Connect with us

editorial

എൻ ഡി എയുടെ അമ്പരപ്പിക്കുന്ന വിജയത്തിനു പിന്നിൽ

എസ് ഐ ആർ, മതേതര കക്ഷികൾക്കിടയിലെ ഭിന്നത, നിതീഷ് കുമാർ സർക്കാറിന്റെ മഹിളാ റോജ്ഗർ യോജന ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികൾ തുടങ്ങിയവയാണ് എൻ ഡി എയുടെ വൻവിജയത്തിൽ നിർണായക ഘടകങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്.

Published

|

Last Updated

ബിഹാറിൽ എൻ ഡി എക്ക് അമ്പരിപ്പിക്കുന്ന വിജയം. എക്‌സിറ്റ് പോൾ ഫലങ്ങളെ പോലും കടത്തിവെട്ടുന്ന അവിശ്വസനീയ മുന്നേറ്റമാണ് സഖ്യം നേടിയത്. ആർ ജെ ഡിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണിയെ നിലംപരിശാക്കി സംസ്ഥാനത്തെ 243 നിയമസഭാ സീറ്റുകളിൽ ഇരുനൂറിലേറെ സീറ്റുകൾ എൻ ഡി എ കൈയടക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 110 സീറ്റ് നേടിയ മതേതര സഖ്യം 33 സീറ്റിൽ ഒതുങ്ങി. എസ് ഐ ആർ, മതേതര കക്ഷികൾക്കിടയിലെ ഭിന്നത, നിതീഷ് കുമാർ സർക്കാറിന്റെ മഹിളാ റോജ്ഗർ യോജന ഉൾപ്പെടെയുള്ള ക്ഷേമപദ്ധതികൾ തുടങ്ങിയവയാണ് എൻ ഡി എയുടെ വൻവിജയത്തിൽ നിർണായക ഘടകങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്. എസ് ഐ ആറിൽ സംസ്ഥാനത്തെ 65 ലക്ഷം വോട്ടർമാരാണ് പട്ടികയിൽ നിന്ന് പുറത്തായത്. ഇവരിൽ ബഹുഭൂരിപക്ഷവും ന്യൂനപക്ഷ സമുദായക്കാരും ഇന്ത്യ മുന്നണി പ്രതീക്ഷയർപ്പിച്ച വോട്ടർമാരുമാണ്. പ്രത്യേക സമുദായത്തെയും വിഭാഗങ്ങളെയും ലക്ഷ്യംവെച്ചാണ് എസ് ഐ ആറെന്ന് ആരോപണമുയരുകയും ചെയ്തിരുന്നു. പട്ടികയിൽ നിന്ന് നീക്കം ചെയ്തവരുടെ പേരുകൾ, ഒഴിവാക്കാനുണ്ടായ കാരണ സഹിതം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല.

വനിതകളുടെ ബേങ്ക് അക്കൗണ്ടിലേക്ക് പതിനായിരം രൂപ വീതം നൽകുന്ന മഹിളാ റോജ്ഗർ യോജന പദ്ധതി എൻ ഡി എ വിജയത്തിൽ വലിയ പങ്ക് വഹിച്ചു. 75 ലക്ഷം സ്ത്രീകൾക്ക് പ്രയോജനപ്പെടുന്ന ഈ പദ്ധതി പാർട്ടി, ജാതി ചിന്തകൾക്കപ്പുറം വോട്ടർമാരെ എൻ ഡി എ പക്ഷത്തേക്ക് ആകർഷിച്ചു. 10,000 രൂപ ബിഹാറിലെ വോട്ടർമാരെ സംബന്ധിച്ചിടത്തോളം അത്ര ചെറിയ തുകയല്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുമ്പ് പ്രഖ്യാപിച്ചതും സെപ്തംബർ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതുമായ പദ്ധതി സ്ത്രീ വോട്ടർമാരെ വൻതോതിൽ പോളിംഗ് ബൂത്തിലെത്തിച്ചു. പോളിംഗ് ബൂത്തുകളിലെ സ്ത്രീകളുടെ നീണ്ടനിര എൻ ഡി എക്ക് ഗുണം ചെയ്യുമെന്ന് മാധ്യമങ്ങൾ വിലയിരുത്തിയതുമാണ്. ബിഹാറിലെ മദ്യനിരോധനവും സ്ത്രീ വോട്ടർമാരെ സ്വാധീനിച്ചു. കുടുംബങ്ങളിൽ വലിയൊരളവിൽ സമാധാനാന്തരീക്ഷം കൈവരാൻ ഇത് സഹായകമായിട്ടുണ്ട്.

മതേതര കക്ഷികളായ അസദുദ്ദീൻ ഉവൈസിയുടെ എ ഐ എം ഐ എമ്മും പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയും ഇന്ത്യ സഖ്യത്തിന്റെ ഭാഗമാകാതെ വേറിട്ട് മത്സരിച്ചത് എൻ ഡി എക്ക് സഹായകമായി. മതേതര വോട്ടുകളിൽ ഇത് വിള്ളൽ സൃഷ്ടിക്കുകയും അതിലൂടെ എൻ ഡി എ കടന്നുകയറുകയുമായിരുന്നു. സീമാഞ്ചൽ മേഖലയിൽ എ ഐ എം ഐ എമ്മിന്റെ സാന്നിധ്യം മൂലം ഇന്ത്യ സഖ്യത്തിന് 30 സീറ്റെങ്കിലും നഷ്ടപ്പെടുമെന്ന് തിരഞ്ഞെടുപ്പ് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. നേരത്തേ ഹൈദരാബാദിൽ ഒതുങ്ങിനിന്നിരുന്ന എം ഐ എം, സമീപ സംസ്ഥാനങ്ങളിൽ വേരോട്ടം നേടിയ ശ്രദ്ധേയമായ കക്ഷിയായി മാറിയിട്ടുണ്ട്. പാർലിമെന്റിലും പുറത്തും ഫാസിസത്തിനെതിരായ ഉവൈസിയുടെ പോരാട്ടം മതേതര സമൂഹത്തിൽ അദ്ദേഹത്തിനൊരു സ്ഥാനം നേടിക്കൊടുത്തു. ഇന്ത്യ സഖ്യം തകർന്നടിഞ്ഞിട്ടും ഒറ്റക്ക് തിരഞ്ഞെടുപ്പിനെ നേരിട്ട എം ഐ എം അഞ്ച് സീറ്റ് നേടിയത് ബിഹാറിലെ മതേതര സമൂഹത്തിൽ ഉവൈസിയുടെ സ്വാധീനം വ്യക്തമാക്കുന്നു. മഹാ സഖ്യവും എൻ ഡി എയും കളത്തിൽ നിറഞ്ഞ് പോരാടിയ 2020ലെ തിരഞ്ഞെടുപ്പിലും പാർട്ടി അഞ്ച് സീറ്റുകളിൽ വിജയിച്ചിരുന്നു. ഉവൈസി ഇന്ത്യ സഖ്യത്തിലെ ഘടകകക്ഷിയായിരുന്നെങ്കിൽ പല മണ്ഡലങ്ങളിലും എൻ ഡി എയെ പിടിച്ചുകെട്ടാനാകുമായിരുന്നു. സംസ്ഥാനത്തെ മൊത്തം വോട്ട് വിഹിതത്തിൽ ബി ജെ പിയെക്കാളും ജെ ഡി യുവിനെക്കാളും മുന്നിലാണ് ആർ ജെ ഡിയെന്നത് ഈ നിഗമനത്തിന് അടിവരയിടുന്നു.

വലിയ അവകാശവാദത്തോടെ രംഗത്തുവന്ന പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് ഒരു ചലനവും സൃഷ്ടിക്കാനായില്ല. സംസ്ഥാനത്തെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തിയ ജെ എസ് പി 150 സീറ്റിൽ കൂടുതൽ നേടുമെന്നും അതിൽ കുറഞ്ഞത് പരാജയമായി കണക്കാക്കുമെന്നുമായിരുന്നു പ്രശാന്ത് കിഷോർ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഒരു സീറ്റിൽ പോലും വിജയിച്ചില്ല. ഡോക്ടർമാർ, അഭിഭാഷകർ, ശാസ്ത്രജ്ഞർ തുടങ്ങി പ്രമുഖരെയാണ് ജെ എസ് പി സ്ഥാനാർഥികളാക്കിയത്. അതൊന്നും പാർട്ടിക്ക് ഗുണം ചെയ്തില്ല.

തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങളിലൂന്നിയായിരുന്നു പ്രചാരണം. ജാതിക്ക് പ്രാധാന്യമുള്ള ബിഹാറിൽ പ്രശാന്ത് കിഷോറിന്റെ പാർട്ടിക്ക് വലിയ സ്വാധീനം നേടാനാകില്ലെന്ന് നേരത്തേ വിലയിരുത്തപ്പെട്ടതാണ്.
സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി ജെ പി മാറിയതാണ് തിരഞ്ഞടുപ്പ് ഫലത്തിലെ ശ്രദ്ധേയമായ വശം. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക സ്വാധീനമുള്ള ബിഹാറിൽ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയാകുകയെന്നത് ബി ജെ പിയുടെ കാലങ്ങളായുള്ള ലക്ഷ്യങ്ങളിലൊന്നാണ്. 2020ൽ ഇതിനായി കൊണ്ടുപിടിച്ച ശ്രമം നടത്തിയെങ്കിലും 75 സീറ്റുമായി ആർ ജെ ഡിയാണ് മുന്നിലെത്തിയത്. 74 സീറ്റ് നേടി ബി ജെ പി തൊട്ടടുത്തെത്തി. ഇത്തവണ ആർ ജെ ഡി 25 സീറ്റിൽ ഒതുങ്ങിയപ്പോൾ 91 സീറ്റ് നേടി ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷിയായി.

ബി ജെ പിയുടെ ഈ മുന്നേറ്റം ജെ ഡി യു നേതാവ് നിതീഷ്‌ കുമാറിന്റെ രാഷ്ട്രീയ ഭാവിയിൽ ഇരുൾവീഴ്ത്തുമോയെന്ന ചോദ്യം ഉയർന്നുവന്നിട്ടുണ്ട്. നിതീഷ്‌ കുമാറിനെ മുന്നിൽ നിർത്തിയാണ് എൻ ഡി എ തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും നിതീഷായിരിക്കും മുഖ്യമന്ത്രിയെന്ന് പറയാതിരിക്കാൻ ബി ജെ പി നേതൃത്വം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഈ സാഹചര്യത്തിൽ 2024ലെ മഹാരാഷ്ട്ര മോഡൽ ബിഹാറിൽ ആവർത്തിക്കാനുള്ള സാധ്യതയുണ്ട്. ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി മുന്നിൽ നിർത്തിയായിരുന്നു മഹാരാഷ്ട്രയിൽ ബി ജെ പിയുടെ പ്രചാരണം. ബി ജെ പി മികച്ച വിജയം കൈവരിച്ചതോടെ ഷിൻഡെയെ തള്ളി സ്വന്തം പാർട്ടിക്കാരനായ ദേവേന്ദ്ര ഫട്‌നാവിസിനെ മുഖ്യമന്ത്രിയാക്കുകയായിരുന്നു.

Latest