കവിത
കരിയിലക്കിളികൾ
കരിയിലക്കിളികൾ ഒരു കൂട്ടമാണ്. ഒരു മനസ്സാണ് ഒരേ ചിലപ്പാണ്

കരിയിലക്കിളിയുടെ
കൂട്ടത്തിൽ ഒരുമയുടെ
സിദ്ധാന്തമുണ്ട്
ചിലച്ചും കൊത്തിപ്പെറുക്കിയും
പറന്നും
കലപില കലപില
മുറ്റത്തെത്തിയ കാക്കയെ,
അണ്ണാനെ കൂട്ടമായി
കൊത്തിയോടിച്ചവർ
മരക്കൊമ്പുകളിലേക്കു
പറക്കുന്നു
സ്വരച്ചേർച്ച നഷ്ടമായ
രണ്ട് വീടുകൾക്കിടയിലെ
ഒറ്റമരത്തിന്റെ
കൊമ്പുകളാകെ
ശബ്ദമുഖരിതം
അതിരുവെട്ടിപ്പിടിച്ചും
കരിയില പൊഴിഞ്ഞതിനു
പുലഭ്യം പറഞ്ഞും
വേലി കെട്ടിത്തിരിച്ചും
ഒറ്റ വേരിലങ്ങനെ നീണ്ട
അയൽ കുശുമ്പുകൾ
കരിയിലക്കിളികൾ
ഒരു കൂട്ടമാണ് ഒരു മനസ്സാണ്
ഒരേ ചിലപ്പാണ്
ഒരു മതിലിനപ്പുറവും
ഇപ്പുറവും
വെറുപ്പിന്റെ കണക്കുകൾ
നിരത്തിയവർക്കു കിളികളെ
കാണാനെവിടെ നേരം
---- facebook comment plugin here -----