Uae
അജ്മാൻ തുറമുഖത്ത് ബില്യൺ ദിർഹമിന്റെ നിക്ഷേപ പദ്ധതി
ഒരു ബില്യൺ ദിർഹം സംയുക്ത നിക്ഷേപത്തോടെയാണ് ഈ പദ്ധതി യാഥാർഥ്യമാകുന്നത്.

അജ്മാൻ|അജ്മാൻ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും വളർച്ചയ്ക്കുമായി ഡിപ്പാർട്ട്മെന്റ്ഓഫ് പോർട്ട് ആൻഡ് കസ്റ്റംസ് അജ്മാനും ആഗോള തുറമുഖ നിക്ഷേപകരും ഡെവലപ്പർമാരും ഓപറേറ്റർമാരുമായ ഹച്ചിസൺ പോർട്ട്സും ധാരണാപത്രം ഒപ്പുവെച്ചു. അജ്മാൻ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. ഒരു ബില്യൺ ദിർഹം സംയുക്ത നിക്ഷേപത്തോടെയാണ് ഈ പദ്ധതി യാഥാർഥ്യമാകുന്നത്. ധാരണാപത്രം അനുസരിച്ച്, ലോകത്തിലെ ഏറ്റവും മികച്ച രീതികൾക്കനുസൃതമായി അജ്മാൻ തുറമുഖത്തിനായി ഒരു വികസന പദ്ധതി തയ്യാറാക്കും.
പ്രവർത്തന വേഗത സുരക്ഷ എന്നിവയിൽ കാര്യക്ഷമത വർധിപ്പിക്കുക, പുതിയ ഷിപ്പിംഗ് ലൈനുകളെ ആകർഷിക്കുക, ഡിജിറ്റൽ പരിവർത്തന പദ്ധതികളുമായി സഹകരിക്കുക, തുറമുഖം കൈകാര്യം ചെയ്യാനും പ്രവർത്തിപ്പിക്കാനും വികസിപ്പിക്കാനും ലക്ഷ്യമിട്ടുള്ള 15 വർഷത്തെ സമഗ്ര പദ്ധതിയിലൂടെ തുറമുഖ പ്രവർത്തനങ്ങൾക്കായി എ ഐ ഉപയോഗിച്ചുള്ള പ്രോഗ്രാമുകൾ ആരംഭിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ഭാവിയിലെ വ്യാപാരം, ഭക്ഷ്യസുരക്ഷ, സാമ്പത്തിക വളർച്ച എന്നിവയിലേക്കുള്ള ഒരു നിക്ഷേപമാണ് തുറമുഖ വികസനമെന്ന് ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി പറഞ്ഞു.