Connect with us

bangladesh mp killed

കൊല്‍ക്കത്തയിലെത്തി കാണാതായ ബംഗ്ലാദേശ് എം പി കൊല്ലപ്പെട്ട നിലയില്‍

ചികിത്സക്കായി എത്തിയ എം പിഅന്‍വാറുള്‍ അസിം അനാര്‍ (56) ആണ് കൊല്ലപ്പെട്ടത്

Published

|

Last Updated

കൊല്‍ക്കത്ത | ചികിത്സയ്ക്കായി കൊല്‍ക്കത്തയിലെത്തി കാണാതായ ബംഗ്ലാദേശ് എം പി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു. കൊല്‍ക്കത്ത ന്യൂടൗണിലെ ഫ്‌ളാറ്റില്‍നിന്ന് എം പി യുടെ വികൃതമാക്കപ്പെട്ട മൃതദേഹം കണ്ടെത്തിയതായി ബംഗ്ലാദേശി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

ഭരണകക്ഷിയായ അവാമിലീഗിന്റെ മുതിര്‍ന്ന എം പിയായ അന്‍വാറുള്‍ അസിം അനാര്‍ (56) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശില്‍ മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്. കേസ് അന്വേഷിക്കാന്‍ സി ഐ ഡി സംഘത്തെയും നിയോഗിച്ചു.

ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് ധാക്ക പോലീസിന്റെ ഡിറ്റക്ടീവ് ബ്രാഞ്ച് മേധാവി ഹാറുണ്‍ റാഷിദ് പറഞ്ഞു. കുടുംബപരമോ സാമ്പത്തികമോ ആയ കാരണങ്ങളാണോ നാട്ടുകാരുമായുള്ള ശത്രുതയാണോ മരണത്തിലേക്ക് നയിച്ചതെന്ന് അന്വേഷിക്കുകയാണ്. അന്വേഷണത്തില്‍ കൊല്‍ക്കത്ത പോലീസ് എല്ലാവിവരങ്ങളും നല്‍കി സഹകരിക്കുന്നുണ്ടെന്നും റാഷിദ് പറഞ്ഞു. എന്നാല്‍ കൊലപാതകത്തെപ്പറ്റിയോ മൃതദേഹം എവിടെയുണ്ട് എന്നതിനെപ്പറ്റിയോ കൊല്‍ക്കത്ത പോലീസ് പ്രതികരിച്ചിട്ടില്ല.

മേയ് 12-നാണ് അസിം അനാര്‍ എം പി കൊല്‍ക്കത്തയിലെത്തിയത്. ബരാനഗറിലുള്ള ഗോപാല്‍ ബിശ്വാസ് എന്ന സുഹൃത്തിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. എന്നാല്‍ 13-ന് വൈദ്യപരിശോധനയ്ക്കായിപ്പോയ എം പി യെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ബിശ്വാസ് പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ന്യൂടൗണിലുള്ള ഒരു ഫ്‌ളാറ്റില്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയതായി വ്യക്തമായി. ഫ്‌ളാറ്റില്‍ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്.