Connect with us

National

ഉഭയകക്ഷി ബന്ധം അസ്വസ്ഥം: അതിര്‍ത്തിയിലെ സേനാ പിന്‍മാറ്റം വേഗത്തിലാക്കണമെന്ന് ചൈനയോട് ഇന്ത്യ

അതിര്‍ത്തി തര്‍ക്കത്തിന് ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളുടെയും വിദേശ കാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയത്.

Published

|

Last Updated

ന്യൂഡല്‍ഹി |  അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ചൈനയുടെ പിന്മാറ്റം വേഗത്തിലാക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.ചൈനീസ് സൈനികരുടെ പ്രവര്‍ത്തികള്‍ മൂലം ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം അസ്വസ്ഥമാണെന്നും സ്ഥിതിഗതികള്‍ പരിഹരിക്കുന്നത് വരെ ബന്ധം സാധാരണ നിലയിലാകില്ലെന്നും അദ്ദേഹം പറഞ്ഞു.ന്യൂഡല്‍ഹിയില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത.ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുടെ കശ്മീര്‍ പരാമര്‍ശത്തില്‍ അതൃപ്തിയറിയിച്ച ഇന്ത്യ, ചൈനയുടെ താല്‍പര്യപ്രകാരമാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം പരസ്യപ്പെടുത്താതിരുന്നതെന്നും വ്യക്തമാക്കി.

അതിര്‍ത്തി തര്‍ക്കത്തിന് ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളുടെയും വിദേശ കാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യ-ചൈന ബന്ധം ഇപ്പോഴും സാധാരണ നിലയിലെത്തിയിട്ടില്ലെന്ന് കൂടിക്കാഴ്ചയില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചൂണ്ടിക്കാട്ടി. അത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ചൈനയുടെ പിന്മാറ്റം വേഗത്തിലാക്കണം. പാംഗോഗ്, ഗോഗ്ര, ഹോട്ട്‌സ്പ്രിംഗ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള ചൈനയുടെ പിന്മാറ്റത്തിന് ഇന്ത്യ ഉദ്ദേശിച്ച വേഗതയില്ല. നേരത്തെ നടന്ന നയതന്ത്ര സൈനിക തല ചര്‍ച്ചകളിലെ ധാരണ ലംഘിച്ചതിലുള്ള അതൃപ്തിയും കൂടിക്കാഴ്ചയില്‍ ഇന്ത്യ അറിയിച്ചു. ഉഭയകക്ഷി ബന്ധത്തില്‍ സ്ഥിരതയും വ്യക്തതയും വേണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ഇസ്ലലമാബാദും അഫ്ഗാനിസ്ഥാനും സന്ദര്‍ശിച്ച ശേഷമാണ് ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യീ ഇന്ത്യയിലെത്തിയത്. ഇവിടങ്ങളിലെ യാത്രാ പദ്ധതിയടക്കം രഹസ്യമാക്കി വയക്കേണ്ടതിനാല്‍ ചൈനയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സന്ദര്‍ശനം പരസ്യപ്പെടുത്താത്തതെന്നും വിദേശ കാര്യമന്ത്രി അറിയിച്ചു. ലഡാക്ക് അതിര്‍ത്തിയിലെ ഇന്ത്യ- ചൈന സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷമുള്ള രണ്ട് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ചൈനയില്‍ നിന്നും ഒരു ഉന്നത നയതന്ത്ര പ്രതിനിധി ഇന്ത്യയില്‍ എത്തുന്നത്

 

---- facebook comment plugin here -----

Latest