Connect with us

siraj editorial

ഹിന്ദുയിസവും ഹിന്ദുത്വയും തമ്മിൽ

വർഗീയതക്കും ഭീകരതക്കുമെതിരെ ശക്തമായി പോരാടേണ്ട കോൺഗ്രസ്സ് നേതാക്കൾ ഹിന്ദുത്വയോട് മൃദുസമീപനം പുലർത്തുന്നത് ജനാധിപത്യ ഇന്ത്യയുടെ ഭാവിക്ക് ആഘാതമാണ്

Published

|

Last Updated

കോൺഗ്രസ്സ് നേതാവ് സൽമാൻ ഖുർശിദിന്റെ “ഹിന്ദുത്വ’യെക്കുറിച്ച പരാമർശത്തോട് ബി ജെ പിയും സംഘ്പരിവാർ സംഘടനകളും വിയോജിപ്പ് പ്രകടിപ്പിക്കുന്നത് മനസ്സിലാക്കാം. എന്നാൽ കോൺഗ്രസ്സ് നേതാക്കൾ, വിശേഷിച്ചും കശ്മീറുകാരനായ ഗുലാം നബി ആസാദ് അതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചതിന്റെ കാരണം ദുരൂഹമാണ്. “സനാതന ധർമത്തെ കുറിച്ചും ക്ലാസിക്കൽ ഹിന്ദുമതത്തെക്കുറിച്ചും അവബോധമുള്ള സന്യാസിമാരും ഹിന്ദുത്വത്തെ തള്ളിപ്പറയുന്നു. എല്ലാ മാനദണ്ഡങ്ങളും പരിശോധിക്കുകയാണെങ്കിൽ ഐ എസ്, ബോക്കൊ ഹറാം തുടങ്ങിയ ഭീകര ഗ്രൂപ്പുകളുടേതിന് സമാനമായ രാഷ്ട്രീയ ധാരണയാണ് ഹിന്ദുത്വ’ യെന്നാണ് ബുധനാഴ്ച ഡൽഹിയിൽ പ്രകാശനം ചെയ്ത “Sunrise Over Ayodhya: Nationhood in Our Times’ (അയോധ്യക്ക് മുകളിലെ സൂര്യോദയം: നമ്മുടെ കാലത്തെ ദേശീയത) എന്ന പുസ്തകത്തിൽ മുൻ കേന്ദ്ര മന്ത്രി കൂടിയായ സൽമാൻ ഖുർഷിദ് എഴുതിയത്.

ഹിന്ദുത്വവും ഹിന്ദുയിസവും രണ്ടാണെന്നും ഹിന്ദുത്വം എതിർക്കപ്പെടേണ്ട ഭീകരപ്രസ്ഥാനമാണെന്നും അഭിപ്രായപ്പെടുന്ന ആദ്യത്തെ വ്യക്തിയല്ല സൽമാൻ ഖുർശിദ്. ആര്യസമാജം പണ്ഡിതനായിരുന്ന സ്വാമി അഗ്‌നിവേശ്, സദ്ഗുരു (ജഗ്ഗി വാസുദേവ്) തുടങ്ങിയവർ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയതാണ്. സിറിയയിലും ഇറാഖിലുമെല്ലാം മനുഷ്യരെ കൊന്നൊടുക്കുന്ന ഐ എസ് എന്ന വിഘടന തീവ്രവാദികളെപ്പോലെയാണ് ഇന്ത്യയിൽ ആർ എസ് എസ് എന്നാണ് 2017 നവംബറിൽ തൃപ്പൂണിത്തുറയിലെ നിർബന്ധിത മതപരിവർത്തന കേന്ദ്രത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധറാലിയിൽ സ്വാമി അഗ്‌നിവേശ് പ്രസംഗിച്ചത്. ബി ജെ പിയും ആർ എസ് എസും ഉൾക്കൊള്ളുന്ന ഹിന്ദുത്വം കപട ഹിന്ദുയിസവും ഫാസിസവുമാണെന്നും സ്വാമി വിലയിരുത്തുകയുണ്ടായി. “ഹിന്ദു ജീവിതരീതി എന്നതുകൊണ്ട് അർഥമാക്കുന്നത് എല്ലാവർക്കും അവരവർക്ക് യോജിച്ച രീതിയിലുള്ള മതം ആകാമെന്നാണ്. ഒരു കുടുംബത്തിൽ അഞ്ചംഗങ്ങൾ ഉണ്ടെങ്കിൽ, അഞ്ച് പേർക്കും അവരുടെ സ്വന്തം മതം ആകാം. എന്തിനെയും ആരാധിക്കാം. ഒരാൾക്ക് ആരാധനയുടെ ആവശ്യമേയില്ല എന്നു തോന്നുന്നുവെങ്കിൽ, അയാൾക്കങ്ങനെയുമാകാം. എന്നിരുന്നാലും അയാൾ നല്ലൊരു ഹിന്ദുതന്നെ. ഈ സ്വാതന്ത്ര്യവും വിശാല മനസ്ഥിതിയും ആണ് ഇന്ന് നമുക്ക് വേണ്ടതെ’ന്നാണ് ജഗ്ഗി വാസുദേവിന്റെ വീക്ഷണം. 1995ൽ സുപ്രീം കോടതിയിൽ അന്നത്തെ ചീഫ് ജസ്റ്റിസ് പി ബി ഗജേന്ദ്ര ഗാഡ്കർ ഹിന്ദു മതത്തെ വിലയിരുത്തിയതും ഇതേ കാഴ്ചപ്പാടിലാണ്.

ഹിന്ദുവും ഹിന്ദുത്വവും തമ്മിലുള്ള ബന്ധം ഇസ്‌ലാമും ഇസ്‌ലാമിക് സ്റ്റേറ്റും തമ്മിലുള്ളത് മാത്രമാണെന്നാണ് കോൺഗ്രസ്സ് യുവനേതാവ് വി ടി ബൽറാം 2015ൽ സോഷ്യയിൽ മീഡിയയിൽ കുറിച്ചത്. കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ ഹിന്ദുത്വയെ താലിബാനിസത്തോടാണ് ഉപമിച്ചത്. “ഇസ്‌ലാമികരാഷ്ട്രം സ്ഥാപിക്കണമെന്ന് പറയുന്ന താലിബാനെപ്പോലെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്ന് പറയുന്ന ചിലരുണ്ട്. താലിബാനെ പിന്തുണക്കുന്നവരുടെയും ആർ എസ് എസിനെയും വിശ്വഹിന്ദു പരിഷത്തിനെയും ബജ്റംഗ്്ദളിനെയും പിന്തുണക്കുന്നവരുടെയും ചിന്താഗതി ഒന്നു തന്നെയാണ്’ -രണ്ട് മാസം മുമ്പ് ഒരു ടെലിവിഷൻ ചാലനിലോട് സംസാരിക്കവേ ജാവേദ് അക്തർ പറഞ്ഞു. “ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന് ഉദ്‌ഘോഷിക്കുന്ന യഥാർഥ ഹിന്ദുമതവും ഗാന്ധിയെ വെടിവെച്ചു കൊന്ന, ഗുജറാത്തിൽ ആയിരക്കണക്കിന് മുസ്‌ലിംകളെ കൊന്നൊടുക്കിയ ഒഡീഷയിൽ ക്രിസ്തീയ പുരോഹിതൻ ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും ചുട്ടുകൊന്ന ആർ എസ് എസിന്റെ ഹിന്ദുത്വയും തമ്മിൽ അജഗജാന്തരമുണ്ടെന്ന് രണ്ട് ധാരകളെയും നിഷ്പക്ഷമായി വിലയിരുത്തുന്ന ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഹിറ്റ്‌ലറിൽ നിന്ന് വംശീയ ഭ്രാന്ത് ഉൾക്കൊള്ളുകയും ഹിറ്റ്‌ലർ നടപ്പാക്കിയ ന്യൂറംബർഗ്റെയ്സ് മാതൃകയിൽ മതാധിഷ്ഠിത നിയമങ്ങളുണ്ടാക്കി തങ്ങൾക്കനഭിമതരായ ജനസമൂഹങ്ങളെ രാജ്യത്തു നിന്നു പുറന്തള്ളാൻ ശ്രമിക്കുകയും ചെയ്യുന്നവരാണ് ഹിന്ദുത്വർ. ഇതുകൊണ്ടു തന്നെയാണ് കോൺഗ്രസ്സ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ഈ വിവാദത്തിൽ സൽമാൻ ഖുർശിദിനെ പിന്തുണച്ചു രംഗത്തു വന്നതും. “ഹിന്ദുത്വയും ഹിന്ദുയിസവും രണ്ടാണ്. ഈ വ്യത്യാസം എല്ലാവരും മനസ്സിലാക്കണം. ഞാൻ ഉപനിഷത്തുക്കൾ വായിച്ചിട്ടുണ്ട്. അതിൽ ഒരിടത്തും നിരപരാധികളെ കൊല്ലുന്നതിനെക്കുറിച്ച് പറയുന്നില്ല. സിഖുകാരനെയോ മുസ്്ലിമിനെയോ അടിച്ചു കൊല്ലുന്നതല്ല ഹിന്ദുയിസം. അത് ഹിന്ദുത്വമാണ്. നിങ്ങൾ ഒരു ഹിന്ദുവാണെങ്കിൽ പിന്നെ ഹിന്ദുത്വയുടെ ആവശ്യമേയില്ലെ’ന്നാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

അതേസമയം “ഹിന്ദുത്വ ഒരു രാഷ്ട്രീയ ആശയം എന്ന നിലയിൽ നമ്മൾ അംഗീകരിക്കണമെന്നില്ലെങ്കിലും ഐ എസുമായി അതിനെ താരതമ്യപ്പെടുത്തുന്നത് തെറ്റും അതിശയോക്തിയുമാണെ’ന്നാണ് ഗുലാം നബി ആസാദ് പ്രതികരിച്ചത്.
എന്തുകൊണ്ടെന്നറിയില്ല, അടുത്ത കാലത്തായി അദ്ദേഹം ബി ജെ പിയോടും നരേന്ദ്ര മോദിയോടുമെല്ലാം മൃദുസമീപനമാണ് പുലർത്തി വരുന്നത്. കോൺഗ്രസ്സ്‌രഹിത ഇന്ത്യക്ക് വേണ്ടി പ്രവർത്തിക്കുന്ന നരേന്ദ്ര മോദിയെ പുകഴ്ത്തി ഗുലാം നബി ആസാദ് പ്രസംഗിച്ചത് അടുത്തിടെയാണ്. “ജനങ്ങൾ നരേന്ദ്ര മോദിയിൽ നിന്ന് പഠിക്കണം. പ്രധാനമന്ത്രിയായിട്ടും അദ്ദേഹം തന്റെ വേരുകൾ മറന്നില്ല. അദ്ദേഹം അഭിമാനത്തോടെ സ്വയം വിശേഷിപ്പിക്കുന്നത് ചായ്‌വാലയെന്നാണ്. വളരെ വിനയാന്വിതനായ വ്യക്തിയാണ് നരേന്ദ്ര മോദിയെ’ന്നായിരുന്നു ജമ്മുവിൽ ഗുജ്ജർ വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പ്രസംഗിച്ചത്. വ്യക്തിപരമായ നേട്ടങ്ങളാണ് ഈ മോദി പുകഴ്ത്തലിന് പിന്നിലെന്നാണ് കോൺഗ്രസ്സ് നേതാവ് ആധിർ രഞ്ജൻ ചൗധരി അഭിപ്രായപ്പെട്ടത്. അതെന്തായാലും ബി ജെ പിയുടെയും ആർ എസ് എസിന്റെയും വിഷലിപ്തമായ വർഗീയതക്കും ഭീകരതക്കുമെതിരെ ശക്തമായി പോരാടേണ്ട കോൺഗ്രസ്സ് നേതാക്കൾ ഹിന്ദുത്വയോട് മൃദുസമീപനം പുലർത്തുന്നത് ജനാധിപത്യ ഇന്ത്യയുടെ ഭാവിക്ക് ആഘാതമാണ്.