Connect with us

Prathivaram

മുലയൂട്ടൽ: ശ്രദ്ധിക്കേണ്ട ചിലത്

മുലയൂട്ടൽ അമ്മക്കും കുഞ്ഞിനും ഇടയിലുള്ള പവിത്രമായ ഒരു ബന്ധമാണ്. ഇത് മാതൃശിശു അടുപ്പം സൃഷ്ടിക്കുക മാത്രമല്ല, ശാരീരികവും മാനസികവും ആരോഗ്യപരവുമായ ഗുണങ്ങൾ കൂടിയുള്ളതാണ്. നിർഭാഗ്യവശാൽ, ഈ ഏറ്റവും മഹത്വമുള്ള മുലയൂട്ടൽ ചില അമ്മമാരിൽ പരിഭ്രാന്തി ഉണ്ടാക്കാറുണ്ട്.

Published

|

Last Updated

മുലയൂട്ടൽ അമ്മക്കും കുഞ്ഞിനും ഇടയിലുള്ള പവിത്രമായ ഒരു ബന്ധമാണ്. ഇത് മാതൃശിശു അടുപ്പം സൃഷ്ടിക്കുക മാത്രമല്ല, ശാരീരികവും മാനസികവും ആരോഗ്യപരവുമായ ഗുണങ്ങൾ കൂടിയുള്ളതാണ്. നിർഭാഗ്യവശാൽ, ഈ ഏറ്റവും മഹത്വമുള്ള മുലയൂട്ടൽ ചില അമ്മമാരിൽ പരിഭ്രാന്തി ഉണ്ടാക്കാറുണ്ട്.

രണ്ട് കുട്ടികളുടെ അമ്മയും പ്രൊഫഷണലും ആയ രൂപയെ ഞാൻ അടുത്തിടെ കണ്ടുമുട്ടി. വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ പോലും അവൾ വളരെ ഉത്കണ്ഠാകുലയായിരുന്നു. മാത്രമല്ല, അവളുടെ കുട്ടികളെ എപ്പോഴും വിമർശിക്കുന്ന പ്രകൃതക്കാരിയുമായിരുന്നു. ജോലിത്തിരക്കുകൾ കാരണം മക്കളെ ശരിയായി മുലയൂട്ടാൻ സാധിക്കാത്തതാണ് ഇതിനു കാരണം എന്ന മിഥ്യാധാരണ അവർക്കുണ്ടായിരുന്നു. ശരിയായ രീതിയിൽ മുലയൂട്ടാൻ സാധിക്കാത്തത് പലരിലും അപകർഷതാബോധം ഉണ്ടാക്കാറുണ്ട്.

ഒട്ടുമിക്ക അമ്മമാർക്കും തങ്ങളുടെ കുഞ്ഞിന് വേണ്ടത്ര പാലുത്പാദിപ്പിക്കാൻ സാധിക്കുമെങ്കിലും ചില ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുമ്പോൾ ഉദാഹരണത്തിന്, ഹൈപ്പോതൈറോയിഡിസം, ഗർഭകാല പ്രമേഹം, മാസം തികയാതെ കുഞ്ഞിന് ജന്മം നൽകുന്ന അമ്മമാർ എന്നിവരിൽ പാലുത്പാദനം കുറവായി കാണാറുണ്ട്. പാലുത്പാദനം കുറയുന്നത് ഒരമ്മയുടെ തെറ്റോ കുറ്റമോ അല്ലെങ്കിലും പലപ്പോഴും ബന്ധുക്കളുടെ വിമർശനവും സാമൂഹിക സമ്മർദവും കാരണവും മാനസികമായി അവർ തളർന്നു പോകാറുണ്ട്.

മുലപ്പാൽ കുറവുകാരണം മാനസിക സമ്മർദമുള്ള അമ്മമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

• പ്രസവിച്ച ഉടൻ തന്നെ മുലപ്പാൽ ഉത്പാദിപ്പിക്കാൻ കഴിയാത്തവർ വിഷമിക്കേണ്ട കാര്യമില്ല. മറ്റു അമ്മമാരുമായി തങ്ങളെ താരതമ്യം ചെയ്യുന്നത് നല്ലതല്ല.

• കുഞ്ഞ് പാലിനായി കരയുമ്പോൾ പരിഭ്രാന്തരാകരുത്, പകരം വിശ്രമിക്കുക. കുഞ്ഞിനെ ചർമത്തിൽ ചേർത്തുപിടിക്കുക, പാൽ വരുന്നതിനായി മുലയൂട്ടുന്നതിന് മുമ്പ് സ്തനങ്ങൾ മസാജ് ചെയ്യുക.

• വിരളമായി മുലപ്പാലുത്പാദനം തീരെ കുറവായി ചില അമ്മമാരിൽ കാണാറുണ്ട്. ഇത്തരം സാഹചര്യത്തിൽ മുഴുവനായും മറ്റു വഴി ആശ്രയിക്കാതെ വളരെ കുറഞ്ഞ അളവിലാണെങ്കിൽ പോലും അമ്മയുടെ പാൽ നൽകുന്നത് അമ്മക്കും കുഞ്ഞിനും ഒരുപോലെ പ്രയോജനമുള്ളതാണ്.

• ചിലരിൽ പ്രസവാനന്തരമുള്ള ക്ഷീണം, നവജാതശിശുവിന്റെ പരിചരണം എന്നിവ പിരിമുറുക്കം സൃഷ്ടിക്കുകയും അതുകാരണം പാലുത്പാദനം കുറയാറുമുണ്ട്. അതിനാൽ ഇക്കൂട്ടർ ആവശ്യത്തിന് വിശ്രമത്തിനും സ്വയം പരിപാലനത്തിനും സമയം കണ്ടെത്തേണ്ടതാണ്.
ആഹാരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

• മുലയൂട്ടൽ കാലത്ത് പോഷകാഹാരത്തിന്റെ പ്രാധാന്യം വളരെ കൂടുതലാണ്. ഇതിനായി ഒരു ഡയറ്റീഷ്യന്റെ സേവനം സ്വീകരിക്കുന്നത് നന്നായിരിക്കും.

• സോഷ്യൽ മീഡിയയിലും മറ്റും വരുന്ന കുറുക്കുവഴികൾ പാലുത്പാദനം കൂട്ടാനായി സ്വീകരിക്കുന്നത് ഗുണത്തിലേറെ ദോഷം ചെയ്‌തേക്കാം.

• ശരീരഭാരം കുറക്കാനായി മുലയൂട്ടുന്ന അമ്മമാർ ഭക്ഷണമൊഴിവാക്കുന്നതും ശരീരഭാരം കുറക്കാനുള്ള പാനീയങ്ങൾ ഉപയോഗിക്കുന്നതും അമ്മക്കും കുഞ്ഞിനും ഒരുപോലെ ദോഷകരമാണ്.

• മുലയൂട്ടുന്ന സമയത്ത്, അമ്മമാർക്ക് സാധാരണയേക്കാൾ ദിവസേന 300 മുതൽ 400 കലോറി ഊർജം കൂടുതലായി ആവശ്യമാണ്. അതിനാൽ തവിടോടുകൂടിയ ധാന്യങ്ങൾ, മില്ലെറ്റുകൾ, പയർ – പരിപ്പ് വർഗങ്ങൾ നട്‌സുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.

• സമീകൃത ആഹാരം കഴിക്കാൻ ശ്രദ്ധിക്കണം. ധാന്യങ്ങൾ പയർ – പരിപ്പ് വർഗങ്ങൾ / മുട്ട, മത്സ്യം, തൊലി നീക്കിയ ചിക്കൻ, ഇലക്കറികൾ, കിഴങ്ങുവർഗങ്ങൾ, തൈര് (പ്രോബയോട്ടിക്) എന്നിവ അടങ്ങിയ ഒരു ഭക്ഷണ ക്രമമാണ് സമീകൃതാഹാരം.

• ചിലർക്ക് മധുരത്തിനോടും വറുത്തു പൊരിച്ച ഭക്ഷണങ്ങളോടും അമിതാസക്തി കാണാറുണ്ട്. ഇത് പോഷകാഹാര കുറവ് കാരണവും സംഭവിക്കാം. അതിനാൽ ഇക്കൂട്ടർ ഇതിനു പരിഹാരമായി ജങ്ക് ഫുഡിന് അടിമകൾ ആകാതെ ആരോഗ്യകരമായ ലഘു ഭക്ഷണങ്ങളും (നട്‌സ് പഴ വർഗങ്ങൾ, പച്ചക്കറി സാലഡുകൾ, മിൽക്ക് ഷേക്കുകൾ) ആരോഗ്യകരമായ ആഹാരരീതികളും സ്വീകരിക്കേണ്ടതാണ്.

• പാൽ ഉത്പാദനം കൂട്ടാനായും നിർജലീകരണം തടയാനുമായി ശരിയായ തോതിൽ വെള്ളവും മറ്റു ആരോഗ്യദായകങ്ങളായ പാനീയങ്ങളും ( കരിക്കിൻ വെള്ളം, പച്ചക്കറി സൂപ്പുകൾ , പച്ചക്കറി ജ്യൂസുകൾ, മോര് എന്നിവ) ആഹാരത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.

Latest