Connect with us

Kerala

കാലിക്കറ്റ് പ്രസ് ക്ലബ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രവചന മത്സരം: വിജയികളെ പ്രഖ്യാപിച്ചു

മാധ്യമം സീനിയർ സബ് എഡിറ്റർ എ മുഹമ്മദ് മുസ്തഫ, സുപ്രഭാതം സബ് എഡിറ്റർ രാഹുൽ റഹീം, മലയാള മനോരമ ചീഫ് സബ് എഡിറ്റർ അഭിലാഷ് ജോസ് എന്നിവരാണ് വിജയികൾ.

Published

|

Last Updated

കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇ പി മുഹമ്മദ്, ജോയിൻ സെക്രട്ടറി സയ്യിദ് അലി ശിഹാബ് എന്നിവർ വാർത്താ സമ്മേളനത്തിൽ

കോഴിക്കോട് | കേരള നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാലിക്കറ്റ് പ്രസ് ക്ലബ് അംഗങ്ങൾക്കായി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മാധ്യമം സീനിയർ സബ് എഡിറ്റർ എ മുഹമ്മദ് മുസ്തഫ, സുപ്രഭാതം സബ് എഡിറ്റർ രാഹുൽ റഹീം, മലയാള മനോരമ ചീഫ് സബ് എഡിറ്റർ അഭിലാഷ് ജോസ് എന്നിവരാണ് വിജയികൾ. പ്രസ് ക്ലബ് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ഭാരവാഹികൾ ഫലപ്രഖ്യാപനം നടത്തിയത്.

സംസ്ഥാനത്ത് യു ഡി എഫ് 102 സീറ്റുകളും എൽ ഡി എഫ് 35 സീറ്റുകളും ബി ജെ പി 3 സീറ്റുകളും നേടിയ പശ്ചാത്തലത്തിൽ, യഥാർത്ഥ ഫലത്തോട് ഏറ്റവും അടുത്ത പ്രവചനം നടത്തിയ രണ്ട് പേരെ വിജയികളായി തിരഞ്ഞെടുത്തു. മുസ്തഥയും രാഹുൽ റഹീമും സംസ്ഥാനത്ത് യു ഡി എഫിന് 102, എൽ ഡി എഫിന് 36, ബി ജെ പിക്ക് 2 എന്നിങ്ങനെയാണ് പ്രവചിച്ചത്.

കോഴിക്കോട് ജില്ലയിലെ സീറ്റ് നില കൃത്യമായി പ്രവചിച്ചതിനാണ് അഭിലാഷ് ജോസ് സമ്മാനത്തിന് അർഹനായത്. ജില്ലയിൽ യു ഡി എഫ് 12 സീറ്റുകളും എൽ ഡി എഫ് ഒരു സീറ്റും നേടുമെന്നായിരുന്നു അഭിലാഷിന്റെ കൃത്യമായ പ്രവചനം.

പ്രസ് ക്ലബിലെ 111 അംഗങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. ഇതിൽ 71.17 ശതമാനം പേരും (79 പേർ) യു ഡി എഫ് ഭരണമാണ് പ്രവചിച്ചത്. 28.83 ശതമാനം പേർ (32 പേർ) എൽ ഡി എഫ് ഭരണമുണ്ടാകുമെന്ന് പ്രവചിച്ചു. യു ഡി എഫ് നൂറിന് മുകളിൽ സീറ്റുകൾ നേടുമെന്ന് പ്രവചിച്ചത് 5.4 ശതമാനം പേർ (6 പേർ) മാത്രമാണ്. എൽ ഡി എഫ് 80 സീറ്റിന് മുകളിൽ നേടുമെന്ന് 6.3 ശതമാനം പേർ (7 പേർ) പ്രവചിച്ചിരുന്നു. കോഴിക്കോട് ജില്ലയിൽ യുഡിഎഫ് പത്ത് സീറ്റിലധികം നേടുമെന്ന് 18 പേർ പ്രവചിച്ചു.

വാർത്താ സമ്മേളനത്തിൽ പ്രസ് ക്ലബ് പ്രസിഡന്റ് ഇ പി മുഹമ്മദ്, ജോയിൻ സെക്രട്ടറി സയ്യിദ് അലി ശിഹാബ് പങ്കെടുത്തു.

Summary

Kozhikode Press Club announced the winners of its Kerala Assembly Election prediction contest held for media persons. Muhammed Mustafa (Madhyamam) and Rahul Rahim (Suprabhaatham) won the state-level prediction, while Abhilash Jose (Malayala Manorama) accurately predicted the results for Kozhikode district. Out of 111 participants, 71.17% predicted a UDF victory, while 28.83% expected the LDF to retain power.

Latest