Kerala
കെട്ടിട നമ്പര്‍ ക്രമക്കേട് കൂടുതല്‍ നഗരസഭകളിലും മുന്‍സിപ്പാലിറ്റികളിലും; പരിശോധന തുടരുമെന്ന് വിജിലന്‍സ്
വിജിലന്‍സ് നടത്തിയ 'ഓപ്പറേഷന്‍ ട്രൂ ഹൗസ്' പരിശോധനയിലാണ് കണ്ടെത്തല്‍.

തിരുവനന്തപുരം | കെട്ടിട നമ്പര്‍ ക്രമക്കേട് കൂടുതല്‍ നഗരസഭകളിലും മുന്‍സിപ്പാലിറ്റികളിലും നടന്നതായി വിജിലന്‍സ് നടത്തിയ ‘ഓപ്പറേഷന്‍ ട്രൂ ഹൗസ്’ പരിശോധനയില്‍ കണ്ടെത്തി. വ്യാപക ക്രമക്കേടുകള്‍ നടന്നതായാണ് കണ്ടെത്തല്‍. കരാര്‍ ജീവനക്കാര്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ യൂസര്‍ ഐ ഡിയും പാസ്വേര്‍ഡും ഉപയോഗിക്കുന്നതായും വിജിലന്‍സ് സ്ഥിരീകരിച്ചു.
പാനൂര്‍, തിരുവനന്തപുരം മുന്‍സിപ്പാലിറ്റികളില്‍ അപേക്ഷകള്‍ പോലും സ്വീകരിക്കാതെയാണ് കെട്ടിടങ്ങള്‍ക്ക് നമ്പര്‍ അനുവദിച്ച് നല്‍കുന്നത്. കൊച്ചി കോര്‍പ്പറേഷന് കീഴില്‍ കെട്ടിട നിര്‍മാണ ചട്ടങ്ങളെല്ലാം ലംഘിച്ചാണ് നിരവധി കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയില്‍ പ്ലാന്‍ തിരുത്തി കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ കൂട്ടുനിന്നു. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അനധികൃതമായി നികുതി കുറച്ച് നല്‍കി സര്‍ക്കാരിന് 80 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കി.
പരിശോധനകള്‍ തുടരുമെന്നും സര്‍ക്കാരിന് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും വിജിലന്‍സ് അറിയിച്ചു. മുഴുവന്‍ കോര്‍പറേഷന്‍ ഓഫീസുകളിലും 53 മുന്‍സിപ്പാലിറ്റികളിലുമാണ് പരിശോധന നടത്തിയത്.