Connect with us

Kerala

ബ്രഹ്മപുരത്തെ തീയണയ്ക്കല്‍; ചെലവിട്ടത് 1.14 കോടി രൂപ

കൊച്ചി കോര്‍പ്പറേഷന് 90 ലക്ഷം രൂപ ചെലവായപ്പോള്‍ മെഡിക്കല്‍ ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 24 ലക്ഷം രൂപയും ചെലവായി.

Published

|

Last Updated

കാക്കനാട് | ബ്രഹ്മപുരം മാലിന്യ പ്ലാറ്റിലുണ്ടായ തീ അണയ്ക്കുന്നതിന് ചെലവായത് 1.14 കോടി രൂപ. കൊച്ചി കോര്‍പ്പറേഷന് 90 ലക്ഷം രൂപ ചെലവായപ്പോള്‍ മെഡിക്കല്‍ ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 24 ലക്ഷം രൂപയും ചെലവായി.

മാര്‍ച്ച് രണ്ടിനായിരുന്നു വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തില്‍ കൊച്ചി കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള മാലിന്യ ശേഖരണ പ്ലാന്റില്‍ തീപിടിച്ചത്. 110 ഏക്കറോളമുള്ള പ്ലാന്റിന്റെ മിക്കവാറും ഭാഗങ്ങളിലും തീ ആളിപ്പടര്‍ന്നു. അഗ്‌നിരക്ഷാ സേന, പോലീസ്, ആരോഗ്യ വകുപ്പ്, റവന്യൂ വകുപ്പ് ഉള്‍പ്പെടെയുളളവര്‍ 12 ദിവസത്തോളമെടുത്തായിരുന്നു തീ നിയന്ത്രണ വിധേയമാക്കിയത്. ഇതിനായി ഉപയോഗിച്ച മണ്ണുമാന്തി യന്ത്രങ്ങള്‍, ഫ്‌ളോട്ടിങ് മെഷീനുകള്‍, മോട്ടോര്‍ പമ്പുകള്‍ തുടങ്ങിയവ സ്ഥലത്ത് എത്തിക്കുന്നതിനും ഇവ പ്രവര്‍ത്തിക്കുന്നതിനുള്ള ഇന്ധന ചെലവുകള്‍, ഓപ്പറേറ്റര്‍മാര്‍ക്കുള്ള കൂലി, മണ്ണ് പരിശോധന, രാത്രികാലങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള ലൈറ്റുകള്‍, താത്ക്കാലിക വിശ്രമ കേന്ദ്രങ്ങളുടെ നിര്‍മാണം, ബയോ ടോയ്ലറ്റുകള്‍, ഭക്ഷണം തുടങ്ങിയ ചെലവുകള്‍ വഹിച്ചത് കോര്‍പ്പറേഷനായിരുന്നു. ഇതിനായി 90 ലക്ഷം രൂപയാണ് ചെലവായത്. ഈ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന് കോര്‍പ്പറേഷന്‍ കത്ത് നല്‍കിയിട്ടുണ്ട്.

ഇതിനു പുറമേ ജില്ലാ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റി പ്രോഗ്രാം മാനേജര്‍ 11 ലക്ഷം രൂപയുടെയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ 13 ലക്ഷം രൂപയുടെയും ബില്ലുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. അഗ്‌നിരക്ഷാ ദൗത്യത്തിലേര്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കായി കാക്കനാട് തയ്യാറാക്കിയ മെഡിക്കല്‍ ക്യാമ്പിലേക്ക് വേണ്ട ഉപകരണങ്ങള്‍ വാങ്ങുന്നതിനും ഡോക്ടര്‍മാരുടെ താമസ സൗകര്യം ഒരുക്കുന്നതിനുമായിരുന്നു 11 ലക്ഷം രൂപ ചെലവഴിച്ചത്. ഇതുകൂടാതെ മറ്റ് മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് 13 ലക്ഷം രൂപ ചെലവഴിച്ചത്.

എറണാകുളം കലക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗത്തില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് കണക്കുകള്‍ പുറത്ത് വന്നത്. അതേസമയം, ആവശ്യമായ തുക ഇനിയും ലഭ്യമല്ലാത്തതിനാല്‍ ബില്ലുകള്‍ മാറിയിട്ടില്ല.

 

Latest