട ഒന്നാണ്. ഏതൊക്കെയാണ് ജാതികള്‍, വിവിധ ജാതികളുടെ സമൂഹിക-സാമ്പത്തിക-തൊഴില്‍-വിദ്യാഭ്യാസ അവസ്ഥകള്‍ എന്തൊക്കെയാണ്, ഭരണകൂടത്തിന്റെ കൈകള്‍ എത്താത്തത് എവിടെ, വിഭവങ്ങളുടെ വിതരണം ഏത് നിലക്കാണ് നടക്കുന്നത്, ഇങ്ങനെ ഒട്ടനവധി ചോദ്യങ്ങള്‍ക്ക് സൂക്ഷ്മമായ ഉത്തരം നല്‍കാന്‍ ജാതി സെന്‍സസിന് സാധിക്കും. 2011ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാറിന്റെ കാലത്ത് സോഷ്യോ ഇക്കണോമിക്സ് ആന്‍ഡ് കാസ്റ്റ് സെന്‍സസ് എന്ന പേരില്‍ ഒരു സെന്‍സസ് നടത്തിയെങ്കിലും അതിന്റെ റിപോര്‍ട്ട് ഇതുവരെ പുറത്തു വിട്ടിട്ടില്ല. 2001ല്‍ വാജ്പയ് സര്‍ക്കാര്‍ ജാതി സെന്‍സസ് എടുക്കുമെന്ന് പാര്‍ലിമെന്റില്‍ ഉറപ്പ് നല്‍കിയെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയിരുന്നില്ല. പിന്നാക്കക്കാരുടെ കണക്ക് പുറത്തു വരുന്നതിനെ ബി ജെ പി ആയാലും മറ്റ് പാര്‍ട്ടികളായാലും ഭയപ്പെടുന്ന സ്ഥിതിയാണുള്ളത്.

2021ലെ സെന്‍സസില്‍ നിര്‍ബന്ധമായി ജാതി കോളം കൂടി ഉള്‍ക്കൊള്ളിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പല പ്രാവശ്യം ഉറപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ ഈ ഉറപ്പുകളെല്ലാം ലംഘിച്ചു. 2011ലെ സാമൂഹിക – സാമ്പത്തിക-ജാതി സെന്‍സസില്‍ തെറ്റുള്ളതിനാല്‍ ജോലി, വിദ്യാഭ്യാസം, തിരഞ്ഞെടുപ്പ്, സംവരണം എന്നിവക്ക് ആശ്രയിക്കാനാകില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. 2011ലെ സെന്‍സസ് ജനങ്ങളില്‍ നിന്ന് ബോധപൂര്‍വം മറച്ചുകൊണ്ടാണ് കേന്ദ്രം ഈ തെറ്റായ പ്രസ്താവന നടത്തിയിട്ടുള്ളത്. കേന്ദ്ര സാമൂഹിക ക്ഷേമ മന്ത്രാലയത്തിലുള്ള ജാതി സെന്‍സസ് വിവരങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാറിന് ഒട്ടും താത്പര്യമില്ല. ഈ സെന്‍സസ് വിവരങ്ങള്‍ ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിലപാട് അറിയിച്ചത്. 2021ലെ സെന്‍സസിനോടൊപ്പം പിന്നാക്ക വിഭാഗങ്ങളടക്കം എല്ലാ ജാതികളുടെയും കണക്കെടുക്കുന്നത് അതി സങ്കീര്‍ണമായ നടപടിയാണെന്നാണ് കേന്ദ്രത്തിന്റെ വാദം. ഒ ബി സി വിഭാഗങ്ങളുടെ കണക്കെടുപ്പിന് സുപ്രീം കോടതി ആവശ്യപ്പെട്ടാല്‍ വലിയ ആശയക്കുഴപ്പം ഉണ്ടാകുമെന്ന് കേന്ദ്രം വിശദീകരിച്ചിരുന്നു. രാജ്യത്ത് ജാതി ഒരു യാഥാര്‍ഥ്യമാണ്. ജാതി കൂടി അടങ്ങുന്നതാണ് സെന്‍സസ് എന്ന വസ്തുത സര്‍ക്കാര്‍ ബോധപൂര്‍വം ഇവിടെ വിസ്മരിക്കുകയാണ്. 2011ലെ കണക്കുകള്‍ നിറയെ അബദ്ധമായതിനാല്‍ അത് ഉപയോഗിക്കാതെ രജിസ്ട്രാര്‍ ജനറലിന്റെ ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

ഹൈക്കോടതി വിധിയുടെയും സുപ്രീം കോടതി വിധിയുടെയും മറ്റും അടിസ്ഥാനത്തില്‍ ജാതി സെന്‍സസ് സംബന്ധിച്ച കേന്ദ്ര നിലപാടില്‍ മറ്റം വന്നിരിക്കുകയാണ്. ജാതി സെന്‍സസ് സംസ്ഥാനങ്ങള്‍ക്ക് തന്നെ നടത്താമെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കത്തയച്ചിരിക്കുകയാണ്. എന്തായാലും സ്വാഗതാര്‍ഹമായ ഒരു സമീപനമാണിത്.

സംവരണ പട്ടികയുമായി ബന്ധപ്പെട്ട് കേരളത്തില്‍ ജാതി സെന്‍സസ് നടത്തേണ്ടത് സംസ്ഥാന സര്‍ക്കാറിന്റെ ബാധ്യതയാണെന്ന് കേന്ദ്രം ഒടുവില്‍ വ്യക്തമാക്കിയിരിക്കുകയാണ്. യു പി എ സര്‍ക്കാറിന്റെ കാലത്ത് 2011ല്‍ നടത്തിയ സാമൂഹിക- സാമ്പത്തിക- ജാതി സെന്‍സസിന്റെ വിശദാംശങ്ങള്‍ സംസ്ഥാനത്തിന് നല്‍കാനാകില്ലെന്നും സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷനെ കേന്ദ്രം രേഖാമൂലം അറിയിച്ചു. 2011ലെ ജാതി സെന്‍സസിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രവും സംസ്ഥാനവും റിപോര്‍ട്ടുണ്ടാക്കി നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഈ നടപടികള്‍ ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഉത്തരവില്‍ ഉണ്ട്. ഇതിനെതിരെ കേന്ദ്രം നല്‍കിയ അപ്പീലും പുനഃപരിശോധനാ ഹരജിയും സുപ്രീം കോടതി തള്ളി. കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി സാമൂഹികനീതി ശാക്തീകരണ മന്ത്രാലയമാണ് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന് കത്തയച്ചത്. എന്തായാലും സംസ്ഥാനങ്ങള്‍ക്ക് ജാതി സെന്‍സസ് നടത്താമെന്ന് കേന്ദ്രം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

രാജ്യത്തെ ജാതി സംവരണം തുടര്‍ന്നേ മതിയാകൂ. ജാതി സംവരണത്തിന് അര്‍ഹരായ ജനകോടികളുടെ ജീവിത നിലവാരവും സാമൂഹിക-വിദ്യാഭ്യാസ-സാംസ്‌കാരിക നിലവാരവുമൊന്നും കാര്യമായി ഇതുവരെ ഉയര്‍ന്നിട്ടില്ല. അതുകൊണ്ട് തന്നെ ജാതി സംവരണം ഫലപ്രദമായി തുടരേണ്ടതുണ്ട്. അതിന് കഴിയണമെങ്കില്‍ ജാതി സെന്‍സസ് അനിവാര്യമായ ഒരു കാര്യമാണ്. അക്കാര്യത്തില്‍ അറച്ചു നിന്നിരുന്ന കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളോട് വലിയ ക്രൂരതയാണ് കാട്ടിക്കൊണ്ടിരുന്നത്.

ബിഹാറില്‍ ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വേ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാറിന് പാറ്റ്ന ഹൈക്കോടതി ഉത്തരവ് നല്‍കിയത് ഐതിഹാസികമായ ഒരു സംഭവമാണ്. സര്‍വേ നടത്താനുള്ള തീരുമാനത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹരജികള്‍ തള്ളിക്കൊണ്ടായിരുന്നു ചീഫ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും ജസ്റ്റിസ് പാര്‍ഥ സാരഥിയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. സര്‍വേ നിയമപരവും നീതിയില്‍ അതിഷ്ഠിതവുമായ വികസനം ലക്ഷ്യമിട്ടിട്ടുള്ളതാണെന്ന് കോടതി പറഞ്ഞു. ജാതി, സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ ശേഖരിക്കുന്നതിനായി കഴിഞ്ഞ ഏപ്രില്‍ 15ന് ബിഹാറില്‍ രണ്ടാം ഘട്ട സര്‍വേ തുടങ്ങിയതാണ്. മെയ് മാസത്തോടെ മുഴുവന്‍ നടപടികളും പൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കോടതി ഇടപെടല്‍ മൂലമാണ് സര്‍വേ നീണ്ടത്. പുതിയ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇനി ജാതി സര്‍വേ പൂര്‍ത്തിയാക്കാന്‍ ബിഹാര്‍ സര്‍ക്കാറിന് ഒരു തടസ്സവുമില്ല. ഏറ്റവും ഒടുവില്‍ സുപ്രീം കോടതിയും ബിഹാര്‍ സര്‍ക്കാറിന് ജാതി സെന്‍സസുമായി മുന്നോട്ടുപോകാമെന്ന് ഉത്തരവിട്ടിട്ടുണ്ട്.

രാജ്യത്തെ പ്രതിപക്ഷ ഐക്യ സമിതി (ഇന്ത്യ) ജാതി സെന്‍സസ് നടപ്പാക്കണമെന്ന് ഇതിനകം ആവശ്യപ്പെട്ടിരിക്കുകയാണല്ലോ. മുന്നണിയിലെ എല്ലാ ഘടക കക്ഷികളും ഈ ആവശ്യം ഉന്നയിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ പ്രതിപക്ഷ ഐക്യ മുന്നണിയിലെ ഘടക കക്ഷികള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം എത്രയും പെട്ടെന്ന് ജാതി സെന്‍സസ് ആരംഭിക്കണം. കോണ്‍ഗ്രസ്സിന്റെയും ഡി എം കെ യുടെയും ഇടതുപക്ഷത്തിന്റെയും മറ്റും നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാറുകള്‍ ജാതി സെന്‍സസ് നടപ്പാക്കാന്‍ എന്തുകൊണ്ടും ബാധ്യസ്ഥരാണ്. പിന്നാക്ക സ്നേഹം പ്രസ്താവനയിലും പ്രമേയത്തിലും മാത്രം പോരാ, അത് നടപ്പാക്കാനുള്ള ചങ്കൂറ്റമാണ് ‘ഇന്ത്യ’ ഘടക കക്ഷികള്‍ കാണിക്കേണ്ടത്.

 

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428