Connect with us

National

ഭാരത് ബന്ദ് ആഹ്വാനം: കർശന പരിശോധന; ഡൽഹിയിൽ വൻ ഗതാഗതക്കുരുക്ക്

ഡൽഹി പോലീസിന്റെ വാഹന പരിശോധനയെ തുടർന്ന് സർഹൗൾ അതിർത്തിയിൽ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിരയാണ്

Published

|

Last Updated

ന്യൂഡൽഹി | സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ ചില സംഘടനകൾ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തതിനെ തുടർന്ന് ഡൽഹി-ഗുരുഗ്രാം എക്‌സ്‌പ്രസ് വേയിൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ഡൽഹി പോലീസിന്റെ വാഹന പരിശോധനയെ തുടർന്ന് സർഹൗൾ അതിർത്തിയിൽ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിരയാണ്.

അഗ്നിപഥ് പദ്ധതിക്കെതിരെ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇന്ന് ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ഫരീദാബാദിലും നോയിഡയിലും നാലോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് വിലക്കുന്ന നിരോധനാജ്ഞ ഉത്തരവും നിലവിലുണ്ട്.

സായുധ സേനയിലേക്ക് നാല് വർഷത്തേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള കേന്ദ്രത്തിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, തെലങ്കാന തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ കഴിഞ്ഞ നാല് ദിവസമായി ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പ്രതിഷേധം അക്രമാസക്തമായതിനാൽ ഞായറാഴ്ച കുറഞ്ഞത് 483 ട്രെയിനുകളെങ്കിലും റെയിൽവേ റദ്ദാക്കി.

അതേസസമയം പദ്ധതിയിൽ സർക്കാർ ഉറച്ചുനിൽക്കുകയാണ്. പദ്ധതിയിൽ നിന്ന് പിറകോട്ടില്ലെന്ന് ഇന്നലെ സെെനിക മേധാവികൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

Latest