Uae
ബയോമെട്രിക് ഡാറ്റ ചൂഷണം; എ ഐ ആപ്പുകൾക്കെതിരെ മുന്നറിയിപ്പ്
അനാവശ്യ ആപ്ലിക്കേഷനുകൾ നീക്കം ചെയ്യുകയും എ ഐ പ്ലാറ്റ്ഫോമുകളിൽ അപ്ലോഡ് ചെയ്ത ഫോട്ടോകൾ ഡിലീറ്റ് ചെയ്യുകയും ആപ്ലിക്കേഷനുകൾക്കുള്ള അനുമതികൾ പരിമിതപ്പെടുത്തുകയും ചെയ്യുന്നതിലൂടെ സ്വകാര്യത സംരക്ഷിക്കാൻ സാധിക്കും.

അബൂദബി | വ്യക്തിഗത ഫോട്ടോകളെ കാർട്ടൂൺ പോലുള്ള ചിത്രങ്ങളാക്കി മാറ്റുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്പുകൾ ഉപയോഗിക്കുന്നതിനെതിരെ അബൂദബി ഗവൺമെന്റ്എനേബിൾമെന്റ്‌വകുപ്പ് മുന്നറിയിപ്പ് നൽകി. ഇത്തരം ആപ്പുകൾ ഉപയോക്താക്കളുടെ ബയോമെട്രിക് ഡാറ്റ മോഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. എ ഐ പ്ലാറ്റ്ഫോമുകളിലേക്ക് മുഖചിത്രങ്ങൾ അപ്്ലോഡ് ചെയ്യുന്നത് വഴി ഉപയോക്താക്കൾ അവരുടെ അതുല്യമായ ബയോമെട്രിക് വിവരങ്ങൾ പങ്കുവെക്കുകയാണ്. ഇത് വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കാനും സാമ്പത്തിക തട്ടിപ്പുകൾ നടത്താനും ഡീപ്ഫേക്ക് വീഡിയോകൾ നിർമിക്കാനും ദുരുപയോഗം ചെയ്യപ്പെടാം.
അനാവശ്യ ആപ്ലിക്കേഷനുകൾ നീക്കം ചെയ്യുകയും എ ഐ പ്ലാറ്റ്ഫോമുകളിൽ അപ്ലോഡ് ചെയ്ത ഫോട്ടോകൾ ഡിലീറ്റ് ചെയ്യുകയും ആപ്ലിക്കേഷനുകൾക്കുള്ള അനുമതികൾ പരിമിതപ്പെടുത്തുകയും ചെയ്യുന്നതിലൂടെ സ്വകാര്യത സംരക്ഷിക്കാൻ സാധിക്കും. ബയോമെട്രിക് ചൂഷണത്തിന്റെ അപകടങ്ങളെക്കുറിച്ച് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബോധവാന്മാരാക്കണമെന്നും വകുപ്പ് അഭ്യർഥിച്ചു. സ്വകാര്യ ഫോട്ടോകളെ സ്റ്റുഡിയോ ജിബ്്ലി-പ്രചോദിത അവതാറുകളാക്കി മാറ്റുന്ന പുതിയ പ്രവണതയുടെ അപകടങ്ങളെക്കുറിച്ച് യു എ ഇയിലെ സൈബർ സുരക്ഷാ വിദഗ്ധർ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജിബ്്ലി അവതാറുകളുടെ സർഗാത്മക ആകർഷകമാണെങ്കിലും ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്നാണ് അവരും അഭിപ്രായപ്പെടുന്നത്.