Connect with us

Ongoing News

വിദേശ പര്യടന വേളയില്‍ കളിക്കാര്‍ കുടുംബത്തെ ഒപ്പം കൂട്ടുന്നത് നിയന്ത്രിക്കണം; കര്‍ശന നടപടിക്കൊരുങ്ങി ബി സി സി ഐ

പരമ്പരയില്‍ ടീം ഇന്ത്യ കനത്ത തോല്‍വി ഏറ്റുവാങ്ങിയതോടെ നിലവിലുള്ള ആനുകൂല്യം പിന്‍വലിക്കേണ്ടത് അനിവാര്യമാണെന്ന് ബി സി സി ഐയിലെ ഒരു വിഭാഗം കരുതുന്നു.

Published

|

Last Updated

മുംബൈ | വിദേശ ക്രിക്കറ്റ് പര്യടന വേളയില്‍ താരങ്ങള്‍ ഭാര്യമാരെയോ മറ്റ് കുടുംബാംഗങ്ങളെയോ ഒപ്പം കൊണ്ടുപോകുന്നത് നിയന്ത്രിക്കുന്ന മുന്‍ വ്യവസ്ഥ പുനസ്ഥാപിക്കാനൊരുങ്ങി ബി സി സി ഐ. 45 ദിവസം നീളുന്ന പരമ്പരയ്ക്കായി പോകുമ്പോള്‍ ഒരു ക്രിക്കറ്റര്‍ക്ക് ഭാര്യയെ രണ്ടാഴ്ച മാത്രം ഒപ്പം നിര്‍ത്താമെന്ന നിര്‍ദേശം കഴിഞ്ഞ ശനിയാഴ്ച നടന്ന ബി സി സി ഐ അവലോകന യോഗം ചര്‍ച്ച ചെയ്തിരുന്നു. ചെറിയ ടൂറുകളാണെങ്കില്‍ ഇത് ഏഴ് ദിവസമായി ചുരുങ്ങും.

2020ല്‍ കൊവിഡ്-19 മഹാമാരി പടര്‍ന്നു പിടിക്കുന്നതിനു മുമ്പ് വരെ ഇത്തരമൊരു നയം ബോര്‍ഡ് നടപ്പിലാക്കിയിരുന്നു. എന്നാല്‍, കൊവിഡ് കാലത്ത് ഇതില്‍ ഇളവ് വരുത്തി. ദീര്‍ഘകാലം നീളുന്ന പരമ്പരയ്ക്ക് പോകുന്ന ഘട്ടത്തില്‍ കളിക്കാര്‍ക്ക് ബയോ-ബബിളിനകത്ത് സ്വസ്ഥത നിറഞ്ഞ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനു വേണ്ടിയായിരുന്നു ഇത്. ഈ സമയത്ത് പരമ്പര കഴിയുന്നതുവരെ കുടുംബത്തെ കൂടെ നിര്‍ത്താന്‍ താരങ്ങള്‍ക്ക് അനുവാദം നല്‍കുകയായിരുന്നു.

അതേസമയം, ഈ മാസത്തിന്റെ തുടക്കത്തില്‍ ആസ്‌ത്രേലിയക്കെതിരായ പരമ്പരയില്‍ ടീം ഇന്ത്യ കനത്ത തോല്‍വി ഏറ്റുവാങ്ങിയതോടെ ആനുകൂല്യം പിന്‍വലിക്കേണ്ടത് അനിവാര്യമാണെന്ന് ബി സി സി ഐയിലെ ഒരു വിഭാഗം കരുതുന്നു. വരുന്ന ചാമ്പ്യന്‍സ് ട്രോഫിക്കും അതിനു ശേഷം നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിലും നിര്‍ദിഷ്ട നയം പ്രാബല്യത്തില്‍ വരുത്തുമോ എന്നത് ഉറപ്പായിട്ടില്ല.

ടീമില്‍ ഐക്യവും കെട്ടുറപ്പും ഉറപ്പുവരുത്തുന്നതിനു വേണ്ടി കളിക്കാരും പരിശീലകരും ഒരുമിച്ച് ടീം ബസില്‍ സഞ്ചരിക്കണമെന്ന നിര്‍ദേശവും യോഗം ചര്‍ച്ച ചെയ്തു. താരങ്ങളുടെ കൂടെ കരുതുന്ന ലഗേജുമായി ബന്ധപ്പെട്ടതാണ് പ്രാബല്യത്തില്‍ വരാന്‍ പോകുന്ന മറ്റൊരു വ്യവസ്ഥയെന്ന് ബി സി സി ഐയിലെ ചില ആഭ്യന്തര വൃത്തങ്ങള്‍ സൂചന നല്‍കുന്നു. ലഗേജിന്റെ ഭാരം 150 കിലോയില്‍ കൂടുതലാണെങ്കില്‍ അധികം വരുന്ന ചാര്‍ജ് ബോര്‍ഡ് നല്‍കില്ല. അത് അവരവര്‍ സ്വയം വഹിക്കേണ്ടി വരും.

 

Latest