Kerala
ത്രീ സ്റ്റാര്‍ ഹോട്ടല്‍ കെട്ടിടത്തിന് ഫയര്‍ എന്‍ഒസിക്കായി കൈക്കൂലി; ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
ആദ്യം ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്‍ പിന്നീട് തുക 75000 ആക്കി കുറച്ചു

പാലക്കാട് | ത്രീ സ്റ്റാര്‍ ഹോട്ടല്‍ കെട്ടിടത്തിന് ഫയര്‍ എന്‍ഒസി പുതുക്കി നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ട ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍.പാലക്കാട് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ഹിതേഷിനെ ആണ് വിജിലന്‍സ് നിര്‍ദ്ദേശ പ്രകാരം സസ്‌പെന്‍ഡ് ചെയ്തത്.
പാലക്കാട് ജിബി റോഡിലുള്ള കല്യാണ്‍ ടൂറിസ്റ്റ് ഹോമിന് കേന്ദ്ര ടൂറിസം മന്ത്രാലയത്തില്‍ നിന്നുള്ള ത്രീ സ്റ്റാര്‍ കാറ്റഗറി സര്‍ട്ടിഫിക്കറ്റ് പുതുക്കാനുള്ള ഫയര്‍ എന്‍ഒസിക്കാണ് ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെട്ടത്. കെട്ടിട ഉടമ മെയ് മാസം അവസാനമാണ് ഫയര്‍ എന്‍ഒസിക്കായി ഉദ്യോഗസ്ഥനെ സമീപിച്ചത്. സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് ജൂണ്‍ അഞ്ചിന് വീണ്ടും എത്തി. ആദ്യം ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്‍ പിന്നീട് തുക 75000 ആക്കി കുറച്ചു. പണം ആരുടെയെങ്കിലും കൈവശം കൊടുത്തുവിട്ടാല്‍ മതിയെന്നും പണം ലഭിച്ചാല്‍ ഉടന്‍ തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നും ഉദ്യോഗസ്ഥന്‍ കെട്ടിട ഉടമയോട് പറഞ്ഞാതായാണ് പരാതി. വിവരം വിജിലന്‍സിനെ അറിയിച്ച പരാതിക്കാരന്‍ ഇത് സംബന്ധിച്ച തെളിവുകളും കൈമാറിയിരുന്നു.
പരാതി പരിശോധിച്ച വിജിലന്‍സിന് ആരോപണത്തില്‍ കഴമ്പുണ്ടെന്ന് നടപടിയെടുക്കുകായയിരുന്നു. അഗ്നിശമനസേന ഇന്റേണല്‍ വിജിലന്‍സ് ആന്‍ഡ് ഇന്റലിജന്‍സിന്റെ ജില്ലാ ചുമതലക്കാരന്‍ കൂടിയാണ് ഹിതേഷ്