National
മധ്യപ്രദേശിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 10 പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പങ്കെടുത്ത ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
ചിന്ദ്വാഡ| മധ്യപ്രദേശിലെ ചിന്ദ്വാഡയില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. അപകടത്തില്‍ 40 ഓളം പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരിൽ ആറു പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നുവെന്ന് പോലീസ് അറിയിച്ചു. അപകടസമയത്ത് ബസിൽ 40-ലധികം യാത്രക്കാരുണ്ടായിരുന്നുവെന്നും കോട്വാലി സ്റ്റേഷൻ ഹൗസ് ഓഫീസർ ആശിഷ് കുമാർ വ്യക്തമാക്കി.
പരുക്കേറ്റവരെ ആംബുലൻസുകളിലും മറ്റ് വാഹനങ്ങളിലുമായി ജില്ലാ ആശുപത്രിയിലേക്കും സമീപത്തെ മെഡിക്കൽ കേന്ദ്രങ്ങളിലേക്കും മാറ്റി.
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പങ്കെടുത്ത ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ജില്ലാ ആസ്ഥാനത്ത് നിന്ന് 25 കിലോമീറ്റർ അകലെയുള്ള നാഗ്പൂർ റോഡിലെ സിമാരിയയ്ക്ക് സമീപമാണ് അപകടമുണ്ടായതെന്ന് പോലീസ് സൂപ്രണ്ട് അജയ് പാണ്ഡെ വാർത്താ പിടിഐ ഏജൻസിയോട് അറിയിച്ചു.
മുഖ്യമന്ത്രി മോഹൻ യാദവ് മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്നും പരുക്കേറ്റവരുടെ ചികിത്സാ ചിലവ് പൂർണമായും സർക്കാർ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ജബൽപൂരിൽ നിന്ന് ഡോക്ടർമാരുടെ സംഘത്തെ അയക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഛിന്ദ്വാര നഗരത്തിലെ പോലീസ് ഗ്രൗണ്ടിൽ 105 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടത്.




