Connect with us

brahmapuram waste plant

ബ്രഹ്മപുരം: ഇന്ന് മുതൽ മൊബൈൽ മെഡിക്കൽ യൂനിറ്റുകൾ

അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള സ്റ്റെബിലൈസേഷൻ സംവിധാനവും നെബുലൈസേഷൻ അടക്കമുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഇതിൽ ലഭ്യമാകും.

Published

|

Last Updated

കൊച്ചി | ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപ്പിടിത്തത്തെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന പുകയുടെ തോതിൽ ഗണ്യമായ കുറവ് വന്നെങ്കിലും വായു ഗുണനിലവാരം പൂർണമായും വീണ്ടെടുക്കാനായില്ല. ഈ സാഹചര്യത്തിൽ ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായി കൊച്ചി കോർപറേഷനിലും സമീപ പഞ്ചായത്തുകളിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി ബുധനാഴ്ച വരെ നീട്ടി.

അതേസമയം, ആരോഗ്യ സേവനം ഉറപ്പുവരുത്തുന്നതിനായി മൊബൈൽ മെഡിക്കൽ യൂനിറ്റുകൾ ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഇന്ന് രണ്ട് മൊബൈൽ യൂനിറ്റുകളും നാളെ അഞ്ച് മൊബൈൽ യൂനിറ്റുകളും പ്രവർത്തനം ആരംഭിക്കും. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യസഹായം ഫീൽഡ്തലത്തിൽ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് മൊബൈൽ മെഡിക്കൽ യൂനിറ്റുകൾ സജ്ജമാക്കുന്നത്.

ആരോഗ്യ സ്ഥാപനങ്ങളിലേക്ക് റഫർ ചെയ്യേണ്ട രോഗികളെ സമയബന്ധിതമായി കണ്ടെത്തുന്നതിനും ഇത് സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഫീൽഡ്തലത്തിൽ നിന്ന് ശേഖരിക്കുന്ന ആരോഗ്യ അവലോകന റിപോർട്ടിന്റെ അടിസ്ഥാനത്തിൽ നിർണയിക്കപ്പെടുന്ന പ്രദേശങ്ങളിലേക്കാണ് മൊബൈൽ ക്ലിനിക്കിന്റെ സേവനങ്ങൾ ലഭ്യമാക്കുക. ക്ലിനിക്കിൽ മെഡിക്കൽ ഓഫീസർ, നഴ്സിംഗ് ഓഫീസർ, നഴ്സിംഗ് അസിസ്റ്റന്റ് എന്നിവരുണ്ടാകും. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള സ്റ്റെബിലൈസേഷൻ സംവിധാനവും നെബുലൈസേഷൻ അടക്കമുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഇതിൽ ലഭ്യമാകും.

മിനി സ്‌പൈറോമീറ്റർ അടക്കമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ ക്ലിനിക്കുകൾ മൊബൈൽ റിപോർട്ടിംഗ് സെന്ററുകളായും പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ആസ്റ്റർ പീസ് വാലി മൊബൈൽ ക്ലിനിക്കുമായി സഹകരിച്ചാകും ക്ലിനിക്കിന്റെ പ്രവർത്തനം. ശ്വാസകോശ സംബന്ധിയായ അവസ്ഥകൾ വായുവിന്റെ ഗുണനിലവാര തോതനുസരിച്ച് ഏത് രീതിയിൽ വ്യത്യാസപ്പെടുന്നുണ്ടെന്ന് നിരീക്ഷിക്കാനുള്ള സംവിധാനം എറണാകുളത്ത് ശക്തമാക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. രോഗാവസ്ഥയിലേക്ക് എത്തിച്ചേരാനുള്ള സാധ്യതകൾ മുൻകൂട്ടി കണ്ട് പ്രതിരോധം തീർക്കാൻ ഇതിലൂടെ സാധിക്കും.

Latest