Connect with us

യാത്രാനുഭവം

അജ്‌ലാനിയ്യയിൽ മുഴങ്ങുന്ന ബാനത് സുആദിന്റെ ശീലുകൾ

Published

|

Last Updated

ഹളർമൗത്തിലെത്തിയിട്ട് അഞ്ച് മാസം പിന്നിട്ടു. ഇവിടെ വന്നതിന് ശേഷം ദീർഘമായ യാത്രകൾക്കൊന്നും അവസരം വന്നിട്ടില്ല. അതിനിടയിലാണ് ഞങ്ങൾ, മലയാളി വിദ്യാർഥികൾ ഒരു യാത്ര പ്ലാൻ ചെയ്തത്. ഹളർമൗത്ത് ഗവർണറേറ്റിലെ പടിഞ്ഞാറൻ പ്രവിശ്യയായ വാദി ദൗഅൻ സന്ദർശിക്കാനാണ് തീരുമാനം. പ്രാചീന അറബ് സംസ്‌കാരങ്ങളുടെ വേറിട്ട കാഴ്ചകൾ സമ്മാനിക്കുന്ന നാടാണിതെന്ന് സഹപാഠികൾ പലരും പറഞ്ഞുകേട്ടിട്ടുണ്ട്. ഒട്ടേറെ ചരിത്രങ്ങളുറങ്ങുന്ന താഴ്്വരയാണ് ദൗഅൻ. മാത്രമല്ല, അറബ് രാജ്യങ്ങളിൽ ഏറെ കേളി കേട്ട “അസൽ ദൗഅൻ’ (ദൗഅനിലെ തേൻ) ഇവിടെ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. ഒരു വ്യാഴാഴ്ച ദിവസം പ്രാതൽ കഴിച്ച് ഞങ്ങൾ യാത്ര പുറപ്പെട്ടു.

തരീമിൽ നിന്നും സൈഊൻ വഴിയാണ് പോകേണ്ടത്. ഹൂത്വയിലെ സൂഫി ഗുരു ഇമാം അഹ്്മദ് ബിൻ സൈൻ അൽ ഹബ്ശിയുടെ മഖാം ഒരിക്കൽ കൂടി സിയാറത്ത് ചെയ്യാൻ ഈ യാത്രയിൽ അവസരം ലഭിച്ചു. സിയാറത്തിന് ശേഷം വാഹനത്തിൽ കയറി. അൽപ്പം മുന്നോട്ട് നീങ്ങിയപ്പോൾ സൈഊൻ നഗരത്തിന്റെ തിരക്കിലേക്ക് ഞങ്ങൾ പ്രവേശിച്ചു. നാട്ടിൽ നിന്നും വരുമ്പോൾ, സ്വൻഅയിൽ വിമാനമിറങ്ങിയ ശേഷം ദാറുൽ മുസ്ത്വഫയിലേക്കുള്ള യാത്രയിൽ ഈ നഗരമധ്യത്തിലാണ് ഞങ്ങൾ ആദ്യമായി ബസിറങ്ങിയത്. ഇന്നലെകളിലെ ആ നല്ല ഓർമകളെ മനസ്സിൽ താലോലിച്ച് പുറത്തെ കാഴ്ചകൾ കാണാനായി ഞാൻ സീറ്റിൽ അമർന്നിരുന്നു.
ശിബാം നഗരത്തിലൂടെയാണ് ഇപ്പോൾ ഞങ്ങളുടെ വാഹനം നീങ്ങുന്നത്. 1982ൽ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ നഗരമാണ് ശിബാം. നഗരത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ തല ഉയർത്തി നിൽക്കുന്ന കൂറ്റൻ മൺ ഫ്ലാറ്റുകൾ ആരെയും അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ്. അഞ്ച് മുതൽ പതിനൊന്ന് നിലകൾ വരെയുള്ള അഞ്ഞൂറോളം മൺ ടവറുകളുണ്ട് ഈ നഗരത്തിൽ. 98 അടി വരെ ഉയരമുള്ള കെട്ടിടങ്ങളും കൂട്ടത്തിലുണ്ട്. വ്യതിരിക്തമായ വാസ്തുവിദ്യയിൽ പേരുകേട്ട ശിബാം നഗരത്തിന് 1700 വർഷത്തെ ചരിത്ര പശ്ചാത്തലമുണ്ട്. പതിനാറാം നൂറ്റാണ്ടിൽ നിർമിച്ച പല വീടുകളും പഴമ നിലനിർത്തി പുനർനിർമിച്ചത് കാണാം. കളിമൺ കട്ടകൾ കൊണ്ട് നിർമിച്ച ബഹുനില കെട്ടിടങ്ങൾ തിങ്ങിനിറഞ്ഞ ഈ നഗരം “മരുഭൂമിയിലെ ചിക്കാഗോ’ എന്നാണറിയപ്പെടുന്നത്.

നഗര വീഥിയിൽ നിന്നും ഞങ്ങൾ വിജനമായ പ്രധാന പാതയിലേക്ക് കടന്നു. റോഡിന് ഇരുവശങ്ങളിലും ശാന്തമായ മൺപരപ്പാണ്. വിദൂരതയിൽ ചെറിയ മൺകുന്നുകൾ, കളിമൺ കട്ടകൾ കൊണ്ടുണ്ടാക്കിയ വീടുകൾ തീപ്പെട്ടിക്കൂടുകൾ അടുക്കിവെച്ച പോലെ ഒന്നിനോട് മറ്റൊന്ന് ഒട്ടി നിൽക്കുകയാണ്. ഇടക്ക്, ചുറ്റിലും ദൂരെ ഫലഭൂയിഷ്ഠമായ മണ്ണിൽ ചോളവും ഗോതമ്പും നിറഞ്ഞു നിൽക്കുന്ന കാഴ്ച. ഇപ്പോൾ നല്ല കാലാവസ്ഥയാണ്. ചൂട് പാടെ കുറഞ്ഞ് വസന്തത്തെ വരവേൽക്കാനിരിക്കുകയാണ് ഹളർമൗത്ത്. നാട്ടിൽ നിന്നും വരുമ്പോൾ, കൊടും ചൂടോടെ മണൽക്കാറ്റ് വീശിയടിക്കുന്ന ജൂൺ മാസത്തിലാണ് ഞങ്ങൾ ഈ പാതയിലൂടെ കടന്നുപോയത്.
ഖുത്ൻ നഗരവും പിന്നിട്ട്, ഉച്ചയോടെ ഞങ്ങൾ അജ്‌ലാനിയ്യയിലെത്തി. റോഡരികിലെ ഒരു കുന്നിൻ ചെരുവിലായി ഞങ്ങളുടെ വാഹനം നിർത്തി. ഇവിടെയാണ് പ്രശസ്ത സ്വഹാബി, കഅബ് ബ്‌നു സുഹൈർ (റ) ന്റെ മഖ്ബറ എന്ന് യാത്രയിൽ ഞങ്ങളോടൊപ്പം ചേർന്ന യമനി, ഹുസൈൻ ബാഊദാൻ ഓർമിപ്പിച്ചു. റോഡിന്റെ ഇടതു വശത്ത് ഉയർന്ന് നിൽക്കുന്ന കുന്നിൽ ആർക്കും കാണാവുന്ന വിധത്തിൽ യമൻ ഗവൺമെന്റ്സ്ഥാപിച്ച ബോർഡ് കണ്ടു. അറബ് സാഹിത്യത്തിലെ അതുല്യ പ്രതിഭയും പ്രവാചക പ്രകീർത്തന കാവ്യമായ “ബാനത്തുസ്സുആദ’യുടെ രചയിതാവും തിരുദൂതർ (സ) യിൽ നിന്ന് നേരിട്ട് സാഹിത്യത്തിനുള്ള പുരസ്‌കാരം സ്വീകരിച്ച പ്രശസ്ത അറബിക്കവിയുമായ കഅബ് ബ്‌നു സുഹൈർ (റ) അന്ത്യവിശ്രമം കൊള്ളുന്ന മഖ്ബറക്ക് മുന്നിൽ കണ്ണടച്ച് ഞാനേറെ നേരം നിശ്ചലനായി നിന്നു.

തിരുദൂതർ (സ) യുടെയും ഇസ്്ലാമിക സമൂഹത്തിന്റെയും കൊടിയ വൈരിയായിരുന്നൊരു മനുഷ്യന് ഒരൊറ്റ കവിതയുടെ മാത്രം പിൻബലത്തിൽ പൂർവകാല തെറ്റുകളിൽ നിന്നെല്ലാം സംശുദ്ധനായിത്തീർന്നതിന്റെ ഉദ്വേഗജനകമായ കഥയാണ് മനസ്സിലേക്ക് ഓടിവരുന്നത്. മക്ക വിജയ കാലമായപ്പോഴേക്കും മക്കയിലെയും മദീനയിലെയും ഒട്ടുമിക്ക ആളുകളും ഇസ്്ലാമിലേക്ക് കടന്നുവന്നെങ്കിലും ചിലർ മാറിനിന്നു. അവരിൽ പ്രമുഖനായിരുന്നു ഹിജാസിലെ പ്രശസ്ത കവിയായിരുന്ന കഅബ് ബിൻ സുഹൈർ. തന്റെ സഹോദരൻ ബുജൈർ ബിൻ സുഹൈർ ഇസ്്ലാം സ്വീകരിച്ചപ്പോൾ അദ്ദേഹത്തെയും തിരുനബി(സ)യെയും പരിഹസിച്ചു കൊണ്ട് കഅബ് കവിതകൾ ആലപിച്ചു. തന്റെ മൂർച്ചയേറിയ കവിതകൾ ഇസ്്ലാമിനെതിരെ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ കഅബിനെ പ്രതിരോധിക്കാൻ പ്രവാചകർ നിർദേശം നൽകി.
ഈ വിവരം അറിഞ്ഞ സഹോദരൻ ബുജൈർ കഅബിന് കത്തെഴുതി: “ഇസ്്ലാമിന്റെ വിമർശകർ പലരും ഇസ്്ലാമിലേക്ക് കടന്നു വരികയും അല്ലാത്ത ചിലർ നാട് വിടുകയും ചെയ്തു. നിനക്ക് ഇനി രക്ഷ വേണമെങ്കിൽ പ്രവാചകരുടെ മുന്നിൽ വന്ന് മാപ്പിരക്കുക.’ ഈ നിർദേശം അദ്ദേഹം നിരസിക്കുകയും നാട് വിടാൻ തീരുമാനിക്കുകയും ചെയ്തു. പക്ഷേ, അദ്ദേഹത്തിന് അഭയം നൽകാൻ ആരും തയ്യാറായില്ല. ഇതോടെ അദ്ദേഹമൊരു ദൃഢനിശ്ചയമെടുത്തു; ഇസ്്ലാം ആശ്ലേഷിക്കുക തന്നെ! എന്നാൽ, ഒരു മുസ്്ലിമിന്റെയും കണ്ണിൽ പെടാതെ സത്യമതം എങ്ങനെ പുൽകും? ഇതായിരുന്നു അടുത്ത പ്രതിസന്ധി. അതിനും പ്രതിവിധി മനസ്സിലെത്തി; മുഖംമൂടിയണിഞ്ഞ് പ്രവാചക സന്നിധിയിലെത്തുക. സുരക്ഷ ഉറപ്പിച്ചതിനു ശേഷം മാത്രം മുഖം വെളിവാക്കുക! ഒടുവിൽ, വേഷപ്രഛന്നനായി കഅബ് പ്രവാചക സന്നിധിയിലെത്തുകയും സത്യവിശ്വാസം പുൽകുകയും ചെയ്തു.

ശേഷം, ഒരു കവിത ആലപിക്കാൻ തിരുനബി (സ)യോട് സമ്മതം തേടി. ചരിത്രത്തിൽ ഇടം നേടിയ ആ കവിതയാണ് ഖസ്വീദതു ബാനത് സുആദ്.
കവിതയുടെ ആമുഖം പിന്നിട്ടതോടെ താൻ വന്ന കാരണം ചുരുക്കി വിവരിച്ച് പ്രവാചക പ്രകീർത്തനത്തിലേക്ക് കടന്നു. അന്ന് വരെ കേൾക്കാത്ത രീതിയിലുള്ള മഹത്തായ വർണനകൾ, തിരുനബി(സ)യുടെ പ്രവർത്തനവും നിയോഗവും എല്ലാം ഒരു മഹാകവിയുടെ നാവിലൂടെ ഒഴുകുന്നത് കേട്ട അനുവാചകർ ആനന്ദ പുളകിതരായി. തിരുനബി(സ) തന്റെ കൈയിലുണ്ടായിരുന്ന പുതപ്പെടുത്ത് അദ്ദേഹത്തിനു സമ്മാനിച്ചു. 58 വരികളുള്ള പ്രവാചക പ്രകീർത്തന കാവ്യത്തിനുള്ള ആ പുരസ്‌കാരം തിരുനബി(സ)യിൽ നിന്നും അദ്ദേഹം സ്വീകരിച്ചു.
തന്റെ മരണശേഷം തിരുനബി(സ) സമ്മാനിച്ച ആ പുതപ്പ് കഅബിന്റെ കുടുംബം സൂക്ഷിച്ച് പോന്നു. പിന്നീട് ഉമവി ഭരണാധികാരി മുആവിയ(റ) 20,000 ദിർഹമിന് അത് വാങ്ങി. ശേഷം അവരിൽ നിന്ന് 40,000 ദിർഹമിനു അബ്ബാസിയ്യ ഭരണാധികാരി മൻസൂറും വാങ്ങിയെന്നാണ് ചരിത്രം.
ഇളം ചൂടുള്ള ഉച്ച വെയിലിൽ ഇശ്ഖിന്റെ മന്ദമാരുതനേറ്റ് അജ്‌ലാനിയ്യയിലെ ആ കുന്നിൽ വിശ്രമിക്കുന്ന പ്രവാചകാനുരാഗിയുടെ ചാരത്ത് നിന്നും ഏറെ വൈകാതെ ഞങ്ങൾ മടങ്ങി.