Kerala
കലക്ഷന്‍ ഏജന്റിന്റെ കൈയില്‍ നിന്നും 1.9 ലക്ഷം രൂപ പിടിച്ചുപറിച്ച കേസ്; പ്രതികള്‍ അറസ്റ്റില്‍
അടൂര്‍ പന്നിവിഴ കൃഷ്ണവിലാസത്തില്‍ വരുണ്‍ (26), പാറക്കൂട്ടം മുണ്ടപ്പള്ളി കാര്‍ത്തികയില്‍ സൂര്യ എന്ന ആലേഖ് (20) എന്നിവരാണ് അറസ്റ്റിലായത്.

അടൂര്‍ | കലക്ഷന്‍ പണവുമായി പോയ ഏജന്റിനെ ആക്രമിച്ചു പണം തട്ടിയ കേസിലെ രണ്ടു പ്രതികളെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അടൂര്‍ പന്നിവിഴ കൃഷ്ണവിലാസത്തില്‍ വരുണ്‍ (26), പാറക്കൂട്ടം മുണ്ടപ്പള്ളി കാര്‍ത്തികയില്‍ സൂര്യ എന്ന ആലേഖ് (20) എന്നിവരാണ് അറസ്റ്റിലായത്.
ഈമാസം 12ന് ഉച്ചയ്ക്ക് അടൂര്‍ ബൈപ്പാസിനു സമീപമുള്ള ചെറുപുഞ്ചയില്‍ വച്ച് ഏനാത്ത് സ്വദേശിയായ ശ്രീദേവിനെ തടഞ്ഞുനിര്‍ത്തി 1.9 ലക്ഷം രൂപയടങ്ങിയ ബാഗ് പ്രതികള്‍ കവരുകയായിരുന്നു. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനങ്ങളുടെ കലക്ഷന്‍ ഏജന്റാണ് ശ്രീദേവ്. കലക്ഷന്‍ പണം വാങ്ങാനായി പെരിങ്ങനാട്ടേക്ക് തന്റെ ബൈക്കില്‍ പോവുകയായിരുന്നു ശ്രീദേവിനെ സ്‌കൂട്ടറിലെത്തിയ വരുണും ആലേഖും തടഞ്ഞു നിര്‍ത്തി പണം പിടിച്ചുപറിക്കുകയായിരുന്നു. തുടര്‍ന്ന് ശ്രീദേവിനെ തള്ളിയിട്ട ശേഷം ഇവര്‍ കടന്നുകളഞ്ഞു.
കവര്‍ച്ചക്കായി പ്രതികള്‍ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു. അടൂര്‍ ഡി വൈ എസ് പി. എസ് സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ ശ്യാം മുരളി, എസ് ഐ. അനൂപ് രാഘവന്‍, എ എസ് ഐ. മഞ്ജുമോള്‍, സി പി ഒമാരായ ശ്യാം, രാഹുല്‍, നിധിന്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.