punjab chief minister oath
പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മന്‍ സത്യപ്രതിജ്ഞ ചെയ്തു
1970ന് ശേഷമുള്ള പഞ്ചാബിന്റെ പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ് 48കാരനായ മന്‍.

അമൃത്സര്‍ | പഞ്ചാബ് മുഖ്യമന്ത്രിയായി എ എ പി നേതാവ് ഭഗവന്ത് മന്‍ സത്യപ്രതിജ്ഞ ചെയ്തു. സ്വാതന്ത്ര്യസമര സേനാനി ഭഗത് സിംഗിന്റെ ജന്മസ്ഥലമായ ഖട്കര്‍ കലാനിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ഡല്‍ഹി മുഖ്യമന്ത്രിയും എ എ പി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍, മറ്റ് മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.
മഞ്ഞ തലപ്പാവ് ധരിച്ചായിരുന്നു നേതാക്കളും അണികളും എത്തിയത്. മഞ്ഞ തലപ്പാവും ഷാളുകളുമാണ് വേദിയിലെങ്ങുമുണ്ടായിരുന്നത്. ഭഗവന്തിന്റെ പ്രത്യേക അഭ്യര്‍ഥന പ്രകാരമാണ് അണികള്‍ ഇങ്ങനെയെത്തിയത്. എപ്പോഴും മഞ്ഞ തലപ്പാവ് ധരിക്കുന്ന ഭഗത് സിംഗിന്റെ അനുയായിയാണ് താനെന്ന് ഭഗവന്ത് മന്‍ പറയാറുണ്ട്.
ഉഡ്താ പഞ്ചാബിനേക്കാള്‍ ബഡ്ത (വികസനം) പഞ്ചാബിനാണ് നാന്ദി കുറിച്ചതെന്നും ഇത് സംസ്ഥാന ചരിത്രത്തിലെ സുവര്‍ണ അധ്യായമാണെന്നും ഭഗവന്ത് മന്‍ സത്യപ്രതിജ്ഞക്ക് ശേഷമുള്ള പ്രസംഗത്തില്‍ പറഞ്ഞു. മന്‍ മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭാ രൂപവത്കരണം പൂര്‍ത്തിയാകാത്തതാണ് കാരണം. 1970ന് ശേഷമുള്ള പഞ്ചാബിന്റെ പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ് 48കാരനായ മന്‍. ഇന്നലെയാണ് അദ്ദേഹം ലോക്‌സഭാംഗത്വം രാജിവെച്ചത്.