Connect with us

From the print

ബി എസ് എൻ എൽ ആസ്തികൾ വിൽപ്പനക്ക്

കേരള സർക്കിളിൽ 60 കോടി രൂപ സമാഹരിക്കാൻ പദ്ധതി • പുനരുജ്ജീവനത്തിന്റെ ഭാഗമെന്ന് അധികൃതർ

Published

|

Last Updated

കൊച്ചി | ബി എസ് എൻ എല്ലിന്റെ ഉടമസ്ഥതയിലുള്ള വസ്തുക്കൾ വിൽപ്പനക്കായി ടെൻഡർ ക്ഷണിച്ച് കേരള സർക്കിൾ. ആലുവ ചൂണ്ടിയിലെ 2.25 ഏക്കറും കൊട്ടാരക്കരയിലെ 90 സെന്റുമാണ് വിൽക്കാനായി ഡൽഹി ആസ്ഥാനമായ ജെ എൽ എൽ പ്രോപ്പർട്ടി കൺസൾട്ടൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വഴി ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.
ബി എസ് എൻ എൽ, എം ടി എൻ എൽ എന്നീ സ്ഥാപനങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബി എസ് എൻ എല്ലിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയും കെട്ടിട ആസ്തികളും വിൽപ്പന നടത്തി ധനസമ്പാദനം നടത്തുന്നതിനുള്ള നയം ടെലികോം വകുപ്പ് അംഗീകരിച്ചതെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.
ചൂണ്ടിയിലെ വസ്തുവിന് 16.47 കോടിയും കൊട്ടാരക്കരയിലേതിന് 4.8 കോടി രൂപയുമാണ് വില നിശ്ചിയിച്ചിരിക്കുന്നത്. 20 കോടി രൂപ വില നിശ്ചയിച്ച് മുമ്പ് രണ്ട് തവണ ശ്രമം നടത്തിയിരുന്നെങ്കിലും നടപ്പാകാതെ പോയതിനാലാണ് ഇപ്പോൾ കൺസൾട്ടൻസിയുടെ സഹായം തേടിയത്.
ഈ മാസം 20ന് ആരംഭിച്ച ഇ- ടെൻഡർ ജൂലൈ ഒന്നിന് അവസാനിക്കും. രണ്ടിന് ടെൻഡർ തുറക്കും. നിഷ്‌ക്രിയ ആസ്തികൾ വിറ്റ് കിട്ടുന്ന പണം ബി എസ് എൻ എൽ നവീകരണത്തിനാണ് ഉപയോഗിക്കുകയെന്ന് എറണാകുളം ബിസിനസ്സ് ഏരിയാ പ്രിൻസിപ്പൽ ജനറൽ മാനേജർ ടി വി സുരേന്ദ്രൻ പറഞ്ഞു.
സർക്കാർ തലത്തിൽ മുമ്പും ബി എസ് എൻ എൽ വസ്തുക്കൾ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം മണക്കാട് 1.8 ഏക്കർ സ്ഥലം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനും 9.23 ഏക്കർ സ്ഥലം ഇന്റലിജൻസ് ബ്യൂറോക്കും വിൽപ്പന നടത്തിയിട്ടുണ്ട്.
എന്നാൽ ആദ്യമായാണ് സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പങ്കെടുക്കാൻ പറ്റുന്ന തരത്തിൽ ഇ – ടെൻഡർ ക്ഷണിച്ചിരിക്കുന്നതെന്ന് സി ജി എം സജി കുമാറും സീനിയർ ജി എം ആർ സതീഷും പറഞ്ഞു.
കേരള സർക്കിളിൽ 24 സ്ഥലങ്ങളാണ് ഇത്തരത്തിൽ ബി എസ് എൻ എൽ വിൽപ്പനക്ക് വെച്ചിരിക്കുന്നത്. നിഷ്‌ക്രിയ ആസ്തികൾ വിറ്റ് ഈ വർഷം 60 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. എറണാകുളത്ത് കലൂരിലും പള്ളുരുത്തിയിലും ഗാന്ധിനഗറിലും വസ്തുക്കൾ വിൽപ്പനക്കുണ്ട്.

Latest