Kerala
ബിജെപി കൗണ്‍സിലറുടെ മരണം; റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം
ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ വനിത മാധ്യമപ്രവര്‍ത്തകരെയടക്കം കയ്യേറ്റം ചെയ്തു.

തിരുവനന്തപുരം|തിരുവനന്തപുരം നഗരസഭയിലെ തിരുമല വാര്‍ഡ് കൗണ്‍സിലറും ബിജെപി നേതാവുമായ അനില്‍കുമാര്‍ ജീവനൊടുക്കിയ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം. ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ വനിത മാധ്യമപ്രവര്‍ത്തകരെയടക്കം കയ്യേറ്റം ചെയ്തു. കാമറകളും നശിപ്പിച്ചു. വനിത മാധ്യമപ്രവര്‍ത്തകരെയടക്കം ബിജെപി പ്രവര്‍ത്തകര്‍ സ്റ്റെപ്പില്‍ നിന്ന് തള്ളുകയായിരുന്നു.
ഇന്ന് രാവിലെയാണ് തിരുമലയിലെ കൗണ്‍സിലര്‍ ഓഫീസില്‍ അനില്‍കുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിജെപി നേതൃത്വത്തിനെതിരെ അനില്‍കുമാര്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. അനില്‍കുമാര്‍ ഭാരവാഹിയായ വലിയശാല ടൂര്‍ സൊസൈറ്റിയില്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായപ്പോള്‍ പാര്‍ട്ടി സഹായിച്ചില്ലെന്നും താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു.
ബിജെപി നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ചാണ് അനില്‍കുമാറിന്റെ ആത്മഹത്യയെന്ന ആരോപണം ബിജെപി നേതൃത്വം നിഷേധിച്ചിരുന്നു. കടബാധ്യത തീര്‍ക്കാന്‍ പാര്‍ട്ടി സഹായിച്ചെന്നും സൊസൈറ്റിയുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നുമാണ് ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് പറഞ്ഞത്. അതേസമയം പാര്‍ട്ടി നേതൃത്വം അറിഞ്ഞിട്ടല്ല മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തതെന്നും ഇക്കാര്യം പരിശോധിക്കുമെന്നുമാണ് നേതാക്കളുടെ പ്രതികരണം.