up election
ഉന്നാവോയില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മ സ്ഥാനാര്‍ഥി; ഉത്തര്‍പ്രദേശില്‍ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ട് കോണ്‍ഗ്രസ്
സി എ എ എന്‍ ആര്‍ സി സമരത്തിലെ ശ്രദ്ധേയ സാന്നിധ്യം സദാഫ് ജാഫര്‍ ലക്‌നോയിലും മത്സരിക്കും

ലക്‌നോ | സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ടു. 125 പേരുടെ ആദ്യ ഘട്ട പട്ടികയാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്. ഇതില്‍ 50 പേര്‍ വനിതകളാണ്. സംസ്ഥാനത്തിന്റെ സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് പട്ടിക പുറത്ത് വിട്ടത്.
125 പേരില്‍ നാല്‍പ്പത് ശതമാനം വനിതകളും നാല്‍പത് ശതമാനം യുവാക്കളുമാണെന്ന് പ്രിയങ്ക അവകാശപ്പെട്ടു. ചരിത്രപരമായ ഈ തീരുമാനത്തിലൂടെ സംസ്ഥാന പുതിയ രാഷ്ട്രീയ സംസ്‌കാരത്തിനാണ് തങ്ങള്‍ തുടക്കമിടുന്നതെന്നും പ്രിയങ്ക പറഞ്ഞു.
കോണ്‍ഗ്രസ് പുറത്ത് വിട്ട പട്ടികയിലെ ഉന്നാവോ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥി ആശാ സിംഗ് ഉന്നാവോ ബലാത്സംഗ കേസിലെ ഇരയുടെ അമ്മയാണ്. 2017 ല്‍ ഉന്നാവോയില്‍ 17 വയസുള്ള പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായ കേസില്‍ ബി ജെ പി എം എല്‍ എയായിരുന്ന കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. മറ്റൊരു ശ്രദ്ധയമായ സ്ഥാനാര്‍ഥിത്വം സോന ഭദ്രിലാണ്. ഇവിടെ മത്സരിക്കുന്ന രാംരാജ് ഗോണ്ഡ പ്രസിദ്ധമായ ഉംമ്പാ സമരത്തിന്റെ മുഖമായിരുന്നു. ഷാജഹാന്‍പൂരില്‍ നിന്നുള്ള ആശാ വര്‍ക്കര്‍മാരുടെ നേതാവ് പൂനം പാണ്ഡെ, സി എ എ എന്‍ ആര്‍ സി സമരത്തിലെ ശ്രദ്ധേയ സാന്നിധ്യം സദാഫ് ജാഫര്‍ ലക്‌നോയിലും മത്സരിക്കും.